തിരുവനന്തപുരം: മദ്യം കിട്ടാതെ വരുന്നതോടെ സ്ഥിരം മദ്യപാനികളായ ആളുകള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ കരുതല്‍ വേണ്ടി വരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. മദ്യം കിട്ടാതെ വരുന്നത് ചിലര്‍ക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്ക അറിയിച്ചു. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ ആവശ്യമായേക്കും. അത്തരക്കാരെ ഡീ അഡിക്ഷന് സെന്ററുകളിലേക്ക് മാറ്റുന്നതേക്കുറിച്ചും ആലോചിക്കേണ്ടി വരും.
ലോക് ഡൗണിനോട് ജില്ലയിലെ ജനങ്ങള്‍ അനുകൂലമായാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പോലീസിന്റെ കര്‍ക്കശമായ ഇടപെടല്‍ ഒരു ഘട്ടത്തില്‍ വേണ്ടി വന്നു. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. ജില്ലയില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ട് മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ ഇവിടെയുണ്ട്. എല്ലാവര്ക്കും ഭക്ഷണം എത്തിക്കുന്നതിന് കമ്മ്യൂണിറ്റി കിച്ചന് പ്രാദേശിക തലത്തില്‍ ആരംഭിക്കുകയാണ്. ഒരു ഘട്ടത്തിലും ആരും പട്ടിണി കിടക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
മദ്യം ലഭിക്കാത്തതിനാല്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍ക്ക് കൗണ്‍സിലിങ്ങിനും ചികിത്സയ്ക്കുമായി എക്സൈസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രങ്ങളെയും കൗണ്‍സിലിംഗ് സെന്ററുകളെയും ഉള്‍പ്പെടുത്തി സംവിധാനമുണ്ടാക്കി.
മദ്യത്തിന് അടിമകളായവര്‍ക്ക് മദ്യം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ ശാരീരികവും മാനസികവുമായ വിഷമതകള്‍ ഉണ്ടാകുവാനും കുടുംബത്തില്‍ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാകുവാനുമുള്ള സാധ്യതകള്‍ കണക്കിലെടുത്താണിത്. അത്തരക്കാര്‍ക്ക് ആവശ്യമായ ചികിത്സയും കൗണ്‍സിലിങ്ങും ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ ലഭ്യമാണ്. കൗണ്‍സിലിംഗ് സെന്ററുകളേയും സമീപിക്കാവുന്നതാണ്.
സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ലഹരിവിമുക്ത കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലേയും ഓരോ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഓരോ കൗണ്‍സിലിംഗ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ഏത് സമയത്തും പൊതുജനങ്ങള്‍ക്ക് ഇവയുടെ സേവനം സൗജന്യമായി ലഭിക്കും.
മദ്യത്തിന് അടിമപ്പെട്ട ഒരാളില്‍ അത് ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രാരംഭ ലക്ഷണങ്ങളാണ് കൈവിറയല്‍, ഓക്കാനം, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, സ്വഭാവത്തില്‍ ഉണ്ടാകുന്ന അകാരണമായ മാറ്റങ്ങള്‍ തുടങ്ങിയവ. ഇത്തരം അസ്വസ്ഥതകളുള്ളവര്‍ ആദ്യം ഏറ്റവും അടുത്തുള്ള ഡോക്ടറെ സമീപിക്കേണ്ടതാണ്. താമസിക്കുന്ന സ്ഥലത്തെ ഏറ്റവും അടുത്തുള്ള എക്സൈസ് റേഞ്ച് ഓഫീസിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ നേരിട്ടോ ടെലിഫോണിലൂടെ ബന്ധപ്പെട്ടാല്‍ ആവശ്യമായ സഹായങ്ങള്‍ ലഭിക്കും. എക്സൈസ് വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറായ 14405 ല്‍ ബന്ധപ്പെട്ടാലും സേവനങ്ങള്‍ ലഭ്യമാണ്.
സംസ്ഥാന എക്സൈസ് വകുപ്പും ലഹരി വര്‍ജനായ മിഷനായ വിമുക്തിയും സംയുക്തമായി പത്ര ദൃശ്യ മാധ്യമങ്ങള്‍ വഴിയും നവ മാധ്യമങ്ങള്‍ വഴിയും ഈ കാലയളവില്‍ ലഹരി വര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.
മദ്യത്തിന്റെ ലഭ്യത നിലച്ച സാഹചര്യത്തില്‍ വ്യാജ മദ്യ ഉല്‍പ്പാദനം, സൂക്ഷിച്ചുവച്ചിട്ടുള്ള മദ്യത്തിന്റെ ചില്ലറ വില്‍പ്പന, മയക്ക് മരുന്നിന്റെ വ്യാപനം എന്നിവ തടയുന്നതിനായി എക്സൈസ് വകുപ്പ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും രാത്രികാലങ്ങളിലെ പരിശോധനകളും പട്രോളിംഗും ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: