ന്യൂദല്‍ഹി: മഹാഭാരത യുദ്ധം ജയിക്കാന്‍ 18 ദിവസമേ വേണ്ടിയിരുന്നുള്ളു. എന്നാല്‍, കൊറോണക്കെതിരായ യുദ്ധം ജയിക്കാന്‍ 21 ദിവസം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാണ്ഡവരെ ഭഗവാന് കൃഷ്ണനാണ് ജയത്തിലേക്ക് നയിച്ചത്. എന്നാല്‍, കൊറോണക്കെതിരായ യുദ്ധം 130 കോടി ജനങ്ങളാണ് നയിക്കുന്നത്.
വാരാണസിയിലെ ജനങ്ങളെ വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.കൊറോണക്കെതിരെ യുദ്ധം ചെയ്യാനുള്ള ശക്തി നമുക്ക് ശൈലപുത്രിയായ ദേവി നല്കട്ടെ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടികളാണ് കൈക്കൊണ്ടുവരുന്നത്. ലോക്ഡൗണ്‍ പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ പറഞ്ഞിട്ടുണ്ട്. കസര്‍ത്തോ യോഗയോ ചെയ്യുന്നതുകൊണ്ട് ആരെയും അത് വെറുതെവിടില്ല. പലരും സുപ്രധാന നിര്‍ദേശങ്ങള്‍ വകവയ്ക്കുന്നില്ല. വസ്തുതകള്‍ മനസിലാക്കണം. സ്വയം ചികിത്സയ്ക്ക് മുതിരരുത്. അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്. രോഗമുണ്ടെന്ന് തോന്നിയാലും വീട്ടില്‍ തന്നെ കഴിയുക. ഡോക്ടറോട് ആരാഞ്ഞ ശേഷം മാത്രം അടുത്ത നടപടിയെടുക്കുക. ഈ രോഗത്തിന് ആരും ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് ഓര്‍ക്കുക, മോദി പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ വിവേചനത്തെ അപലപിച്ച് പ്രധാനമന്ത്രി
ന്യൂദല്‍ഹി: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ വിവേചനത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ ബാധിതരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ അപ്പാര്ട്ട്മന്റുകളില് വിലക്കുന്നു, വാടക വീടുകളില്‍ നിന്ന് മാറാന്‍ ആവശ്യപ്പെടുന്നു തുടങ്ങിയ വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ദൈവങ്ങളെപ്പോലെ ജനങ്ങളെ രക്ഷിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. അവര്‍ക്കെതിരെ ഇത്തരം നീക്കങ്ങളുണ്ടെന്നത് വേദനയോടെയാണ് കേട്ടത്. ഇത് അനുവദിക്കില്ല. ശക്തമായ നടപടി സ്വീകരിക്കും, പ്രധാനമന്ത്രി പറഞ്ഞു.
കൊറോണക്കെതിരെ കരുണയോടെ എന്ന ആശയവും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. കഴിവുള്ള ഓരോരുത്തരും ലോക്ഡൗണ്‍ കാലത്ത് ഒന്‍പതു സാധു കുടുബങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മോദി അഭ്യര്‍ഥിച്ചു. കൊറോണ വൈറസിന് പാവപ്പെട്ടവരെന്നും പണക്കാരെന്നുമൊന്നുമില്ല.
ഈ ദിവസങ്ങളില്‍ അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം. എല്ലാം ശരിയാണ്, കുഴപ്പമൊന്നുമില്ല എന്നു പറയുന്നത് സ്വയം ചതിക്കുന്നതിനു തുല്യമാണ്. കൊറോണയെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രത്യാഘാതം പ്രതീക്ഷിക്കുന്നതിനേക്കാള്‍ രൂക്ഷമാകാം, പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: