തിരുവല്ല: കൊറോണ പടരുന്നത് തടയാൻ ആരോഗ്യവകുപ്പിനൊപ്പം മണിപ്പുഴ സംസ്‌കൃതി ഗ്രാമസേവാസമിതിയുടെ പ്രവർത്തകരും. നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം പഞ്ചായത്തിലെ വിവിധയിടങ്ങൾ സേവാസമിതിയുടെ പ്രവർത്തകർ അണുവിമുക്തമാക്കി. കൈയ്യുറകളും മുഖാവരണവും ധരിച്ച് ആരോഗ്യ വകുപ്പ് മാർഗ്ഗ നിർദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തകർ ശുചീകരണത്തിന് ഇറങ്ങിയത്.
പഞ്ചായത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ബാങ്ക് എ.ടി.എമ്മുകൾ തുടങ്ങിയവ സാനിറ്റൈസർ, ഡെറ്റോൾ എന്നിവ ഉപയോഗിച്ച് അണുവിമുക്തമാക്കി. പഞ്ചായത്തിലെ നിശ്ചിത കേന്ദ്രങ്ങളിൽ കൈകഴുകൽ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
പൊടിയാടി കാനറാ ബാങ്ക് എ.ടി.എം. ശുചീകരണത്തിന് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സുനിൽകുമാറും ഒപ്പം ചേർന്നു. ബാങ്ക് മാനേജർ ഐ. നിഷ പ്രവർത്തകരെ അഭിനന്ദിച്ചു. പൊടിയാടി എസ്.ബി.ഐ. എ.ടി.എം. ശുചീകരിക്കാൻ പിന്തുണയുമായി ബാങ്ക് മാനേജർ കെ. രാജശ്രീയും എത്തിയിരുന്നു. ഒറ്റപ്പെട്ട് കഴിയുന്നവർക്ക് വേണ്ട സഹായങ്ങൾ നൽകാനും പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. മരുന്ന് അടക്കം ആവശ്യമുള്ളവർ വിളിക്കുക. ഫോൺ: 960559215.
പ്രതികരിക്കാൻ ഇവിടെ എഴുതുക: