ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. എട്ടു മേഖലകളിലായാണ് ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്രസര്‍ക്കാര്‍ അടിയന്തിര സാമ്പത്തിക പാക്കേജിന്റെ പണിപ്പുരയിലാണ്. വൈകാതെ തന്നെ പാക്കേജ് പ്രഖ്യാപിക്കും. എന്നാല്‍ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലെന്നും അത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും നിര്‍മലാ സീതാരാമന് പറഞ്ഞു. സാമ്പത്തിക മേഖലയില്‍ നിരവധി ആശ്വാസ നടപടികള്‍ നിര്‍മല പ്രഖ്യാപിച്ചു.
- 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദായനികുതി അടയ്ക്കാനുള്ള അവസാന തീയതി 2020 ജൂണ്‍ 30വരെ നീട്ടി.
- ആദായനികുതി വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ 12 ശതമാനത്തില്‍നിന്ന് 9 ശതമാനമാക്കി.
- ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും ജൂണ്‍ 30വരെ നീട്ടി. മാര്‍ച്ച് 31നകം ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്.
- സേവിങ്സ് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി.
- മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനു നിയന്ത്രണമില്ല.
- അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാം.
- പണം പിന്‍വലിക്കുന്നതിന് അധിക ചാര്‍ജ് ഈടാക്കില്ല
- നികുതിദായകരുടെ എല്ലാ രേഖകളും പരാതികളും സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ 30 ആയി നീട്ടി.
- മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജിഎസ്ടി നികുതികള്‍ അടയ്ക്കാനുള്ള സമയപരിധിയും ജൂണ്‍ മുപ്പതാക്കി.
- ജിഎസ്ടി റിട്ടേണ്‍ നല്കാന് വൈകുന്ന ചെറു കമ്പനികള്‍ക്ക്, അതായത് ടേണോവര്‍ അഞ്ച് കോടി രൂപയില്‍ താഴെയുള്ള കമ്പനികള്‍ക്ക് ലേറ്റ് ഫീയോ, പിഴയോ, ഇതിന്റെ പലിശയോ ഈടാക്കില്ല.
- അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള കമ്പനികള്‍ക്ക് പിഴയും ലേറ്റ് ഫീയും ഉണ്ടാകില്ല. എന്നാല്‍ ഇതിന്റെ പലിശ നല്‍കേണ്ടി വരും.
- കമ്പനികളുടെ ബോര്‍ഡ് മീറ്റിങ് കൂടാനുള്ള സമയപരിധി 60 ദിവസമാക്കി.
- വിവാദ് സെ വിശ്വാസ് പ്രകാരം കേസുകള്‍ നികുതി അടച്ച് ഒത്തുതീര്‍പ്പാക്കാനും ജൂണ്‍ 30 വരെ സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: