കോട്ടയം: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശന വിലക്ക് വന്നതോടെ നടവരവ് തീരെയില്ലാതെയായി. ഇത് മഹാക്ഷേത്രങ്ങളെയടക്കം സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കും. സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ 31 വരെ ഭക്തരെ പ്രവേശിപ്പിക്കുന്നില്ല. ഇതിന് പിന്നാലെ സ്വകാര്യ ദേവസ്വങ്ങളും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഉത്സവങ്ങള്‍ ചടങ്ങുകളാക്കി ചുരുക്കി.
സ്വകാര്യ ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നല്ലൊരു ശതമാനവും നടവരവിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ക്ഷേത്ര ഭൂമികള്‍ പലതും അന്യാധീനപ്പെട്ട പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ ക്ഷേത്രങ്ങളില്‍ പലതും അന്തിത്തിരി കത്തിക്കാനും നിത്യനിദാന ചെലവ് കണ്ടെത്താനും ബുദ്ധിമുട്ടുന്നുണ്ട്. ഭക്തരുടെ കാണിക്കയും വഴിപാട് പണവുമാണ് ഈ ക്ഷേത്രങ്ങളെ താങ്ങിനിര്‍ത്തുന്നത്. ക്ഷേത്രങ്ങളുടെ ദൈനംദിന ചെലവുകള്‍ക്ക് പുറമെ ജീവനക്കാരുടെ വേതനം കണ്ടെത്തുന്നത് നടവരവിലൂടെയായിരുന്നു. എന്നാല്‍, കൊറോണ ഭീതിയെത്തുടര്‍ന്ന് പ്രവേശനം നിരോധിച്ചതിലൂടെ മഹാപ്രളയകാലത്തുണ്ടായ പ്രതിസന്ധിയിലൂടെയാണ് സ്വകാര്യ ദേവസ്വങ്ങള്‍ കടന്നുപോകുന്നത്. ഭക്തരില്ലെങ്കിലും പൂജാദി കര്‍മങ്ങള്‍ക്ക് മുടക്കം വരുത്താന്‍ കഴിയില്ല. അതിനാല്‍, വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് ദേവസ്വം അധികാരികള്‍ പറയുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 1200ഓളം ക്ഷേത്രങ്ങളില്‍ സ്വയം പര്യാപ്തമായിട്ടുള്ളത് 60 എണ്ണം മാത്രമാണ്. കഴിഞ്ഞത് സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞ മണ്ഡലക്കാലമായതിനാല്‍ ശബരിമലയില്‍ നിന്നുള്ള വരുമാനത്തിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയിലാണ് കൊറോണ ഭീതി ഉടലെടുത്തത്.
ഇതുമൂലം ശബരിമല ഉത്സവത്തിന് ഭക്തരെ പ്രവേശിപ്പിക്കുന്നില്ല. കൊറോണ നിയന്ത്രണം തുടര്‍ന്നാല്‍ അടുത്ത മാസത്തെ വിഷുപൂജയ്‌ക്കും ഭക്തര്‍ക്ക് ശബരിമലയില്‍ എത്താനാകുമോയെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്.
കൊറോണയെ തുടര്‍ന്നുണ്ടായ അവസ്ഥ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി അതിരൂക്ഷമാക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലും കാര്യങ്ങള്‍ ശുഭകരമല്ല. പ്രതിസന്ധി മറികടക്കാന്‍ ദേവസ്വം ബോര്‍ഡുകളില്‍ ചെലവ് ചുരുക്കാനുള്ള നടപടി തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: