കോഴിക്കോട്: ‘രാമേട്ടന്‍ പൊള്ളിച്ചപ്പോള്‍’ മന്ത്രി തന്നെ നേരിട്ടിറങ്ങി ചികിത്സ തുടങ്ങി. ഡോക്ടറേറ്റില്‍ ഡോക്ടറുള്ളതിനാല്‍ തനിക്കതിന് അര്‍ഹതയുണ്ടെന്ന തരത്തിലാണ് നേരിട്ട് ഇറങ്ങിയത്. പക്ഷേ, അത് പത്രം വഴിയാണെന്നു മാത്രം. ചൊവ്വാഴ്ച (മാര്‍ച്ച് 24) ജമാഅത്തെ ഇസ്ലാമി പത്രം പ്രസിദ്ധീകരിച്ച ഒന്നാം പേജിലെ പോക്കറ്റ് കാര്‍ട്ടൂണാണ് ഡോ.കെ.ടി. ജലീലിനെ പൊള്ളിച്ചത്. ഇറ്റലിയിലെ കൊറോണാ ഭീഷണി നേരിടാനായി ക്യൂബന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങിയ ഡോക്ടര്‍മാരുടെ ഒരുസംഘം അവിടെയെത്തിയത് പരാമര്‍ശിച്ചു കൊണ്ടായിരുന്നു കാര്‍ട്ടൂണിലെ പരാമര്‍ശം.
പിണറായി വിജയന്‍, തോമസ് ഐസക് എന്നിവര്‍ ഒരു ചിത്രത്തിലേക്ക് നോക്കിനില്‍ക്കുന്നതും രാമേട്ടന്‍ വിശദീകരണം നല്‍കുന്നതുമായിരുന്നു പോക്കറ്റ് കാര്‍ട്ടൂണില്‍ പരാമര്‍ശിച്ചിരുന്നത്. അതിനെക്കുറിച്ച് മന്ത്രി ജലീലില്‍ ഇന്നലെ (മാര്‍ച്ച് 26) ദേശാഭിമാനിയില്‍ എഴുതിയ മിഡില്‍പീസില്‍ വേദനയും രോഷവും വഴിഞ്ഞൊഴുകുന്നുണ്ട്. ‘കാര്‍ട്ടൂണിലൊളിപ്പിച്ച ഇരട്ടത്താപ്പ്’ എന്നാണ് തലക്കെട്ട്.
‘കാര്‍ട്ടൂണ്‍കൊണ്ട് ഉദ്ദേശിച്ചത്, സംഘികള്‍ക്ക്, അവര്‍ക്കറിയാവുന്ന ഭാഷയില്‍ ചെഗുവേരയെ രാമേട്ടന്‍ പരിചയപ്പെടുത്തിക്കെടുക്കുകയാണെന്നാണ് വേണുവിന്റെ ഭാഷ്യം. പിണറായിയുടെയും തോമസ് ഐസക്കിന്റെയും രൂപഭാവങ്ങള്‍ക്കു പകരം കെ. സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ഛായയുള്ളവരോടായിരുന്നു രാമേട്ടന്‍ വിവാദ അഭിപ്രായം പറഞ്ഞിരുന്നതെങ്കില്‍ കാര്‍ട്ടൂണിസ്റ്റിന്റെ വിശദീകരണം ജനങ്ങള്‍ക്ക് ബോധിക്കുമായിരുന്നു” എന്ന് ജലീല്‍ എഴുതുന്നു. ചെഗുവെരയെപറ്റി പരാമര്‍ശിച്ചപ്പോള്‍ വല്ലാതെ വേദനിച്ച ജലീല്‍ ഒരു കേന്ദ്രമന്ത്രിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞപ്പോള്‍ അതിനെ കൈകൊട്ടി പ്രോത്സാഹിപ്പിക്കുകയായിരുന്നു.
ഇത്രയും നിരീക്ഷണബുദ്ധിയും വൈകാരിക വിക്ഷുബ്ധതയും പ്രകടിപ്പിക്കുന്ന മന്ത്രി എന്തേ അഞ്ചാറു ദിവസം മുമ്പ് കേന്ദ്ര മന്ത്രി വി. മുരളീധരനെ അടച്ചാക്ഷേപിച്ചുകൊണ്ട് ‘ദേശാഭിമാനി’യില്‍ പോക്കറ്റ് കാര്‍ട്ടൂണ്‍ വന്നത് കണ്ടില്ല. കോവിഡ് പശ്ചാത്തലത്തില്‍ പുലര്‍ത്തേണ്ട മര്യാദയും കരുതലും ഒരു സാമൂഹികപ്രവര്‍ത്തകന്‍ സ്വജീവിതത്തില്‍ പു
ലര്‍ത്തിയതിനെ മ്ലേച്ഛഭാഷയിലല്ലേ ‘ദേശാഭിമാനി’ യുടെ ‘ഹെഡ്മാഷ് ‘വിശേഷിപ്പിച്ചത്. മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പോയപ്പോള്‍ ‘ചാണകവും ഗോമൂത്രവും കഴിക്കാന്‍ നേരമായി’ എന്ന കമന്റിലൂടെ അപമാനിക്കുകയായിരുന്നു. കൊറോണയേക്കാള്‍ ഭീകരമായ വൈറസുകള്‍ എങ്ങനെയാണ് അക്ഷരങ്ങളിലൂടെ പടരുന്നതെന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമായിരുന്നു ദേശാഭിമാനിയുടെ അപമാനകരമായ പോക്കറ്റ് കാര്‍ട്ടൂണ്‍. അതിനെതിരെ മൃദുലമായ ഒരു ശാസന പോലും നടത്താത്തവരുടെ സംഘത്തില്‍ പെട്ട ഡോ. ജലീല്‍ ഇപ്പോള്‍ ‘രാമേട്ട’നെതിരെ ഉറഞ്ഞുതുള്ളുന്നത് പരിഹാസ്യമല്ലെങ്കില്‍ മറ്റെന്ത്? കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നു പറയുന്നത് വെറുതെയല്ലല്ലോ.
‘എഴുത്തുകാരനേക്കാള്‍ അവധാനത പുലര്‍ത്തേണ്ടത് കാര്‍ട്ടൂണിസ്റ്റുകളാണെന്ന തിരിച്ചറിവാണ് ഇതു നല്‍കുന്നത് ‘ എന്ന് ചൂണ്ടിക്കാട്ടി കുറിപ്പ് അവസാനിപ്പിക്കുന്ന ജലീലിനും വൈതാളികര്‍ക്കും ഇത് തങ്ങള്‍ക്കും ബാധകമാണെന്ന പ്രാഥമിക തിരിച്ചറിവാണ് ഉണ്ടാവേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: