ന്യൂദല്‍ഹി: ചൈനയില്‍ നിന്നും ലോകമാകെ വ്യാപിച്ച കൊറോണ വൈറസിനെ ഇന്ത്യ ‘ചെന വൈറസ്’ എന്നു വിളിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി ചൈന. വൈറസിന് തങ്ങളുടെ രാജ്യത്തിന്റെ പേര് ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌യാണ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറോട് ഫോണില്‍ വിളിച്ചാണ് അദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ചൈന വൈറസ് എന്ന് പല രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യ അങ്ങനെ ചെയ്യില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലാണെങ്കിലും ഉത്ഭവം ചൈനയാണെന്നതിന് തെളിവില്ലെന്നാണ് ചൈനീസ് സര്‍ക്കാര്‍ മുന്നോട്ട് വെയ്‌ക്കുന്ന വാദം. കൊറോണയെ ചൈനീസ് വൈറസ് എന്ന് പ്രയോഗിക്കാതിരിക്കാന്‍ ലോകം മുഴുവന്‍ ക്യാംപയിന്‍ നടത്തുകയാണ് ഇപ്പോള്‍ ചൈന. ചൈനീസ് വൈറസ് എന്ന് മുദ്രകുത്തുന്നത് അപമാനമുണ്ടാക്കുന്നതാണ്. അത് അംഗീകരിക്കാനാകില്ല. ഇത്തരം ഇടുങ്ങിയ ചിന്താഗതികളെ ഇന്ത്യ എതിര്‍ക്കുമെന്നാണ് കരുതുന്നതെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ഫോണിലൂടെ എസ് ജയശങ്കറോട് പറഞ്ഞു.
15,300ലേറെ പേരുടെ ജീവന്‍ അപഹരിച്ച കൊറോണയെന്ന മഹാമാരി പരക്കുന്നതിന് ചൈനയാണ് കാരണക്കാരെന്ന് പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വൈറസ് പൊട്ടിപുറപ്പെട്ടിട്ടും കാര്യമാക്കിയില്ലെന്ന് മാത്രമല്ല, വേണ്ട നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാനും തയ്യാറായില്ല. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുന്ന മഹാമാരിയെ നേരിടുന്നതില്‍ ചൈന ക്ഷമിക്കാനാവാത്ത വീഴ്ച വരുത്തിയെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
വുഹാനില്‍ നിന്ന് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടും പുതുവത്സരാഘോഷങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചതും ചൈനയുടെ വീഴ്ചയായി കണക്കാക്കുന്നു. പുതുവര്‍ഷ ആഘോഷത്തിനിടെ വൈറസ് ബാധയുടെ വാര്‍ത്ത പുറത്ത് വിട്ടാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകുമെന്നും വിപണി തകരുമെന്നും ചൈനീസ് അധികൃതര്‍ കരുതി. കൊറോണ വൈറസ് ബാധയാണിതെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മാത്രമല്ല, വൈറസ് ബാധയെ കുറിച്ച് നിര്‍ണായകമായേക്കാവുന്ന തെളിവുകളും ചൈന നശിപ്പിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: