ആലപ്പുഴ: പ്രതിഷേധമുയര്‍ന്നതോടെ ഹോമിയോ മരുന്നു നിര്‍മാണ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ ഹോംകോയില്‍ സാനിറ്റൈസര്‍ നിര്‍മാണം തുടങ്ങി. അര ലക്ഷത്തിലേറെ ബോട്ടില്‍സാനിറ്റെസര്‍ നിര്‍മിച്ചതായി അധികൃതര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും ഇവിടെ സാനിറ്റൈസര്‍ നിര്‍മിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് ഉത്പാദനം വൈകിച്ചത്. സാനിറ്റൈസര്‍ നിര്‍മിക്കുന്നതിന് ആവശ്യമായ 35,000 ലിറ്ററോളം സ്പിരിറ്റ് സ്റ്റോക്കുണ്ടായിരുന്നിട്ടും ഉത്പാദനം തുടങ്ങാതിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് ജീവനക്കാരുടെ യൂണിയനുകളും വിമര്‍ശിച്ചിരുന്നു. 100, 200 മില്ലി ഉള്‍ക്കൊള്ളുന്ന ബോട്ടിലുകളാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.
വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലേക്കും ഹോമിയോ ഡിഎംഒ ഓഫീസിലേക്കും സാനിറ്റൈസര്‍ എത്തിക്കും. 100 മില്ലിക്ക് 50, 200 മില്ലിക്ക് 90 രൂപ നിരക്കില്‍ ഹോംകോയിലെ പ്രത്യേക കൗണ്ടറില്‍ നിന്ന് എല്ലാ ദിവസവും പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ പ്രതിദിനം കൂടുതല്‍ ബോട്ടിലുകള്‍ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. പി. ജോയ് അറിയിച്ചു.
















