Categories: Samskriti

‘ഉച്ചത്തില്‍ സന്ധ്യക്ക് നാമജപം….’

Published by

‘ശിവം ഭവതു കല്യാണം  

ആയുരാരോഗ്യ വര്‍ധനം  

മമ ദുഃഖവിനാശായ  

സന്ധ്യാദീപം നമോസ്തുതേ…’

നേരമില്ലായ്മയിലെ തിരക്കിലൊഴുകിപ്പോയതാണ് ത്രിസന്ധ്യയിലെ നാമജപങ്ങള്‍. മുതിര്‍ന്നവര്‍ക്ക് ജോലിത്തിരക്ക്. കുട്ടികള്‍ക്ക് പഠനത്തിരക്ക്. സന്ധ്യാനേരത്ത് വിളക്കുകൊളുത്താനും ഉമ്മറത്തിരുന്ന് നാമം ചൊല്ലാനും മനസ്സു കൊതിച്ചാലും നടക്കാതെ പോയ നാളുകള്‍.  കൊറോണയെ ഭയന്നുള്ള ഈ ‘വീട്ടിലിരിപ്പ്’   കാലത്ത് അതെല്ലാം തിരിച്ചെടുക്കാം. ഒന്നിച്ചിരുന്നുള്ള സന്ധ്യാനാമജപങ്ങള്‍ കുടുംബബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കട്ടെ.

സന്ധ്യവിളക്കു കൊളുത്തി കുടുംബാംഗങ്ങളെല്ലാം ഒത്തു ചേര്‍ന്നുള്ള പ്രാര്‍ഥനകള്‍ പുതുതലമുറയ്‌ക്ക് കാണാകാഴ്ചയാണ്. മുമ്പ്, മൂവന്തിയോളം മുറ്റത്തോടിക്കളിച്ചിരുന്ന കുട്ടികള്‍ക്ക് മുത്തശ്ശിമാരുടെ താക്കീതുയരും. കളിനിര്‍ത്തി കുളികഴിഞ്ഞെത്താന്‍. വിളക്കുകൊളുത്തി ചമ്രം പടിഞ്ഞിരുന്ന് നാമങ്ങള്‍ ചൊല്ലാന്‍. അതുകഴിഞ്ഞായിരുന്നു ഗൃഹപാഠവും എഴുത്തും എഞ്ചുവടിയുമെല്ലാം..  അങ്ങനെയൊരു കാലമുണ്ടായിരുന്നെന്ന് ഇന്നത്തെ കുട്ടികള്‍ കണ്ടറിയട്ടെ.   ഒരുമിച്ചിരുന്ന്  അവര്‍ നാമം ജപിക്കട്ടെ.  

നാമജപത്തിലൂടെ മനസ്സ് ഏകാഗ്രമാകുന്നു. ചിന്തകള്‍ ശുദ്ധീകരിക്കപ്പെടുന്നു. ഭക്തിപൂര്‍വം ചൊല്ലുന്ന നാമം ഏതു ക്ലേശങ്ങളെയും അതിജീവിക്കാന്‍ തുണയാകുന്നു.  

സന്ധ്യാനാമത്തിന് ഒരുങ്ങും മുമ്പ് വീട് അടിച്ചുവാരി  വൃത്തിയാക്കണം. നിലത്ത് വെള്ളം തളിച്ച ശേഷമാവണം നിലവക്ക് കൊളുത്തി പ്രാര്‍ഥിക്കാനിരിക്കേണ്ടത്. പഞ്ചഭൂതം, മനസ്സ്, നാദം, ബിന്ദു, കല എന്നവയുടെ  പ്രതീകമാണ് നിലവിളക്ക്. വെറും നിലത്ത് നിലവിളക്ക് വയ്‌ക്കരുത്. പീഠത്തിലോ, തളികയിലോ വയ്‌ക്കുക.    

കുളികഴിഞ്ഞ്, അല്ലെങ്കില്‍ കൈകാല്‍ കഴുകി വേണം നാമജപത്തിന് ഇരിക്കാന്‍. ആ സമയത്ത് ടിവി വയ്‌ക്കാതിരിക്കാം. ഫോണിലൂടെ തെന്നിയോടാതെ വിരലുകള്‍ കൂപ്പുകൈകളില്‍ ചേര്‍ന്നിരിക്കട്ടെ. മനസ്സ് ധ്യാനനിരതമാക്കാം.  

‘രാമരാമ രാമരാമ രാമരാമ പാഹിമാം…’, ‘അച്യുതം കേശവം…,’ ‘ഹരേ രാമ ഹരേ രാമ…’ തുടങ്ങി ഗൃഹാതുരത്വമുണര്‍ത്തുന്ന എത്രയോ നാമാവലികളുണ്ട്. എല്ലാം ഓര്‍ത്തെടുത്ത് ഉറക്കെ ജപിക്കുക. ദുര്‍ദേവതകളും മഹാമാരികളും പരിസരത്തെങ്ങും വരാതെ മാറിയകന്നു പോകും. പകരം ഈശ്വരാനുഗ്രഹവും സര്‍വൈശ്വങ്ങളും  ഉമ്മറപ്പടികയറിയെത്തും.  

കുട്ടികള്‍ സന്ധ്യക്ക് സരസ്വതി മന്ത്രം ജപിച്ചാല്‍ അലസത മാറി പഠനത്തില്‍ മുന്നേറുമെന്നാണ് വിശ്വാസം. അതോടൊപ്പം യശസ്സും വര്‍ധിക്കും. കുട്ടികള്‍ക്ക് ചൊല്ലാവുന്ന ചില സരസ്വതി മന്ത്രങ്ങള്‍:    

‘സരസ്വതീ നമസ്തുഭ്യം

വരദേ കാമരൂപിണീ

വിദ്യാരംഭം കരിഷ്യാമി  

സിദ്ധിര്‍ഭവതുമേ സദാ’

‘ബുദ്ധിം ദേഹി യശോദേഹി

കവിത്വം ദേഹി ദേഹിമേ

മൂഢത്വം സംഹരാദേവീ

ത്രാഹിമാം ശരണാഗതം’

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by