മൗണ്ട് അബു: ആത്മീയ സംഘടനയായ ബ്രഹ്മകുമാരീസിന്റെ ചീഫ് അഡ്മിനിസ്ട്രേറ്റര്‍ ഡോ. രാജയോഗിനി ദാദി ജാനകി (104) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് രാജസ്ഥാനിലെ മൗണ്ട് അബുവിലുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. സ്വച്ഛ് ഭാരത് മിഷന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു.
ദാദി ജാനകിയുടെ ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് മരണ വിവരം പുറത്തുവിട്ടത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. അന്ത്യ കര്‍മ്മങ്ങള്‍ ഇന്ന് വൈകിട്ട് 3.30 ന് ബ്രഹ്മകുമാരീസിന്റെ അന്താരാഷ്ട്ര കേന്ദ്രകാര്യാലയമായ രാജസ്ഥാനിലെ ശാന്തിവനില്‍ വെച്ച് നടക്കും.
1916ല്‍ സിന്ധില്‍ (ഇന്നത്തെ പാക്കിസ്ഥാന് പ്രവിശ്യ) ജനുവരി ഒന്നിനാണ് ദാദി ജാനകിയുടെ ജനനം. തന്റെ 21-ാമത്തെ വയസിലാണ് ആത്മാന്വേഷണത്തിന്റെ പാതയിലേക്ക് തിരിയുകയും ബ്രഹ്മകുമാരീസിന്റെ ഭാഗമായി തീരുകയും ചെയ്തത്. 140 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇന്ത്യന്‍ തത്വ ചിന്ത, രാജയോഗ, മാനവിക മൂല്യങ്ങള്‍ തുടങ്ങിയവ പ്രചരിപ്പിച്ച ഇവര്‍ 140 രാജ്യങ്ങളിലായി ആയിരത്തോളം കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ ശുചിത്വത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് ദാദി ജാനകി നടത്തിയിരുന്നത്. ഇതുപരിഗണിച്ചാണ് ദാദി ജാനകിയെ കേന്ദ്രസര്‍ക്കാര്‍ സ്വച്ഛ് ഭാരത് മിഷന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: