കുവൈറ്റ് സിറ്റി – കുവൈറ്റിൽ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അസർ ബൈജാനിൽ നിന്നും എത്തിയ യാത്രക്കാരനുമായി സമ്പർക്കം പുലർത്തിയ ഇന്ത്യക്കാരനാണു ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കുവൈറ്റിൽ കൊറോണ വൈറസ് ബാധയേറ്റ ഇന്ത്യക്കാരുടെ എണ്ണം 5 ആയി.
കുവൈറ്റിൽ ഇന്ന് 13 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 208 ആയി ഉയർന്നു. 6 പേർ ഇന്ന് രോഗ മുക്തി നേടിയതോടെ 49 പേരാണു ആകെ രോഗ മുക്തരായതെന്ന് ആരോഗ്യ മന്ത്രി ബാസില്‍ അല്‍ സബാ അറിയിച്ചു. 156 പേരാണു ചികിൽസയിൽ തുടരുന്നത്. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട 13 പേരിൽ 10 പേർ സ്വദേശികളാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്രം അഭ്യര്‍ത്ഥിച്ചു. വ്യാജവാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവരില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന സ്വദേശികളെ തിരിച്ചെത്തിച്ചു. മൂന്നു വിമാനങ്ങളിലായി 366 സ്വദേശികളെയാണ് കുവൈറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ നാലാം ടെര്‍മിനലില്‍ ഇറങ്ങിയത്. വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തില്‍ ഇവരെ പരിശോധനക്ക് വിധേയമാക്കി. ഘട്ടം ഘട്ടമായി മുഴുവന്‍ പൗരന്മാരെയും തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി ഡോ.അഹ്മ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: