കൊല്ലം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നിര്‍ത്തിയതിനെതുടര്‍ന്ന് ചോദ്യക്കടലാസ് ബാങ്ക്, ട്രഷറികളിലേക്ക് മാറ്റണമെന്ന ആവശ്യം പരിഗണിക്കാതെ വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും. പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യക്കടലാസ് ട്രഷറികളിലും ബാങ്കുകളിലും സൂക്ഷിച്ച് വിദ്യാഭ്യാസ വകുപ്പ് അതാത് സ്‌കൂളില്‍ എത്തിച്ച് വരുകയായിരുന്നു. കഴിഞ്ഞ മാസം 28നായിരുന്നു ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ചോദ്യക്കടലാസുകള്‍ സ്‌കൂളുകളിലെത്തിച്ചത്.
പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി ചോദ്യക്കടലാസുകള്‍ ഒരുമിച്ച് സ്‌കൂളുകളില്‍ ക്യാമറ സുരക്ഷയില്‍ സൂക്ഷിക്കണമെന്ന തീരുമാനമായിരുന്നു ആദ്യം കൈക്കൊണ്ടത്. പിന്നീട് പത്താം ക്ലാസ് ചോദ്യക്കടലാസ് സ്‌കൂളുകളില്‍ സുരക്ഷിതമായിരിക്കില്ലെന്ന കാരണത്താല്‍ ബാങ്ക്, ട്രഷറി എന്നിവിടങ്ങളിലേക്ക് മാറ്റി.
ചോദ്യക്കടലാസ് ഒരുമിച്ച് സൂക്ഷിക്കേണ്ട സാഹചര്യം കണക്കിലെടുത്തായിരുന്നു രാത്രി കാവല്‍ ഡ്യൂട്ടി ഹൈസ്‌കൂള്‍ വിഭാഗം അനധ്യാപകര്‍ നിര്‍വഹിക്കണമെന്ന് ഹൈസ്‌കൂള്‍ മേലധികാരിയും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാളും ചേര്‍ന്ന് തീരുമാനിച്ചത്. എന്നാല്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ചോദ്യപേപ്പര്‍ കാവല്‍ ഡ്യൂട്ടി ലാബ് അസിസ്റ്റന്റുമാര്‍ ചെയ്യണമെന്ന് ഉത്തരവിറങ്ങുകയായിരുന്നു. ലാബ് അസിസ്റ്റന്റുമാര്‍ ഇല്ലാത്ത സ്‌കൂളുകളില്‍ ഹൈസ്‌കൂളിലെ അനധ്യാപകരുടെ സേവനം ഇക്കാര്യത്തില്‍ തേടണമെന്നും ഉത്തരവിലുണ്ടായിരുന്നു.
എന്നാല്‍, ലാബ് അസിസ്റ്റന്റുമാരുടെ സംഘടന വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ച് ആ ഉത്തരവ് പിന്‍വലിപ്പിച്ചു. തുടര്‍ന്ന് ഹൈസ്‌കൂള്‍ വിഭാഗം അനധ്യാപകര്‍ തന്നെ ചോദ്യക്കടലാസ് കാവല്‍ ജോലി ചെയ്യുകയാണ്. രാത്രി കാവല്‍ ജോലി നിര്‍വഹിക്കുന്നവര്‍ക്ക് പിറ്റേന്ന് പകല്‍ ഒഴിവ് അനുവദിക്കുന്നുണ്ടെങ്കിലും ഹൈസ്‌കൂള്‍ വിഭാഗം പരീക്ഷകളും പത്താം ക്ലാസ് പരീക്ഷകളും നടത്തുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് പരീക്ഷാ ജോലികളിലും സഹായിക്കേണ്ടി വന്നിരുന്നു.
ഫലത്തില്‍ കഴിഞ്ഞ ഒരു മാസമായി കാവലിന് നിയോഗിക്കപ്പെട്ടവര്‍ക്ക് അവധി ലഭിക്കാത്ത സാഹചര്യമാണ്. ഇതിനിടയിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്. ഇനി എന്ന് നടക്കുമെന്ന കാര്യം അനിശ്ചിതതത്തിലാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാത്രികാവല്‍ നിര്‍വഹിക്കുന്നവര്‍ ഭീതിയിലാണ്. അനധ്യാപക ജീവനക്കാരുടെ സംഘടനയും ജീവനക്കാരും ട്രഷറികളിലേക്കും ബാങ്കുകളിലേക്കും ഹയര്‍ സെക്കന്‍ഡറി ചോദ്യക്കടലാസ് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ യാതൊരു നിലപാടും സ്വീകരിക്കാത്ത മട്ടാണ്. പകലും രാത്രികളിലുമായി കാവല്‍ നില്‍ക്കുന്ന തങ്ങള്‍ക്ക് അസുഖമൊന്നും വരുത്തരുതേയെന്ന പ്രാര്‍ത്ഥനയിലാണ് ഒരോരുത്തരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: