തിരുവല്ല: സമ്പൂർണ്ണ ലോക്ക് ഡൗൺ നിയന്ത്രണം ശക്തമായതോടെ അപ്പർകുട്ടനാട്ടിലെ കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിൽ നെല്ല് സംഭരണം നിലച്ചു. നിരവധി പാടശേഖരങ്ങളിലാണ് നെല്ല് കൂട്ടിയിട്ടിരിക്കുന്നത്. നെല്ല് സംഭരിക്കാനുള്ള വാഹനങ്ങൾക്ക് എത്താൻ കഴിയാത്തതാണ് കാരണമെന്നാണ് പാടശേഖരസമിതികൾ പറയുന്നത്.
സപ്ലൈകോയുടെ മേൽനോട്ടത്തിലാണ് സ്വകാര്യ മില്ലുടകൾ നെല്ല് സംഭരിക്കുന്നത്. വാഹനങ്ങൾ എത്താതായതോടെ നെല്ല് സംഭരണവും നിലച്ചു. കഴിഞ്ഞദിവസമാണ് പെരിങ്ങര പഞ്ചാത്തിലടക്കമുള്ള പാടശേഖരങ്ങളിൽ കൊയ്‌ത്തു തുടങ്ങിയത്. കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ കൊയ്‌ത്തുഝവം അടക്കമുള്ളവ ഒഴിവാക്കിയിരുന്നു. തമിഴ്‌നാട്ടിൽ നിന്നെത്തിച്ച അഞ്ച് കൊയ്‌ത്ത് യന്ത്രങ്ങൾ ഉപയോഗിച്ചാണ് വിളവെടുപ്പുതുടങ്ങിയത്്
എന്നാൽ നെല്ല് സംഭരിക്കാൻ വാഹനങ്ങൾ എത്താതായതോടെ പാടത്ത്കിടന്ന് നെല്ല് കിളിർക്കുമോയെന്ന ആശങ്കയിലാണ് കർഷകരും പാടശേഖരസമിതിയും.ഭൂരിപക്ഷം കർഷകരും സിവിൽ സപ്ലൈസിനാണ് നല്ല് നൽകുന്നത്.കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഭക്ഷ്യധാന്യക്ഷാമം ഉണ്ടാകാതിരിക്കാൻ കൊയ്‌തെടുക്കുന്ന നെല്ല് ഉടൻതന്നെ സംഭരണശാലകളിൽ എത്തിച്ച് അരിയാക്കി വിപണിയിൽ എത്തിക്കാമെന്നുള്ള സർക്കാരിന്റെ പ്രഖ്യാപനത്തിന് തിരിച്ചടിയായിരിക്കുകയാണ് പാടശേഖരങ്ങളിൽ നെല്ല് സംഭരിക്കാനുള്ള വാഹനങ്ങൾ എത്താത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: