മാഡ്രിഡ്: കൊറോണക്കെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ബാഴ്‌സലോണ താരം ലയണല്‍ മെസിയും മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ്പ് ഗ്വാര്‍ഡിയോളയും. ഇരുവരും കൊറോണ പ്രതിരോധത്തിനായി എട്ട് കോടിയിലധികം തുക വീതം സംഭാവനയായി നല്‍കി.
അര്‍ജന്റീനിയന്‍ ഇന്റര്‍ നാഷണലായ മെസി ബാഴ്‌സലോണയിലെ ഹോസ്പിറ്റല്‍ ക്ലിനിക്കിനും അര്‍ജന്റീനയിലെ മെഡിക്കല്‍ സെന്ററിനുമായിട്ടാണ് സംഭവന നല്‍കിയത്. മെസി വന്‍ തുക സംഭാവന നല്‍കിയതായി ഹോസ്പിറ്റല്‍ ക്ലിനിക്ക് ട്വിറ്ററില്‍ കുറിച്ചു.
മുന്‍ ബാഴ്‌സലോണ താരവും മാനേജരുമായ ഗ്വാര്‍ഡിയോള ബാഴ്‌സലോണയിലെ ഏയ്ഞ്ചല്‍ സോളര്‍ ഡാനിയല്‍ ഫൗണ്ടേഷന്‍ ആന്‍ഡ് മെഡിക്കല്‍ കോളജിനാണ് സംഭാവന നല്‍കിയത്. കോവിഡിനെ നേരിടുന്നതിനാവശ്യമായ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഗ്വാര്‍ഡിയോള സംഭാവന നല്‍കിയതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. സ്‌പെയ്‌നില്‍ ഇതുവരെ നാല്‍പ്പതിനായിരം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2696 പേര്‍ മരിച്ചു.
പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് റൊണോയും
ലിസ്ബന്‍: കൊറോണയെ പ്രതിരോധിക്കാന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോയും ഏജന്റ് ജോര്‍ഗെ മെഡന്‍സും രംഗത്ത്. പോര്‍ച്ചുഗലിലെ ആശുപത്രികള്‍ക്ക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ ഒരുക്കുന്നതിനുള്ള ഉപകരണങ്ങള്‍ നല്‍കുമെന്ന് ഇരുവരും പ്രഖ്യാപിച്ചു.
യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സെന്റര്‍ ഓഫ് ലിസ്ബന്‍, സാന്റോ അന്റോണിയോ ഹോസ്പിറ്റല്‍ എന്നിവയ്‌ക്കാണ് സഹായം നല്‍കുക. ഇറ്റാലിയന്‍ ലീഗിലെ യുവന്റസ് താരമായ റൊണാള്‍ഡോ അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. പോര്‍ച്ചുഗലില്‍ ഇതുവരെ 2362 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. മുപ്പത് പേര്‍ മരിച്ചു.
യുവന്റസ് താരങ്ങ്‌ളായ പൗലോ ഡിബാലയ്‌ക്കും ഡാനിലി റുഗാനിക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. എന്നാല്‍ റൊണാള്‍ഡോയ്‌ക്ക് ഇതുവരെ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് പോര്‍ച്ചുഗീസ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: