കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനുള്ള തീയതി നീട്ടി. ഈ മാസം 26ന് തിരക്കിട്ട് പ്രസിദ്ധീകരിക്കാനുള്ള നീക്കം വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ഇതു കണക്കിലെടുത്താണ് നീട്ടിയതെന്ന് കരുതുന്നു.
കൊറോണ വ്യാപനം തടയാനും വിലപ്പെട്ട മനുഷ്യ ജീവനുകള്‍ ഏതുവിധേനയും രക്ഷിക്കാനും തീവ്രശ്രമം നടക്കുന്നതിനിടെ വോട്ടര്‍പട്ടിക ഈ മാസം 26നകം പൂര്‍ത്തിയാക്കാന്‍ നല്കിയ നിര്‍ദ്ദേശം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കിടയില്‍ രോഷമുണ്ടാക്കിയിരുന്നു. വോട്ടര്‍പട്ടിക പുതുക്കലും തദ്ദേശ തെരഞ്ഞെടുപ്പും ഒരു മാസം മാറ്റിവച്ചാല്‍ എന്താണിത്ര കുഴപ്പമെന്നും അവര്‍ ചോദിച്ചിരുന്നു. ഇതിന്റെ മറവില്‍ വാര്‍ഡ് വിഭജനം കൂടി തട്ടിക്കൂട്ടാനും സര്‍ക്കാര്‍ നീക്കമാരംഭിച്ചിരുന്നു.
രോഗവ്യാപനം തടയാന്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി. വിലക്ക് ലംഘിച്ച് ജനങ്ങള്‍ റോഡിലിറങ്ങുന്നത് തുടര്‍ന്നപ്പോള്‍ മിക്കയിടങ്ങളിലും നിരോധനാജ്ഞ തന്നെ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പക്ഷെ ഇതിനിടയിലും കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും വോട്ടര്‍പട്ടിക പുതുക്കാനുള്ള ജോലികള്‍ തകൃതിയായി നടന്നിരുന്നു. ഇന്നലെപ്പോലും ഇതിന്റെ ജോലികളാണ് മുഖ്യമായും നടത്തിയിരുന്നത്.
കൊറോണ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും ഐസൊലേഷനില്‍ കഴിയുന്നവരുടെ പട്ടിക തയാറാക്കാനും അവരുടെ കാര്യങ്ങള്‍ നോക്കാനുമുള്ള അടിയന്തര പ്രാധാന്യമുള്ള ജോലികള്‍ തദ്ദേശ സ്ഥാപനങ്ങളെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയ്ന് നടത്താനുള്ള ചുമതലയും അവര്‍ക്കു തന്നെയായിരുന്നു. ഇക്കാര്യങ്ങള്‍ക്ക് ജീവനക്കാര്‍ നെട്ടോട്ടമോടുമ്പോഴാണ് വോട്ടര്‍പട്ടിക പുതുക്കേണ്ട ജോലിയും അടിയന്തരമായി ഏല്‍പ്പിച്ചത്.
കൊറോണ വ്യാപനം തടയാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചെങ്കിലും മുഴുവന്‍ തദ്ദേശ ജീവനക്കാരും എത്തി വോട്ടര്‍പട്ടികയുടെ ജോലിയില്‍ മുഴുകാനായിരുന്നു വാക്കാലുള്ള നിര്‍ദേശം. കൊറോണ കണക്കിലെടുത്ത്, ആരും പരാതി പരിഹരിക്കാനുള്ള ഹിയറിങ്ങിന് എത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവുള്ളതിനാല്‍ ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ ആള്‍ക്കാരെ ചേര്‍ക്കണം, മരിച്ചവരെ ഒഴിവാക്കണം. പുതിയതായി ചേര്‍ക്കുന്നവരുടെ രേഖകള്‍ പരിശോധിക്കാന്‍ നിവൃത്തിയില്ല. നല്‍കിയിരിക്കുന്ന ഫോട്ടോ അതു തന്നെയോയെന്ന് ഉറപ്പാക്കാനും വഴിയില്ല. അതിനാല്‍ പ്രായമടക്കമുള്ള കാര്യങ്ങളില്‍ തെറ്റുകള്‍ ധാരാളം കടന്നുകൂടാമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, മാര്‍ച്ചില്‍ തന്നെ പട്ടിക പുറത്തിറക്കിയേ പറ്റൂയെന്ന കടുംപിടിത്തത്തിലായിരുന്നു സര്‍ക്കാര്‍.
പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ച ശേഷം തെറ്റുണ്ടെങ്കില്‍ തിരുത്താമെന്നും സര്‍ക്കാര്‍ പറഞ്ഞു. അത്തരം നിലപാടെടുത്ത സര്‍ക്കാരാണ് ഇന്നലെ നിലപാട് മാറ്റിയത്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും കൊറോണയുടെ ആശങ്ക കുറഞ്ഞാല്‍ പുതിയ തീയതി പ്രഖ്യാപിച്ചേക്കും. വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ വാര്‍ഡുകള്‍ വിഭജിക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: