അസുന്‍സ്യോന്‍ (പരാഗ്വെ): വ്യാജ പാസ്പോര്‍ട്ട് കേസില്‍ അറസ്റ്റിലായി പരാഗ്വെയിലെ ജയിലില്‍ കഴിയുന്ന ബ്രസീലിയന്‍ ഇതിഹാസ ഫുട്ബോള്‍ താരം റൊണാള്‍ഡീഞ്ഞോ ആശാരിപ്പണി പഠിക്കുന്നതായി റിപ്പോര്‍ട്ട്. ഒപ്പം ഒഴിവുസമയത്ത് സഹതടവുകാരെ ഫുട്ബോള്‍ പഠിപ്പിക്കാനും ഇദ്ദേഹം സമയം കണ്ടെത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സംഗീത പ്രേമിയായ റൊണാള്‍ഡീഞ്ഞോയ്ക്ക് പക്ഷേ, ജയിലില്‍ അതിനുള്ള സൗകര്യമില്ല. ജയില്‍ച്ചട്ടമനുസരിച്ച് അവിടെ സംഗീതമനുവദിച്ചിട്ടില്ല. ഫുട്ബോള്‍ പഠിക്കാന്‍ താത്പര്യം കാണിച്ച് നിരവധി തടവുപുള്ളികള്‍ റൊണാള്‍ഡീഞ്ഞോയ്ക്കൊപ്പം കൂടിയിട്ടുണ്ട്. ജയില്‍ വാര്ഡന്മാരും ഇതിനു വലിയ പ്രോത്സാഹനം നല്കുന്നു.
ഈ മാസം നാലിനാണ് പാരഗ്വെ തലസ്ഥാനമായ അസുന്‍സ്യോനിലെ ആഡംബര ഹോട്ടലില്‍നിന്ന് റൊണാള്‍ഡീഞ്ഞോയെയും സഹോദരനും താരത്തിന്റെ ബിസിനസ് മാനേജരുമായ റോബര്‍ട്ടോ ഡി അസീസിനെയും വ്യാജ പാസ്പോര്‍ട്ടുമായി പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസത്തിനുശേഷം ജയിലിലടച്ച ഇരുവര്‍ക്കും അതിനുശേഷം പുറത്തിറങ്ങാനായിട്ടില്ല. പലതവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടുതടങ്കലിലേക്കു മാറാനും ശ്രമം നടത്തിനോക്കിയെങ്കിലും വിജയിച്ചില്ല. റൊണാള്‍ഡീഞ്ഞോയുടെ 40-ാം ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു. അതും ജയിലിലാണ് ആഘോഷിച്ചത്.
ജയില്‍ തടവുകാര്‍ക്കൊപ്പം അദ്ദേഹം ഫുട്സാല്‍ കളിക്കുന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് പുറത്തുവന്നിരുന്നു. റൊണാള്‍ഡീഞ്ഞോയുടെ കടുത്ത ആരാധകര്‍ പോലും ജയിലിലുണ്ടത്രേ. ജയിലില്‍ റൊണാള്‍ഡീഞ്ഞോയ്ക്കായി പ്രത്യേകം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിവിയും ശീതീകരണ സംവിധാനവുമുള്ള സെല്ലിനുള്ളില്‍ ഒറ്റയ്ക്കാണ് താമസം. സഹോദരനും ഇതേ സംവിധാനങ്ങളോടെ തൊട്ടടുത്ത സെല്ലിലുണ്ട്. ബാത് റൂം സൗകര്യം മറ്റു ചില തടവുകാരുമായി പങ്കിടണം. സെല്ലിനുള്ളില്‍ത്തന്നെയാണ് താരം കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: