തിരുവനന്തപുരം: കൊറോണ വ്യാപനം തടയാനും ജനസുരക്ഷ ഉറപ്പാക്കാനുമായി രാജ്യമൊട്ടാകെ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയവര്‍ക്കെതിരെ പോലീസ് കടുത്ത നടപടികള്‍ കൈക്കൊണ്ടുതുടങ്ങി. കേസ് ചുമത്തി ഇവരെ അറസ്റ്റു ചെയ്ത പോലീസ് വാഹനങ്ങള്‍ പിടിച്ചെടുത്തു. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ലോക്ഡൗണ്‍ അവസാനിച്ച ശേഷമേ തിരിച്ചു നല്‍കുകയുള്ളു. രണ്ട് പ്രാവശ്യം താക്കീതും നല്‍കിയിട്ടും അനുസരിക്കാത്തവരുടെ വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്തൊട്ടാകെ 2535 പേരെയാണ് അറസ്റ്റു ചെയ്തത്. 1636 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
വാഹനം തടഞ്ഞ് വിവരം അന്വേഷിക്കുമ്പോള്‍ പലര്‍ക്കും കൃത്യമായ ഉത്തരം പോലുമില്ല. ഇവരില്‍ ചിലര്‍ പോലീസുമായി തട്ടിക്കയറാനും മടിച്ചില്ല. പെരുമ്പാവൂരില്‍ രണ്ട് യുവാക്കള്‍ പോലീസിനെ ആക്രമിച്ചു. കാസര്‍കോട്,കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കഴിഞ്ഞ ദിവസം തന്നെ നിയമം കര്‍ക്കശമാക്കിയതിനാല്‍ ഇന്നലെ അധികം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കോഴിക്കോട് മാത്രം ഇന്നലെ 351 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മെട്രോ നഗരങ്ങളില്‍ വിലക്ക് ലംഘിച്ച് നിരവധി വാഹനങ്ങള്‍ പുറത്തിറങ്ങി. തിരുവനന്തപുരത്ത് മൂന്നൂറിലധികം പേര്‍ക്കെതിരെ കേസെടുത്തു.
കൊല്ലം ജില്ലയിലെ നെടുവത്തൂരില്‍ വിലക്ക് ലംഘിച്ച് യോഗം ചേര്‍ന്നതിന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള അംഗങ്ങളുടെ പേരില്‍ പോലീസ് കേസെടുത്തു. അടൂരില്‍ യോഗം ചേര്‍ന്നതിനു പള്ളിവികാരിയെ അറസ്റ്റ് ചെയ്തു. കാസര്‍കോട് പള്ളിഉസ്താത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ അറസറ്റിലായി. വൈറസ് ബാധയെതുടര്‍ന്ന് രോഗിയുടെ സ്രവ പരിശോധന ഫലം നെഗറ്റീവാണെന്ന് തെറ്റിദ്ധരിപ്പിച്ച മുഹമ്മദ് അഷറഫാണ് അറസ്റ്റിലായത്.
മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍ അതിര്‍ത്തി വഴി നടന്നുവരുന്നതും ആരോഗ്യ വകുപ്പിനെ കുഴക്കുന്നു. അവര്‍ അതാത് സംസ്ഥാനങ്ങളില്‍ താമസിച്ചിരുന്ന പ്രദേശങ്ങളില്‍ കഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, കന്യാകുമാരി കളക്ടര്‍മാരുടെ യോഗത്തില്‍ അതിര്‍ത്തി കടന്നുള്ള ജന സഞ്ചാരത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
അറസ്റ്റിലായവര്‍ ജില്ല തിരിച്ച്
അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍:
- തിരുവനന്തപുരം സിറ്റി – 137, 117,
- തിരുവനന്തപുരം റൂറല്‍ – 195, 145,
- കൊല്ലം സിറ്റി – 236, 198,
- പത്തനംതിട്ട – 125, 52,
- കോട്ടയം – 451, 104,
- ആലപ്പുഴ – 341, 0
- ഇടുക്കി – 269, 75,
- എറണാകുളം സിറ്റി – 124, 125,
- എറണാകുളം റൂറല്‍ – 313, 211,
- തൃശൂര്‍ സിറ്റി – 31, 17,
- തൃശൂര്‍ റൂറല്‍ -99, 69,
- പാലക്കാട് – 37, 31,
- മലപ്പുറം – 24, 7,
- കോഴിക്കോട് 427,
- വയനാട് – 48, 23,
- കോഴിക്കോട് സിറ്റി – 0, 388,
- കോഴിക്കോട് റൂറല്‍ – 33, 6,
- കണ്ണൂര്‍ – 50, 50,
- കാസര്‍കോട്് -22, 18
പ്രതികരിക്കാൻ ഇവിടെ എഴുതുക: