തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 118 ആയി. ഇന്നലെ ഒമ്പത് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. അതേസമയം രോഗം ബാധിച്ച രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആറു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. എന്നാല്‍ രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗം സ്ഥിരീകരിക്കുന്നത് സാമൂഹവ്യാപനത്തിന്റെ വിദൂര സന്ദേശമെന്നും ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വര്‍ക്കല റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന ഇറ്റാലിയന്‍ സ്വദേശിയേയും തൃശൂരില്‍ ചികിത്സയില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശിയേയും പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇരുവരും വീട്ടിലെ നിരീക്ഷണത്തില്‍ തുടരും. ഇറ്റാലിയന്‍ സ്വദേശിയെ ഹോട്ടലില്‍ താമസിപ്പിച്ചാല്‍ വീണ്ടും പുറത്ത് പോകാന്‍ സാധ്യതയുള്ളതിനാല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വുഹാനില്‍ നിന്നും വന്ന മൂന്നു പേരെ ആദ്യഘട്ടത്തിലും കണ്ണൂര്‍ സ്വദേശിയെ കഴിഞ്ഞ ദിവസവും ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
ഇതുകൂടാതെ ഇന്ന് ആറു പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇറ്റലിയില്‍ നിന്നും വന്ന് എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പെടെയുള്ള കുടുംബത്തിന്റേയും അവിടെത്തന്നെ ചികിത്സയിലുള്ള മറ്റ് രണ്ട് വിദേശികളുടേയും ഇറ്റലിയില്‍ നിന്നും വന്ന പത്തനംതിട്ട സ്വദേശിയുടേയും പരിശോധനാ ഫലവുമാണ് നെഗറ്റീവായത്. ഇവരെ ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല. സംസ്ഥാനത്താകെ 12 പേര്‍ക്ക് രോഗം ഭേദമായി. വൈറസ് ഏറെപ്പേരെ ബാധിച്ച കാസര്‍കോട് ഇന്നലെ വൈകിട്ട് വരെ പുതിയ കേസുകളില്ല.
പാലക്കാട് നിന്നുള്ള രണ്ടു വ്യക്തികള്‍ക്കും എറണാകുളത്ത് നിന്നുള്ള മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും ഇടുക്കിയില്‍ നിന്നുള്ള ഒരാള്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ആണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നെത്തിയ നാല് പേരിലും യുകെ. ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും രോഗബാധിതരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മൂന്നുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ എറണാകുളത്തെ ടാക്സിഡ്രൈവറുമുണ്ട്. ടാക്സിയില്‍ കയറിയ ഫ്രാന്‍സ് പൗരനില്‍ നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചത്. ഈസംഭവം കൂടുതല്‍ ജാഗ്രതയോടെ കാണണമെന്ന വിലയിരുത്തലിലാണ് ആരോഗ്യവിഭാഗം .
സംസ്ഥാനത്ത് ആകെരോഗം ബാധിച്ച 118 പേരില്‍ 91 പേര് വിദേശത്ത് നിന്നുവന്ന ഇന്ത്യക്കാരും എട്ട് പേര് വിദേശികളുമാണ്. ശേഷിക്കുന്ന 19 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം പിടിപെട്ടതാണ്. ഇത് സാമൂഹ്യ വ്യാപനത്തിന്റെ ആരോഗ്യ വിഭാഗത്തില്‍ നേരിയ ആശങ്ക പരത്തുന്നുണ്ട്.76,542 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 76,010പേര് വീടുകളിലും 532 പേര് ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. 122 പേര് പുതുതായി ഇന്നലെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. 4902 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3465 ഫലങ്ങളും നെഗറ്റീവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: