വന്‍ ശക്തികളെന്ന് അഹങ്കരിച്ചിരുന്ന രാജ്യങ്ങള്‍ പോലും , കൊറോണ രോഗത്തിന്റെ സംഹാരതാണ്ഡവത്തില്‍ വിറങ്ങലിച്ചു നില്ക്കുമ്പോള് ലോകത്തിന്റെ ചക്രവാളത്തില്‍ പുതിയൊരു സൂര്യോദയം സൃഷ്ടിക്കുകയാണ് ഭാരതം. മരുന്നുകൊണ്ട് പ്രതിരോധിക്കാനാവാത്ത കൊറോണ ലക്ഷക്കണക്കിനാളുകളെ ബാധിക്കുകയും, ആയിരക്കണക്കിന് ഹതഭാഗ്യര്‍ മരണത്തിനു കീഴടങ്ങുകയും, രോഗബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ വികസിത രാഷ്ട്രങ്ങള്‍ എന്ന് വിളിപ്പേരുള്ള അധീശശക്തികള്‍ ആത്മവിശ്വാസം നശിച്ച് വലിയൊരു വിപത്തിലേക്ക് വഴുതിവീഴുകയാണ്. തങ്ങള്‍ ആര്‍ജിച്ചിട്ടുള്ള സാമ്പത്തികവും സൈനികവുമായ കരുത്തിനോ, മറ്റു തരത്തിലുള്ള വിഭവ സമാഹരണത്തിനോ ഇപ്പോഴത്തെ ദുരന്തത്തില്‍നിന്ന് രക്ഷിക്കാനാവില്ലെന്ന് സര്‍വ്വാതിശായിയായ ഭരണകൂടങ്ങള്‍ വേദനയോടെ തിരിച്ചറിയുകയാണ്.
ഈ സാഹചര്യത്തിലാണ് കൊറോണ എന്ന വിശ്വവിപത്തിനെ നേരിടാന്‍ ഭാരതം കാണിക്കുന്ന സ്ഥൈര്യം ലോകത്തെ അദ്ഭുതപ്പെടുത്തുന്നത്. ആഗോള സാമ്പത്തിക ശക്തിയെന്ന നിലയ്ക്ക് ലോകാധിപത്യത്തിന് ശ്രമിക്കുന്ന ചൈനയാണ് കൊറോണയുടെ ആദ്യ പ്രഭവ കേന്ദ്രം. ഈ രോഗത്തെ അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെട്ട ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ലോകജനതയ്ക്കു മുന്നില്‍ നാണംകെട്ടിരിക്കുകയാണ്. ജനസംഖ്യയുടെ പെരുപ്പവും ഭൂവിസ്തൃതിയുടെ പരിമിതിയും വച്ചുനോക്കുമ്പോള്‍ രോഗം പടരാന്‍ ഏറെ സാധ്യതയുണ്ടായിരുന്നിട്ടും പ്രതിരോധിക്കാന്‍ ഭാരതത്തിന് കഴിയുന്നു. രോഗബാധയുടെ വിവരം ലഭിച്ചയുടന്‍ ശക്തവും കൃത്യവും ഫലപ്രദവുമായ നടപടികള്‍ കൈക്കൊണ്ടതാണ് ഇതിന് കാരണം. ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാതെ തന്നെ രോഗത്തിന്റെ സാമൂഹ്യവ്യാപനം തടയാന്‍ ഭാരതത്തിലെ ഭരണകൂടം ചെയ്യുന്നത് മഹത്തായ കാര്യമാണ്. ചൈന പരാജയപ്പെട്ടിടത്ത് നമ്മള് കാണിക്കുന്ന കരുത്തിന്റെ വെളിച്ചത്തിലാണ് , മലമ്പനിയെയും പോളിയോയെയും തുടച്ചുനീക്കാന്‍ കഴിഞ്ഞ ഭാരതത്തിന് കൊറോണയെ തടയാനും കഴിയുമെന്ന് ലോകാരോഗ്യ സംഘടന തന്നെ പ്രഖ്യാപിച്ചത്.
കൊറോണയെ പ്രതിരോധിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ക്കു മുന്നേ സഞ്ചരിക്കാന്‍ ഭാരതത്തിന് കഴിയുന്നത് ജനങ്ങളുടെ ധാര്‍മിക ശക്തിയില്‍ വിശ്വസിക്കുന്ന ഇച്ഛാശക്തിയുള്ള ഭരണകൂടമുള്ളതുകൊണ്ടാണ്. ഒരു ദിവസത്തെ ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ജാഗ്രതയാണ്, അതൊന്നു മാത്രമാണ് കൊറോണയ്ക്ക് പ്രതിരോധം എന്ന വ്യക്തമായ സന്ദേശമാണ് നല്‍കിയത്. ഇതിനു പിന്നാലെ ഇരുപത്തിയൊന്നു ദിവസത്തെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങളുടെ ധാര്‍മികശേഷിയെ കെട്ടഴിച്ചുവിടുകയാണ് മോദി ചെയ്തിരിക്കുന്നത്. 130 കോടി വരുന്ന ജനങ്ങളെ മൂന്നാഴ്ചക്കാലം വീട്ടിലിരുത്തുകയെന്നത് ഭഗീരഥപ്രയത്നമാണ്. പക്ഷേ മാനവരാശിയുടെ നിലനില്‍പ്പിന് ഓരോരുത്തരും ഇങ്ങനെയൊരു ശപഥമെടുത്തേ മതിയാവൂ എന്ന പ്രധാനമന്ത്രിയുടെ ധാര്‍മികമായ ആഹ്വാനത്തെ ജനങ്ങള്‍ നെഞ്ചേറ്റിയിരിക്കുകയാണ്. രക്ഷപ്പെടാന്‍ മറ്റൊരു വഴിയും നമുക്ക് മുന്നിലില്ലെന്ന മോദിയുടെ വാക്കുകള്‍ ഓരോ പൗരനും അക്ഷരാര്‍ത്ഥത്തില്‍ എടുത്തേ തീരൂ.
പതിനെട്ടു ദിവസം നീണ്ട കുരുക്ഷേത്ര യുദ്ധം ജയിച്ചത് ഭഗവാന് കൃഷ്ണനാണെങ്കില്‍ കൊറോണക്കെതിരായ 21 ദിവസത്തെ യുദ്ധം നയിക്കേണ്ടതും ജയിക്കേണ്ടതും 130 കോടി ജനങ്ങളാണെന്ന പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം ജാതിമത രാഷ്ട്രീയത്തിനതീതമായി ഓരോ പൗരനോടുമുള്ളതാണ്. അവനവനു വേണ്ടിയും സ്വന്തം കുടുംബത്തിനും രാഷ്ട്രത്തിനും വേണ്ടിയും നടത്തുന്ന ഈ കുരുക്ഷേത്ര യുദ്ധത്തില്‍ അധര്‍മത്തിന്റെയും ധര്‍മത്തിന്റെയും എന്നിങ്ങനെ രണ്ട് ചേരികളില്ല. ഒരൊറ്റ പക്ഷമേയുള്ളൂ; അത് ജനങ്ങളുടെ പക്ഷമാണ്. ഈ യുദ്ധത്തിന്റെ വിജയവും പരാജയവും ഇരിക്കുന്നത് ജനങ്ങളുടെ
കൈകളിലാണ്. ഒന്നുകില്‍ നമുക്ക് ഒരുമിച്ച് ജയിക്കാം, മുന്നേറാം. അല്ലെങ്കില്‍ തോല്‍ക്കാം; പ്രധാനമന്ത്രി പറഞ്ഞപോലെ 21 വര്‍ഷം പിന്നോട്ടടിക്കാം. യഥാര്‍ത്ഥത്തില്‍ ഇതില്‍ ഏത് വേണമെന്ന് തെരഞ്ഞെടുക്കാനുള്ള വിവേചനാധികാരം പോലും നമുക്കില്ല. ശത്രുവിനെ കൃത്യമായി തിരിച്ചറിഞ്ഞു കഴിഞ്ഞ ഈ യുദ്ധത്തില്‍ നമുക്ക് വിജയിച്ചേ തീരൂ. ഇതിനാവട്ടെ ഇനിയുള്ള ഓരോ നിമിഷവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: