”ചിരിക്കണ്ടാ, ചാവാന്‍ കണക്കാക്കിത്തന്നെയാണ് വന്നിരിക്കുന്നത്, പൊരുതിച്ചാവാന്‍.” നാളുകളായി തേടിക്കൊണ്ടിരിക്കുന്ന ഇരയെ അടുത്തുകിട്ടിയ സന്തോഷത്തില്‍ അട്ടഹസിക്കുന്ന വില്ലനെ നോക്കി നായകന്‍ പറയുന്നതാണിത്. ”ഇനിയാര്‍ക്കാടാ എന്റെ ജീവന്‍ വേണ്ടത്. ചങ്കൂറ്റമുള്ളവരുണ്ടെങ്കില്‍ ഇറങ്ങിവാടാ. കൊല്ലണമെനിക്ക്, കൊതിതീരുംവരെ കൊല്ലണം.” മരണം സുനിശ്ചിതമാണെന്ന് മനസ്സ് പറയുമ്പോഴും കൈക്കരുത്തില്‍ ഏറെ മുന്നില്‍നില്‍ക്കുന്ന വില്ലനെ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ അടിച്ചുവീഴ്‌ത്തിയ ശേഷം നായകന്‍ വീണ്ടും വെല്ലുവിളിക്കുന്നു. പോലീസെത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഒരു നിമിഷം, പ്രതികാരവാഞ്ഛ അടക്കാനാവാതെ നായകന്‍ വില്ലനെ കുത്തിമലര്‍ത്തുന്നു. വിവരമറിഞ്ഞ് ഓടിക്കിതച്ചെത്തിയ പോലീസുകാരന്‍തന്നെയായ അച്ഛനുമുന്നില്‍ കലിയടങ്ങാതെ ചോരപുരണ്ട കത്തിയുമായി നില്‍ക്കുന്ന മകന്‍. ”മോനേ, കത്തി താഴെടെടാ. കത്തി താഴെടെടാ. നിന്റെ അച്ഛനാ പറയുന്നത് കത്തി താഴെടെടാ.” നെഞ്ചുതകര്‍ന്നുള്ള ഈ അപേക്ഷയ്‌ക്ക് കീഴടങ്ങുന്ന മകന്‍ കത്തി വലിച്ചെറിഞ്ഞ് രണ്ട് കയ്യും തലയില്‍വച്ച് വിലപിക്കുന്നു.
ജനപ്രിയ മലയാള സിനിമയുടെ വ്യാകരണം തിരുത്തിയ ‘കിരീടം’ എന്ന ചലച്ചിത്രത്തിന്റെ ക്ലൈമാക്‌സ് ഇങ്ങനെയായിരുന്നു. 1989-ല്‍ പ്രദര്‍ശനത്തിനെത്തിയ ഈ സിനിമയുടെ ചരിത്രം വിജയക്കൊടി പാറിച്ച മറ്റൊരു ചിത്രത്തിനും അവകാശപ്പെടാനാവില്ല. മൊബൈല്‍ ഫോണുകള്‍പോലും പ്രചാരത്തില്‍ വന്നിട്ടില്ലാത്ത ഒരുകാലത്ത്, ആകസ്മികമായി പലതും സംഭവിച്ച ഇരുപത്തിയെട്ട് ദിവസത്തെ ചിത്രീകരണത്തിലൂടെ പൂര്‍ത്തിയായ ഈ ചിത്രം ഇന്നും പ്രേക്ഷകര്‍ക്ക് നല്‍കുന്നത് പുത്തന്‍ കാഴ്ചാനുഭവമാണ്.
പണിക്കുറ തീര്‍ന്ന പാത്രസൃഷ്ടി
കണ്ടുമടുത്ത പോലീസ് കഥകള്‍ മലയാള സിനിമയില്‍ നിരവധിയുള്ളപ്പോഴാണ് ‘കിരീടം’ അവതരിക്കുന്നത്. മകന്‍ സേതുമാധവനെ (മോഹന്‍ലാല്‍) സബ് ഇന്‍സ്‌പെക്ടറാക്കുകയെന്നത് ജീവിതാഭിലാഷമാക്കിയ അച്യുതന്‍ നായര്‍ (തിലകന്‍) എന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ കുടുംബം വിധിയുടെ നിരന്തരമായ പ്രഹരമേറ്റ് തകരുന്നതാണ് കഥ. സ്വന്തം നാടായ ചാലക്കുടിയില്‍നിന്നുതന്നെയാണ് കഥയുടെ ബീജം കണ്ടെടുത്തതെന്ന് ‘കിരീട’ത്തിന്റെ യഥാര്‍ത്ഥ ഉടമാവകാശിയായ തിരക്കഥാകൃത്ത് ലോഹിതദാസ് പറഞ്ഞിട്ടുണ്ട്. ഭയംകൊണ്ട് നാട്ടുകാരെ അടക്കിഭരിച്ച ഒരു ഗുണ്ടയും അയാളെ അപ്രതീക്ഷിതമായി കൊലപ്പെടുത്തുന്ന സാധാരണക്കാരനുമാണ് കഥയുടെ ആദിരൂപങ്ങള്‍.
എന്തുകൊണ്ട് ഈ സിനിമ ഇപ്പോഴും പ്രേക്ഷകരുടെ രസാനുഭൂതികളിലേക്ക് സംക്രമിച്ചുകൊണ്ടിരിക്കുന്നു എന്നതിന് ഒറ്റവാക്കില്‍ ഉത്തരമുണ്ട്- എ.കെ. ലോഹിതദാസ്. സ്‌ത്രൈണമായ ചേരുവകളില്‍ കുഴച്ചെടുക്കുന്ന ജയിക്കാനായ് ജനിച്ച നായക സങ്കല്‍പ്പത്തെ പൊളിച്ചെഴുതി, ചോരയും നീരുമുള്ള മനുഷ്യര്‍ക്കിടയില്‍നിന്ന് കഥാപാത്രങ്ങളെ സൃഷ്ടിക്കുകയായിരുന്നു ലോഹിതദാസ്. ‘തനിയാവര്‍ത്തന’ത്തിലെ ബാലന്‍ മാഷ് (മമ്മൂട്ടി), മഹായാനത്തിലെ ചന്ദ്രു (മമ്മൂട്ടി), ഭരതത്തിലെ കല്ലിയൂര്‍ ഗോപിനാഥന്‍ (മോഹന്‍ലാല്‍), അമരത്തിലെ അച്ചൂട്ടി (മമ്മൂട്ടി), ധനത്തിലെ ശിവശങ്കരന്‍ (മോഹന്‍ലാല്‍), കമലദളത്തിലെ നന്ദഗോപന്‍ (മോഹന്‍ലാല്‍), വെങ്കലത്തിലെ ഗോപാലന്‍ (മുരളി), ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍ (മമ്മൂട്ടി), കന്മദത്തിലെ ഭാനുമതി (മഞ്ജുവാര്യര്‍) തുടങ്ങിയ ലോഹിയുടെ കഥാപാത്രങ്ങള്‍ മാനുഷികമായ കരുത്തും ദൗര്‍ബല്യങ്ങളും ഉള്ളവരാണ്.
ഈ നിരയില്‍ വരുന്നതാണെങ്കിലും ലോഹിതദാസിന്റെ പണിക്കുറ തീര്‍ന്ന പാത്രസൃഷ്ടിയാണ് ‘കിരീട’ത്തിലെ സേതുമാധവന്‍. ഇതുപോലൊരു കഥാപാത്രത്തെ അതിനുമുന്‍പോ പിന്‍പോ മലയാള സിനിമ കണ്ടിട്ടില്ല എന്നുപറയാം. ലോഹിയുടെ മറ്റു പല നായകന്മാരിലും ഒരു സേതുമാധവനുള്ളത് സൂക്ഷ്മനിരീക്ഷണത്തില്‍ കാണാനുമാവും. തിരക്കഥാകൃത്തെന്ന നിലയില്‍ ലോഹി ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രവുമാണ് ‘കിരീട’ത്തിലെ സേതു.
നടനത്തില്‍ കാലിടറാത്ത മഹാനടന്മാര്‍
കിരീടം എന്ന സിനിമയെ മലയാളി നെഞ്ചോട് ചേര്‍ത്തതിനുപിന്നില്‍ അച്ഛനും മകനുമായി വേഷമിട്ട തിലകനും മോഹന്‍ലാലും കാഴ്ചവച്ച അഭിനയ മുഹൂര്‍ത്തങ്ങളാണ്. സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഒരിടത്തുപോലും ഈ മഹാനടന്മാര്‍ക്ക് കാലിടറുന്നില്ല. വില്ലന് പിടികൊടുക്കാതെ എവിടെയെങ്കിലും പോയി ജീവിക്കാനാഗ്രഹിക്കുന്ന നിമിഷം തന്റെ അമ്മയും സഹോദരങ്ങളും ആക്രമിക്കപ്പെട്ട വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന സേതുമാധവന്‍, അതു വിലക്കുന്ന ആത്മസുഹൃത്ത് കേശുവിനോട് (ശ്രീനാഥ്) പറയുന്നത് ഇങ്ങനെയാണ്: ”നമ്മള്‍ പിരിയുകയാണ്. ഞാന്‍ മരിച്ചുപോയാല്‍ എന്റെ അച്ഛനെ കണ്ട് നീ പറയണം. ലോകത്തൊരാളും ഇത്രമാത്രം സ്‌നേഹിച്ചിട്ടില്ലെന്ന്. എല്ലാ മോഹങ്ങളും ഞാന്‍ തകര്‍ത്തു. മാപ്പ് പറഞ്ഞുവെന്ന് പറയണം.”
സിനിമയുടെ അന്ത്യത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ മുന്നില്‍വന്ന് കൊലക്കേസില്‍ പ്രതിയായ മകനെക്കുറിച്ച് അച്യുതന്‍ നായര്‍ പറയുന്നു: ”സേതുമാധവന്റെ പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടാണിത് സാര്‍. അയാള്‍ക്ക് യോഗ്യതയില്ല. അയാള്‍ ഒരു നൊട്ടോറിയസ് ക്രിമിനലാണ്. ” മോഹന്‍ലാലും തിലകനും ഫോക്കസ് ചെയ്യപ്പെടുന്ന വ്യത്യസ്തമായ ഈ രംഗങ്ങളില്‍ രണ്ട് നടന്മാരും അഭിനയിക്കുകയല്ല, ജീവിക്കുകതന്നെയാണ്.
ആസന്നമായ ദുരന്തത്തിലേക്ക് വലിച്ചിഴക്കപ്പെടുകയാണ് മകന്‍ എന്നറിയാമായിരുന്നിട്ടും അടിപിടിക്കേസില്‍ പിടിയിലായി ലോക്കപ്പിലിട്ടിരിക്കുന്ന സേതുമാധവനെ, പ്രതീക്ഷകള്‍ ചോര്‍ന്നുപോകുന്നതിലുള്ള സങ്കടം സഹിക്കാനാവാതെ അച്യുതന്‍ നായര്‍ മര്‍ദ്ദിക്കുന്ന ഒരു രംഗമുണ്ട്. മലയാള സിനിമയിലൊരിടത്തും ഇതുപോലൊരു രംഗം കാണാനാവില്ല. ഈ രംഗത്തില്‍ ആദ്യം അഭിനയിച്ച തിലകന്‍ അനുഭവിച്ച വൈകാരിക ക്ഷോഭം സംവിധായകന്‍ സിബി മലയില്‍ പില്‍ക്കാലത്ത് വിവരിച്ചിട്ടുണ്ട്. റീടേക്ക് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് നെഞ്ച് വേദനിക്കുന്നുവെന്നും, ഇനിയും ഈ രംഗത്തില്‍ അഭിനയിച്ചാല്‍ താന്‍ ഹൃദയം തകര്‍ന്നു മരിച്ചുപോകുമെന്നുമാണ് തിലകന്‍ പറഞ്ഞത്. എങ്കിലും റീടേക്കിന് സമ്മതിച്ചു. തിലകനിലെ നടനസിംഹം സടകുടഞ്ഞെഴുന്നേല്‍ക്കുന്നതാണ് ഈ രംഗത്തില്‍ കാണുന്നത്.
കഥാപാത്രമായി ‘കിരീടം’ പാലവും
‘കിരീട’ത്തിലെ സേതുമാധവനെ ഇത്രമേല്‍ സ്‌നേഹിച്ചത് അച്ഛന്‍ അച്യുതന്‍ നായര്‍ മാത്രമല്ല, ആ സിനിമ ആവര്‍ത്തിച്ചാവര്‍ത്തിച്ചു കണ്ട പ്രേക്ഷകരുമാണ്. സേതുവിന്റെ വിധിയില്‍ തകര്‍ന്നുപോകുന്നത് അയാളുടെ കുടുംബം മാത്രമല്ല, പ്രേക്ഷകര്‍ കൂടിയാണ്. അനിവാര്യമായ ദുരന്തവിധിയില്‍നിന്ന് സേതുമാധവന്‍ എങ്ങനെയെങ്കിലും ഒന്നു രക്ഷപ്പെട്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത പ്രേക്ഷകരുണ്ടാവില്ല. നിരര്‍ത്ഥകമെങ്കിലും അബോധപൂര്‍വമായ ഈ അഭിവാഞ്ഛയാണ് കിരീടം എന്ന സിനിമ വീണ്ടും വീണ്ടും കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്.
മോഹന്‍ലാല്‍ അവതരിപ്പിച്ച സേതുമാധവനെ മാത്രമല്ല, ചിത്രത്തില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു പാലത്തിനുപോലും കഥാപാത്രത്തിന്റെ പരിഗണന ലഭിച്ചു. മുറപ്പെണ്ണായ ദേവിയുമായി (പാര്‍വതി ജയറാം) പ്രണയനിര്‍ഭരമായും, പിന്നീട് വേര്‍പാടിന്റെ വേദനയോടെ സേതു ഒറ്റയ്‌ക്കും ഈ പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. വെള്ളിത്തിര വിട്ട് ഇറങ്ങിവരുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷക മനസ്സില്‍ കൂടുകൂട്ടുന്നത് അവ വിഹരിക്കുന്ന പശ്ചാത്തലത്തോടുകൂടിയാണ്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തെ ചിലയിടങ്ങളിലായിരുന്നു. വെള്ളായണി തടാകത്തില്‍ ചെന്നുചേരുന്ന നേമം കന്നുകാലിത്തോടിനു കുറുകെയുള്ള ഈ പാലം ‘കിരീടം പാലം’ എന്നറിയപ്പെട്ടത് അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ഭരതന്‍- പത്മരാജന്‍ ടീമിന്റെ ‘രതിനിര്‍വേദം’ സിനിമയിലെ കഥാപാത്രമായ ജയഭാരതിയുടെ പേരില്‍ സിനിമ ചിത്രീകരിച്ച നെല്ലിയാമ്പതിയില്‍ ഒരു ‘ജയഭാരതിക്കുളം’ ഉണ്ടായത് ഇവിടെ ഓര്‍ക്കാവുന്നതാണ്.
കീരിക്കാടന്‍ എന്ന നിയോഗം
കഥാപാത്രങ്ങള്‍ക്കെന്നപോലെ ഈ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടും ആകസ്മികമായി പലതും സംഭവിക്കുകയുണ്ടായി. ഇതിലൊന്നാണ് കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച മോഹന്‍രാജ് എന്ന നടന്റെ കാസ്റ്റിങ്. ബൈന്‍ഡ് ചെയ്ത തിരക്കഥയുടെ കോപ്പി വായിച്ച മോഹന്‍ലാല്‍ നിര്‍മാതാവായ എസ്.കൃഷ്ണകുമാറിനോട് (കിരീടം ഉണ്ണി) ഒരൊറ്റ കാര്യമേ ചോദിച്ചുള്ളൂ-ആരായിരിക്കും വില്ലനെ അവതരിപ്പിക്കുക? ചിത്രത്തിലെ നായകനൊപ്പമാണ്, ചിലപ്പോഴൊക്കെ ഒരുപടി മുകളിലാണ് കീരിക്കാടന്‍ എന്ന കഥാപാത്രം. വില്ലന്‍ വിജയിക്കാതെ പോയാല്‍ നായകനും പരാജയപ്പെടുമെന്നുറപ്പ്. ഇതറിഞ്ഞായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം.
കീരിക്കാടന്‍ ജോസിനെ അവതരിപ്പിക്കാന്‍ കണ്ടുവച്ചിരുന്ന തെലുങ്ക്-തമിഴ് നടന്‍ പ്രദീപ് ശക്തി അവസാന നിമിഷം പിന്മാറിയതിന്റെ ഒഴിവിലാണ് മോഹന്‍രാജ് എന്ന ആജാനുബാഹു ‘കിരീട’ത്തിലേക്ക് പ്രവേശിക്കുന്നത്. മോഹന്‍ലാല്‍ നായകനായ ‘മൂന്നാംമുറ’യില്‍ അഭിനയിച്ചിരുന്ന മോഹന്‍രാജിനെ കണ്ടമാത്രയില്‍ത്തന്നെ തിരക്കഥാകൃത്ത് ലോഹിതദാസ് ‘ഇതുതന്നെ കീരിക്കാടന്‍’ എന്നുറപ്പിച്ചു. അഭിനയപാരമ്പര്യമൊന്നും ഇല്ലാതിരുന്നിട്ടും ‘കിരീട’ത്തില്‍ കീരിക്കാടനായി മോഹന്‍രാജ് നിറഞ്ഞു. അത് ലക്ഷണമൊത്ത ഒരു വില്ലന്റെ പിറവിയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഈ നടന്‍ വില്ലനായെങ്കിലും പ്രേക്ഷകരെ വിറപ്പിച്ച കിരീടത്തിലെ കീരിക്കാടനാവാന്‍ കഴിഞ്ഞില്ല. മോഹന്‍രാജ് എന്ന ശരിക്കുള്ള പേര് അപ്രത്യക്ഷമാവുകയും, കീരിക്കാടന്‍ ജോസായി അറിയപ്പെടാനും തുടങ്ങി. പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ഒരു കഥാപാത്രത്തിന്റെ ശക്തിയാണിത്.
നടന്മാരുടെ ജാതകം മാറുന്നു
അതുവരെയുള്ള ട്രാക്‌റെക്കോഡില്‍നിന്ന് ‘കിരീടം’ മുതല്‍ വിപരീതദിശയില്‍ സഞ്ചരിച്ച ഒരു നടനുണ്ട്- കൊച്ചിന്‍ ഹനീഫ. പൊതുവെ വില്ലനായി മാത്രം ചിത്രങ്ങളില്‍ സ്ഥാനംപിടിച്ചിരുന്ന ഹനീഫ കിരീടത്തിലെ ഹൈദ്രോസു മുതല്‍ ഹാസ്യകഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ഒരൊറ്റ വില്ലന്‍ വേഷവും ലഭിക്കാത്തവിധത്തില്‍ ഈ നടന്റെ ജാതകംതന്നെ ‘കിരീടം’ മാറ്റിക്കളഞ്ഞു. ഹൈദ്രോസിനെ അവതരിപ്പിക്കാനിരുന്നത് ജോണിയാണ്. ഈ നടനും കിരീടത്തില്‍ മറ്റൊരു നിയോഗമായിരുന്നു. കീരിക്കാടന്‍ ജോസിന്റെ വലംകയ്യായ പരമേശ്വരന്‍ എന്ന ഗുണ്ടയെ ജോണി ഉജ്വലമാക്കി. ”ടാ, രക്ഷപ്പെട്ടുപൊയ്‌ക്കോ. ഇരുപത്തിനാലു മണിക്കൂറിനകം നിന്റെ കയ്യുംകാലും വെട്ടിയെറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ പരമേശ്വരന്‍ സ്വയം കുത്തി മരിക്കുമെടാ.” സംഘട്ടനത്തില്‍ കീഴ്‌പ്പെടുത്തിയശേഷം വെറുതെവിടുന്ന സേതുമാധവനെ നോക്കി പരമേശ്വരന്‍ പറയുന്ന ഈ ഒരൊറ്റ ഡയലോഗു മതി ആ കഥാപാത്രത്തിന്റെ കരുത്തറിയാന്‍. ജഗതി ശ്രീകുമാറിന്റെ കരിയറിലും എണ്ണംപറഞ്ഞ കഥാപാത്രമാണ് കിരീടത്തിലെ രമണന്‍. സിറ്റ്വേഷണല്‍ കോമഡിയിലൂടെ കിരീടത്തില്‍ ജഗതി സൃഷ്ടിച്ച ചിരിയുടെ അലകള്‍ ചിത്രം എത്രവട്ടം കണ്ടാലും ഒടുങ്ങുന്നതല്ല. ‘കിരീട’ത്തിലെ അമ്മുവിനെ വെല്ലുന്ന കവിയൂര്‍ പൊന്നമ്മയുടെ മറ്റൊരു അമ്മ വേഷം കണ്ടെത്തുക പ്രയാസം. സേതുവിന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മ നിറഞ്ഞുനിന്നു. ഈ അമ്മയും മകനും മലയാളസിനിമയുടെ സൗഭാഗ്യമാണ്.
ചലച്ചിത്രത്തിന്റെ ചരിത്രാനുഭവം
ആദ്യവസാനം ചടുലമായ ആഖ്യാനരീതിയാണ് കിരീടത്തിന്റേത്. പതിനാല് സിനിമകളില്‍ ലോഹിതദാസിനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും സിബി മലയില്‍ എന്ന സംവിധായകന്റെ ക്രാഫ്റ്റ് കണിശമായ രീതിയില്‍ പ്രവര്‍ത്തിച്ചത് കിരീടത്തിലാണ്. ക്യാമറാമാന്‍ എസ്. കുമാറിന്റെ കറതീര്‍ന്ന ഫ്രെയിമുകള്‍ കാലത്തെ അതിജീവിക്കുന്നു. മറ്റൊരു സിനിമയുടെ സെറ്റില്‍നിന്ന് തിലകനെ ഒരു മണിക്കൂര്‍ നേരത്തെ ഇടവേളയില്‍ വിളിച്ചുവരുത്തിയാണ് ക്ലൈമാക്‌സ് ചിത്രീകരിച്ചത്. നനുത്ത മഴ പെയ്തുകൊണ്ടിരിക്കെ വെളിച്ചം കുറവായതിനാലാണ് സേതുമാധവന്‍ തലയില്‍ കൈവച്ച് വിലപിക്കുന്ന ദൃശ്യം സ്‌കൈഷോട്ടാക്കിയത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും നല്ല ക്ലൈമാക്‌സുകളിലൊന്നായാണ് ഇത് പരിഗണിക്കപ്പെടുന്നത്.
മലയാളത്തിനു പുറമെ മറ്റ് നാല് ഭാഷകളില്‍ക്കൂടി ‘കിരീടം’ റീമേക്കു ചെയ്യപ്പെട്ടു. തെലുങ്കില്‍ റൗഡിയിസം നസിഞ്ചാലി-1990, കന്നഡയില്‍ മൊഡാദ മാരെയല്ലി-1991, ഹിന്ദിയില്‍ ഗര്‍ദ്ദിഷ്-1993, തമിഴില്‍ അജിത് നായകനായി കിരീടം -2007. ഗര്‍ദ്ദിഷില്‍ സേതുമാധവന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ജാക്കി ഷിറോഫ് മോഹന്‍ലാലിന്റെ അഭിനയ വൈഭവത്തിനുമുന്നില്‍ തലകുനിച്ചുവത്രേ. ട്രെന്റ് സെറ്ററായ പല സിനിമകളും അധികം വൈകാതെ കാലഹരണപ്പെടുക പതിവാണ്. എന്നാല്‍ മുപ്പത് വര്‍ഷമായിട്ടും പ്രേക്ഷക സമക്ഷം പുതുമയോടെ നിലനില്‍ക്കാന്‍ ‘കിരീടം’ സിനിമയ്‌ക്കാവുന്നത് ചലച്ചിത്രകലയുടെ ചരിത്രാനുഭവം തന്നെയാണ്.
ദിനേശ് പണിക്കര്‍, കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. സിനിമയുടെ വന്‍ വിജയത്തോടെ കൃഷ്ണകുമാര്‍ ‘കിരീടം ഉണ്ണി’ എന്ന പേരില്‍ പ്രശസ്തനായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: