പത്തനംതിട്ട: സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന കോവിഡ്-19 കേസുകൾ കണക്കിലെടുത്ത് ആവശ്യമെങ്കിൽ രാത്രിയും പ്രവർത്തിക്കാൻ കേരളത്തിലെ എല്ലാ മെഡിക്കൽ ഓക്‌സിജൻ പ്ലാന്റുകൾക്കും വിതരണക്കാർക്കും പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച ഉത്തരവ് പെസൊ കേരള ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് ഡോ. ആർ. വേണുഗോപാൽ പുറപ്പെടുവിച്ചു.
അടിയന്തര ഘട്ടങ്ങളിൽ ആശുപ്രതികളിൽ ഓക്‌സിജന്റെ ലഭ്യത ഉറപ്പാക്കാൻ വേണ്ട എല്ലാ നടപടികളും ഫില്ലിങ്ങ് പ്ലാന്റുകൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. ഇതിനായി പ്ലാന്റുകൾ പ്രവർത്തനങ്ങൾ ക്രമീകരിക്കണം. ജീവനക്കാർ കുറച്ചുപേർ അവധിയിൽ പ്രവേശിക്കേണ്ട സാഹചര്യമുണ്ടാവുകയോ ശുചീകരണത്തിനായി പ്ലാന്റ് അടച്ചിടുകയോ ചെയ്താൽ ഉത്പാദനത്തിലും വിതരണത്തിലും ഉണ്ടാകുന്ന കുറവ് നികത്താനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണം. രോഗവ്യാപനത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ ശേഖരിച്ച് ദൗർലഭ്യം നേരിടാൻ സാദ്ധ്യതയുള്ള പ്രദേശങ്ങൾ മനസ്സിലാക്കി അവിടെയുള്ള ആശുപ്രതികളിൽ മുൻകൂറായി ഓക്‌സിജൻ എത്തിക്കണം. രാത്രിയും പ്രവർത്തിക്കേണ്ട സാഹചര്യം വന്നാൽ അനുമതിയ്‌ക്കായി പൊസൊയ്‌ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ചാൽ മതിയാകും.
മെഡിക്കൽ ഓക്‌സിജൻ പ്ലാന്റുകളിലെയും വിതരണ ഏജൻസികളിലെയും ജീവനക്കാർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുകയും വേണം. പ്ലാന്റുകളും ഓഫീസുകളും വാഹനങ്ങളും അണുവിമുക്തമാക്കണം. മൊത്തമായും സിലിണ്ടറായും ഓക്‌സിജൻ വിതരണം ചെയ്യുമ്പോൾ അവ അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തണം. ഉപയോഗത്തിനു ശേഷം സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തതിനു ശേഷം മാത്രമേ തിരികെ നൽകാവൂ എന്ന് ആശുപ്രതികളെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
കേരളത്തിൽ എറണാകുളം 7, പാലക്കാട് 3, തൃശ്ശൂർ 3, തിരുവനന്തപുരം 2, കോഴിക്കോട് 2, മലപ്പുറം, കണ്ണൂർ, പത്തനംതിട്ട ഒന്ന് വീതമാണ് പെസോ ലൈസൻസുള്ള ഓക്‌സിജൻ പ്ലാന്റുകൾ ഉള്ളത്. പാലക്കാട് ഇനോക്‌സ് ഇന്ത്യ ലിമിറ്റഡ്, എറണാകുളം എലൂർ പ്രാക്‌സിയർ ഇന്ത്യ ലിമിറ്റഡുമാണ് എന്നിവയാണ് ആശുപത്രികളിലേക്ക് മൊത്തമായി വിതരണം ചെയ്യുന്നത്. ബൾക്ക് ഓക്‌സിജൻ സൗകര്യമുള്ള പെസോ ലൈസൻസുള്ള 19 ആശുപത്രികളാണ് കേരളത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: