ഇങ്ങനെയൊരനുഭവം നമുക്ക് ആദ്യമായിരിക്കും. സംസ്ഥാനം മൊത്തം അടച്ചുപൂട്ടുന്ന ‘ലോക് ഡൗണ്‍’ സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നത് ലോകത്തെ മൊത്തം ഭീഷണമായി ഗ്രസിച്ച കൊറോണ വൈറസിന്റെ വ്യാപനമാണ്. മനുഷ്യരാശിയെ പാഠം പഠിപ്പിച്ചേ അടങ്ങൂയെന്ന വാശിയോടെ ചുടല നൃത്തമാടുന്ന ഈ ആസുരികശക്തിയെ എല്ലാവിധ ശക്തിയോടെയും എതിര്‍ത്തെങ്കില്‍ മാത്രമേ മനുഷ്യവംശം നിലനില്‍ക്കൂ എന്നായിരിക്കുന്നു. അതിന് നിങ്ങള്‍ തയാറുണ്ടോ എന്ന ചോദ്യമാണ് ഏറ്റവും പ്രസക്തം.
ഇത്തരം ഭീഷണമായ അന്തരീക്ഷത്തെ മെരുക്കിയെടുക്കാന്‍ ഭരണകൂടം സാധ്യമായതൊക്കെ ചെയ്യുമ്പോള്‍ അവരെ അങ്ങേയറ്റം സഹായിക്കുകയും നിര്‍ദ്ദേശങ്ങള്‍ ശിരസാവഹിക്കുകയുമാണ് വേണ്ടത്. സമൂഹത്തോട് സ്നേഹവും ഉത്തരവാദിത്തവുമുള്ള പൗരന്മാര്ക്ക് അങ്ങനെ പെരുമാറാനേ കഴിയൂ. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിക്കുന്നില്ല. എന്നുമാത്രമല്ല, സര്‍ക്കാര്‍ നിര്ദ്ദേശിച്ചിരിക്കുന്നതൊക്കെ അട്ടിമറിച്ച് സമൂഹത്തെ വിനാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടേ അടങ്ങൂ എന്നതരത്തിലാണ് പലരുടെയും പെരുമാറ്റം.
കാസര്‍കോട് കോവിഡ് ബാധിച്ച രോഗിയുടെ നേരത്തെയും ഇപ്പോഴത്തെയും പെരുമാറ്റമാണ് സാമൂഹികദ്രോഹ ചിന്തയുള്ള ചിലരുടേത്. സമൂഹ വ്യാപനത്തിനുള്ള എല്ലാ സാധ്യതകളും തടയാനാണ് ‘ലോക് ഡൗണ്‍’ പ്രഖ്യാപിച്ചത്. കഴിവതും പുറത്തിറങ്ങാതിരിക്കുക, അവശ്യ വിഭാഗത്തിലുള്ളവര്‍ മാത്രം പുറത്തിറങ്ങുകയെന്ന തരത്തിലേക്ക് സ്ഥിതിഗതികളെ പരുവപ്പെടുത്തിയെടുക്കുമ്പോള്‍ ഉല്ലാസയാത്രയ്ക്ക് മികച്ച അവസരമാക്കി മാറ്റുകയാണ് ചിലര്‍. ഒഴിഞ്ഞുകിടക്കുന്ന റോഡുകള്‍, അടച്ചിട്ട കടകള്‍ എന്നിവയൊക്കെ കാണാന്‍ കൂട്ടം കൂട്ടമായി ആളുകള്‍ ഇറങ്ങുകയാണ്. സാമൂഹിക അകലം പാലിച്ച് ഈ വൈറസിനെ തുരത്തുന്നതിന് പകരം സ്വാഗതം ചെയ്ത് വീട്ടിലേക്ക് കൊണ്ടുവരുന്ന സാമൂഹിക ദ്രോഹമാണ് ചിലരുടെ പ്രവൃത്തിവഴി ഉണ്ടാവുന്നത്.
തിരുവനന്തപുരത്തും കൊല്ലത്തും പോലീസ് കമ്മീഷണര്‍മാര്‍ തന്നെ രംഗത്തിറങ്ങി അത്തരക്കാരെ ശക്തമായി താക്കീത് ചെയ്ത് തിരിച്ചയക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ കുറ്റവാളി മനസ്കരല്ലേ? താന്‍വഴി സമൂഹത്തിന് ഒരു നന്മയും ഉണ്ടായില്ലെങ്കിലും അപകടം വരുത്തരുതെന്നെങ്കിലും ചിന്തിക്കേണ്ടേ? റോഡില്‍ അപകടത്തില്‍ പെട്ട് ചോര വാര്‍ന്നൊഴുകുന്ന ഹതഭാഗ്യന്റെ അരികില്‍ നിന്ന് സെല്‍ഫിയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിനെക്കാള്‍ ഭീകരമല്ലേയിത്? നമ്മള് ദൈവത്തിന്റെ നാട്ടുകാരാണെന്ന് അഹങ്കരിക്കുകയും ചെകുത്താനൊപ്പം ചേര്‍ന്ന് ആഹരിക്കുകയുമല്ലേ? നിരക്ഷരകുക്ഷികളല്ല ഇമ്മാതിരി നെറികെട്ട പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് എന്നതാണ് ഖേദകരം. വിവരം കൂടുംതോറും വിവേകം നഷ്ടപ്പെടുന്നു എന്നതിന് ഇതില്പരം തെളിവെന്തിന്?
അടുത്ത നാല് ദിവസങ്ങള്‍ അതീവ ഗുരുതരമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തില്‍ ചിലരുടെ നീചപ്രവൃത്തികള്‍ എവിടെക്കൊണ്ടെത്തിക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. മഹാരാഷ്ട്രയും കേരളവുമാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതെന്നും’ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു കൂടി അറിയുമ്പോഴാണ് എല്ലാ നിര്‍ദ്ദേശങ്ങളും കാറ്റില്‍ പറത്തി ചിലര്‍ സമൂഹത്തെ കൊടിയ യാതനയിലേക്ക് നയിക്കാന്‍ ചാടിപ്പുറപ്പെടുന്നത്. സാമൂഹിക അകലം പാലിക്കാത്തതിന്റെ ദുരന്തം എന്താണെന്ന് ഇതിനകം ഇറ്റലിയുടെ ദൈന്യാവസ്ഥയില്‍ നിന്ന് വ്യക്തമല്ലേ? ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ യാത്ര ചെയ്യുന്ന രോഗികളുടെ കണ്ണിലെ പ്രതീക്ഷകള്‍ അണയുന്നത് ഹൃദയവ്യഥയോടെയല്ലേ ആരോഗ്യ പ്രവര്‍ത്തകര്‍ വിവരിക്കുന്നത്. ഇതൊക്കെയറിഞ്ഞിട്ടും നീചപ്രവൃത്തികള്‍ ചെയ്യുന്ന ഇത്തരക്കാര്‍ക്ക് നേരെ ശക്തമായ നടപടിയും മാതൃകാപരമായ ശിക്ഷയും നല്‍കേണ്ടതാണെന്നതില്‍ തര്‍ക്കമില്ല. താനും തന്റെ ചുറ്റുപാടും ഒരേപോലെ വസന്ത കാലത്തിന്റെ സൗന്ദര്യം ആസ്വദിക്കുമ്പോഴേ സമൂഹം സ്നേഹത്തിന്റെ പൂക്കാല സമൃദ്ധിയില്‍ സ്വാസ്ഥ്യം കൊള്ളൂയെന്ന് ഇനിയെങ്കിലും അവര്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: