എട്ടുനൂറ്റാണ്ടിനപ്പുറവും ദക്ഷിണഭാരതത്തിന്റെ ആത്മീയ നവോത്ഥാന ദശ സജീവമായിരുന്നു. ആചാര്യന്മാര്‍, ചിന്തകന്മാര്‍, മഹാസംന്യാസിമാര്‍ എന്നിവരുടെ കര്‍മഭൂമികയായിരുന്നു കര്‍ണാടകം. ശിവയോഗികളായ നായനാര്‍മാരും വൈഷ്ണവയോഗികളായ ആഴ്‌വാര്‍മാരുമാണ് ദേശത്തെ ആദ്യകാല ഭക്തിശാസ്ത്രപ്രചാരകരായി പ്രത്യക്ഷപ്പെടുന്നത്.
ഭക്തിപ്രസ്ഥാനത്തിന്റെ വിവിധമാര്‍ഗങ്ങള്‍ കാലം പരീക്ഷിച്ചറിയുകയായിരുന്നു. പൈതൃകപ്രോക്തമായ ഹിന്ദുത്വങ്ങള്‍ക്ക് വേണ്ടി വാദിച്ചവരും ബ്രാഹ്മണമേധാവിത്വത്തിനും അനാചാരങ്ങള്‍ക്കും ജാതിയുടെ ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ ആശയപ്രചരണം നടത്തുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. രണ്ടാം ചേരിയിലുള്ളവരുടെ ആശയപ്രചാരം ഒരു പ്രസ്ഥാനത്തിന്റെ രൂപം പൂണ്ടു. അതാണ് ഭക്തിവീരശൈവപ്രസ്ഥാനം എന്ന ലിംഗായത്ത് പ്രസ്ഥാനം.
ലിംഗായത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകാചാര്യര്‍ ബസവയാണ്. ബസവേശ്വരന്‍, ബസവണ്ണ, ബസവരാജന്‍ എന്നീ നാമധേയങ്ങളില്‍ വിഖ്യാതനായ അദ്ദേഹത്തിന്റെ വീരശൈവ സിദ്ധാന്തങ്ങളാണ് പ്രശസ്തമായ ‘വചനങ്ങള്‍’.മാറ്റങ്ങളുടെ മഹാശയങ്ങള്‍ ലളിതസുന്ദരമായാണ് ആചാര്യ ബസവണ്ണ അവതരിപ്പിക്കുന്നത്. ഉച്ചനീചത്വമെന്യെ സമൂഹത്തിലെ നാനാവിഭാഗക്കാര്‍ക്കും അത് സ്വീകരാര്യമായി.
ചരിത്രത്തിലും ആത്മീയചരിത്രത്തിലും ഇടം നേടിയ ബസവേശ്വരന്‍ ബീജാപ്പൂര്‍ ജില്ലയിലെ ഗ്രാമത്തില്‍ ഒരു ബ്രാഹ്മണകുടുംബത്തിലായിരുന്നു ജനിച്ചത്. പ്രതിഭാശാലിയായ മകന്‍ ഉപനയനത്തിന് വഴങ്ങാതെ ബ്രാഹ്മണമേധാവിത്വത്തെ ചോദ്യം ചെയ്യുകയായിരുന്നു. വീരശൈവ പ്രസ്ഥാനികള്‍ ഭസ്മവും ശിവലിംഗവും ധരിച്ച് ‘ലിംഗായത്തുകള്‍’ എന്ന് സ്വയം വിളിച്ചു. വീരശൈവ പ്രസ്ഥാനത്തിന്റെ പ്രധാനകേന്ദ്രം ‘കൂടലസംഗമ’ എന്ന പ്രദേശമാണ്. അവിടുത്തെ വിദ്യാകേന്ദ്രത്തില്‍ ബുദ്ധിജീവികളും ചിന്തകരും ബ്രഹ്മചാരികളും പതിവായി ഒത്തുകൂടുമായിരുന്നു. അല്ലമേ മഹാപ്രഭു എന്ന പ്രഭുദേവയായിരുന്നു സദ്‌സംഗവേദിയുടെ മുഖ്യാചാര്യന്‍. ബസവേശ്വരന്‍ ഏറെ മഹാശയങ്ങള്‍ ആ മഹാജ്ഞാനിയില്‍ നിന്ന് സ്വാംശീകരിച്ചു. ഗണിതശാസ്ത്രവിശാരദനായിരുന്നു ബസവണ്ണ. ബിജാലമഹാരാജന്റെ രാജധാനിയില്‍ കണക്കെഴുത്തുകാരനായി കുടുംബസമേതം താമസിക്കുന്ന കാലത്താണ് വീരശൈവപ്രസ്ഥാനത്തിന് രൂപഭാവം നല്‍കിയത്.
സ്വഗൃഹം അനാഥര്‍ക്കും ദരിദ്രര്‍ക്കും അഭയകേന്ദ്രമായി തുറന്നിടുകയായിരുന്നു ബസവണ്ണ. സ്‌നേഹത്തിന്റെയും മാനവതയുടേയും മഹാശയങ്ങളാണ് ബസവണ്ണയുടെ തത്വചിന്തകള്‍ക്ക് ആധാരം. ലളിതമായ വാക്കുകളില്‍ സരളമായി പ്രചരിപ്പിച്ച ചിന്തകള്‍, വിദ്യാസമ്പന്നന്റെയും കര്‍ഷകന്റെയും തൂപ്പുകാരന്റെയും ചെരുപ്പുകുത്തിയുടെയും നിരക്ഷരന്റെയും ജീവിതത്തെ സമാനമായി രൂപപ്പെടുത്തുകയായിരുന്നു. ഗുരുവിന്റെ ‘വചനങ്ങള്‍’ കാലാതീതമായി മനുഷ്യനെയും സമൂഹത്തെയും പുനഃസൃഷ്ടിക്കുന്നു.
സാരഥികളുടെ സന്ദേശം 4
പ്രതികരിക്കാൻ ഇവിടെ എഴുതുക: