തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ ലോക്ക് ഡൗണ്‍ ചെയ്ത സാഹചര്യത്തില്‍ സ്ഥിരം മദ്യപാനികള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയപ്പുമായി ആരോഗ്യ വകുപ്പ്. മദ്യലഭ്യതയുടെ കുറവിനെ തുടര്‍ന്ന് സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ ഏറെ ശ്രദ്ധിക്കണം. മദ്യാസക്തി മൂലമുണ്ടാകുന്ന ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം നിസാരമായി കാണരുത്. ഇതുമൂലമുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതര പ്രശ്നങ്ങളോ എന്തിന് ആത്മഹത്യയില്‍പ്പോലും കൊണ്ടെത്തിക്കും. ഇത് മുന്നില്‍ കണ്ട് മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
കോവിഡ് 19 ഐസോലേഷന്‍ ചികിത്സയ്‌ക്ക് പ്രധാന ആശുപത്രികളെ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ലഹരിമുക്ത ചികിത്സയ്‌ക്കുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. മാനസികാരോഗ്യത്തിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആശ്വാസ് ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരക്കാരെ ചികിത്സിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. മാനസികാരോഗ്യ പരിപാടി വഴി എല്ലാ കേന്ദ്രങ്ങളിലും ഇതിനുവേണ്ട മരുന്നുകളും എത്തിച്ചു. എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഈ കേന്ദ്രങ്ങളിലെത്തിയാല്‍ മതി. കൂടുതല്‍ ചികിത്സ ആവശ്യമാണെങ്കില്‍ താലൂക്ക്, ജനറല്‍, ജില്ലാതല ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നതാണ്. എല്ലാ ജില്ലകളിലും ഇവരുടെ ചികിത്സയ്‌ക്കായി 20 കിടക്കകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണത്തില്‍ ഉള്ളവരാണ് ഇത്തരക്കാരെങ്കില്‍ അവരെ ഐസൊലേഷനില്‍ ചികിത്സിക്കുന്നതാണ്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന ബോധവത്ക്കരണവും നടത്തുന്നുണ്ട്.
ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- സ്ഥിരമായി മദ്യപിച്ചു കൊണ്ടിരിക്കുന്നവര്‍ അതായത് എല്ലാ ദിവസവും മദ്യപിച്ച് കൊണ്ടിരുന്നവര്‍ ഏറെ ശ്രദ്ധിക്കണം.
- അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയര്‍പ്പ്, മനംപിരട്ടല്‍, ശര്‍ദ്ദി, ഉത്കണ്ഠ, സങ്കോചം, വിറയല്‍, ശക്തമായ തലവേദന, അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടണം. സ്ഥിരമായി മദ്യപിക്കുന്നവര്‍ മദ്യപാനം നിര്‍ത്തി ഏതാനും ദിവസങ്ങള്‍ക്കകം ഈ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആള്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം ആകാന്‍ സാധ്യതയുണ്ട്.
- ഈ ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകണം. പനിയോ ജലദോഷമോ അങ്ങനെ എന്തെങ്കിലും അസുഖം ഉണ്ടെങ്കില്‍ അത് ഉറപ്പായും അറിയിക്കണം.
- ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം ചികിത്സകൊണ്ട് സുഖപ്പെടും. പക്ഷേ ചികിത്സിക്കാതിരുന്നാല്‍ ചിലപ്പോള്‍ ഡിലീരിയം ആകാന്‍ സാധ്യതയുണ്ട്. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കണം.
- സാനിറ്റൈസറില്‍ അടങ്ങിയിട്ടുള്ള ഐസോ പ്രൊപ്പൈല്‍ ആല്‍ക്കഹോള്‍ വിഷമാണ്. മദ്യത്തിന് പകരമായി ഇത് ഉപയോഗിച്ചാല്‍ മരണം വരെ സംഭവിക്കാം. അതിനാല്‍ ലഹരിക്കായി മറ്റേതെങ്കിലും രീതി ഒരിക്കലും തെരഞ്ഞെടുക്കരുത്. ഈ അവസ്ഥയില്‍ മറ്റൊരു അപകടം കൂടി ക്ഷണിച്ചു വരുത്തുന്നതാകും അത്.
- സഹായത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ നമ്പരിലേക്കോ (1056, 0471 2552056) ജില്ല മാനസികാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍മാരുടെ നമ്പരുകളിലേക്കോ വിളിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: