ഹൈദരാബാദ്: കൊറോണ വൈറസ് വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ‘ഷൂട്ട് അറ്റ് സൈറ്റ്’ ഓര്‍ഡര്‍ നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു.
ലോക്ക് ഡൗണ്‍ കര്‍ശനമായി പാലിക്കണം. ഈ കാലയളവില്‍ എല്ലാവരും വീട്ടില്‍ തന്നെയിരിക്കണമെന്നും അധികാരികളുമായി സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ നല്‍കുമെന്നും പട്ടാളത്തെ വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരമൊരു സാഹചര്യത്തിലേക്ക് എത്താതെ എല്ലാവരും നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കയില്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ സൈന്യത്തെ വിളിക്കേണ്ടി വന്നു. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ ജനങ്ങള്‍ തയാറാകുന്നില്ലെങ്കില്‍ നിലപാട് കടുപ്പിക്കേണ്ടി വരുമെന്നും റാവു പറഞ്ഞു. അത്തരം സാഹചര്യം ഉണ്ടാകാതെ കരുതേണ്ടതു ജനങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തു സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു റാവു കര്‍ശന നിലപാട് വ്യക്തമാക്കിയത്.
കൊറോണ ബാധ സംശയിച്ച് ഹോം ക്വാറന്റീനില്‍ കഴിയുന്നവരുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കാന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്വാറന്റീന് നിര്‍ദേശം ലംഘിച്ചാല്‍ പാസ്പോര്‍ട്ട് റദ്ദാക്കും. 114 പേരുടെ പരിശോധനാഫലം ബുധനാഴ്ച ലഭിക്കുമെന്നും റാവു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: