റോം: നശിക്കാത്ത ശീലങ്ങളില്‍ ഇറ്റലി ഇപ്പോള്‍ നശിക്കുകയാണ്. കൊറോണ വൈറസിന്റെ ഏറ്റവും ഭയാനകമായ വാര്‍ത്തകള്‍ ഇറ്റലിയില്‍ നിന്നു പുറത്തു വരുമ്പോള്‍ വ്യക്തമാകുന്നത് അപക്വമായി ഇറ്റാലിയന്‍ രാഷ്ട്രീയ നേതാക്കള്‍ പെരുമാറിയതിന്റെ വിവരങ്ങളാണ്.
ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തലവന്‍ നിക്കോള സിന്ഗരെറ്റി ഫെബ്രുവരി 27ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ് ചെയ്ത ചിത്രവും സന്ദേശവും ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുകയാണ്. മിലാനില്‍ എത്തിയ നിക്കോളയും സുഹൃത്തുക്കളും ബിയര്‍ ഗ്ലാസുകളുമായി നില്ക്കുന്ന ചിത്രമായിരുന്നു അത്. നമ്മുടെ ശീലങ്ങള്‍ നശിക്കാതിരിക്കട്ടെ എന്നും ചിത്രത്തിനൊപ്പം നിക്കോള പോസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി ഇരുപത്തേഴിന് ഇറ്റലിയില്‍ കൊറോണ ബാധിതരുടെ എണ്ണം 400, മരിച്ചവരുടെ എണ്ണം രണ്ടക്കത്തില്‍ കടന്നതേയുണ്ടായിരുന്നുള്ളൂ.
പത്താം ദിവസം, മാര്‍ച്ച് അഞ്ചിന് നിക്കോള അടുത്ത വീഡിയോ പോസ്റ്റ് ചെയ്തു. തനിക്ക് കൊറോണ ബാധിച്ചു എന്ന് അറിയിക്കുന്ന വീഡിയോ ആയിരുന്നു അത്. ഈ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ ഇറ്റലിയില്‍ മരണം 233 ആയിരുന്നു. വൈറസ് ബാധിതരുടെ എണ്ണം 5883. എത്ര ലാഘവത്തോടെയാണ് കൊറോണ വൈറസിനെ ഇറ്റലിയിലെ രാഷ്ട്രീയ നേതൃത്വവും ജനങ്ങളും കണ്ടത് എന്നതിന്റെ തെളിവായി നമ്മുടെ ശീലങ്ങള്‍ നശിക്കാതിരിക്കട്ടെ… എന്ന നിക്കോളയുടെ വാചകത്തെ ലോകം കാണുന്നു. ഇറ്റലിക്കാര്‍ ശീലങ്ങള്‍ മാറ്റിയില്ല. വൈറസ് പ്രതിരോധത്തിന് മുന്‍കരുതലുകള്‍ എടുത്തില്ല. ഇപ്പോള്‍ മരണം ആറായിരത്തിലേറെ. വൈറസ് ബാധിതരുടെ എണ്ണം അറുപതിനായിരത്തോട് അടുക്കുന്നു.
ഇറ്റലിയില്‍ കൊറോണ വൈറസ് ബാധയില്‍ ജീവന് നഷ്ടമാകുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ മരണങ്ങളില്‍ മൂന്നിലൊന്നും ഇറ്റലിയിലാണ്. കഴിഞ്ഞ രണ്ട് ദിവസത്തില്‍ 1400ല്‍ പരം ആളുകള്‍ മരിച്ചു. ഞായറാഴ്ച മാത്രം 651 പേരാണ് മരിച്ചത്.
ആകെ മരണം 5476 ആയി. മരിച്ചവരില്‍ 19 ഡോക്ടര്‍മാരുമുണ്ട്. 59,138 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ വ്യാപനവും മരണവും നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തിനകത്ത് സഞ്ചരിക്കുന്നത് ഇറ്റലി പൂര്‍ണമായി വിലക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും മോശം സാഹചര്യമാണിതെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ് കോണ്ടെ പറഞ്ഞു. അനിവാര്യമല്ലാത്ത എല്ലാ വ്യാപാരങ്ങളും വ്യവസായങ്ങളും ഏപ്രില്‍ മൂന്ന് വരെ പൂര്‍ണമായി അടയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: