റിയോ ഡി ജനീറൊ: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സഹായ വാഗ്ദാനവുമായി ബ്രസീലിലെ ഫുട്ബോള്‍ ക്ലബ്ബുകള്‍. തങ്ങളുടെ സ്റ്റേഡിയങ്ങള്‍ താത്കാലിക ആശുപത്രികളാക്കി മാറ്റുവാനാണ് ക്ലബ്ബുകളുടെ തീരുമാനം. ബ്രസീലിലെ പ്രധാന നഗരങ്ങളായ റിയോ ഡി ജനീറോയിലും സാവോപോളോയിലും വൈറസ് ബാധിതരുടെ എണ്ണം ക്രമാധീതമായി കൂടുന്ന സാഹചര്യത്തിലാണ് ചരിത്രപ്രസിദ്ധമായ മാരക്കാര സ്റ്റേഡിയം ഉള്‍പ്പെടെ ആശുപത്രികളാക്കി മാറ്റാന്‍ ആരോഗ്യ വകുപ്പിന് വിട്ടുനല്‍കിയത്.
ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ഫ്ളെമംഗോയാണ് മാരക്കാന സ്റ്റേഡിയം വിട്ടുനല്‍കിയത്. പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും പ്രായമായവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ഫ്ളെമംഗോ പ്രസിഡന്റ് റുഡോള്‍ഫോ ലാന്‍ഡിം പറഞ്ഞു. സാവോപോളോയിലെ പകേംബു മുനിസിപ്പല്‍ സ്റ്റേഡിയം ഇരുന്നൂറ് കിടക്കകളുള്ള ആശുപത്രിയാക്കിയാണ് മാറ്റിയത്.
കൊറിന്ത്യന്‍സ് ക്ലബ് സ്റ്റേഡിയവും പരിശീലന ഗ്രൗണ്ടും താത്കാലിക ആശുപത്രിക്കായി വിട്ടുനില്‍കി. സാന്റോസ് ക്ലബ് ഹോം ഗ്രൗണ്ടില്‍ സ്വന്തമായി ആശുപത്രി തുടങ്ങി. ബ്രസീലില്‍ എല്ലാ ഫുട്ബോള്‍ മത്സരങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: