തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടും തിരുവല്ല നഗരത്തിലും പരിസര പ്രദേശങ്ങളിലും തിരക്കൊഴിയുന്നില്ല. അവശ്യ സാധനങ്ങൾക്ക് അല്ലാതെ ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന ഉത്തരവ് ലംഘിച്ചാണ് പലരും നഗരത്തിൽ വിലസുന്നത്. നഗരത്തിൽ കടകൾ അടഞ്ഞുകിടന്നെങ്കിലും ഓട്ടോറിക്ഷ ടാക്‌സി അടക്കം പതിവുപോലെ സർവ്വീസ് നടത്തി. സ്വകാര്യ വാഹനങ്ങളടക്കം നിരത്തിലിറങ്ങി.
കെഎസ്ആർടിസി പരിസരത്തും ദീപാ ജങ്ഷനിലും ചന്തയിലും വലിയ ആൾക്കൂട്ടങ്ങളായിരുന്നു. എന്നാൽ ഇവരെ ഒഴിവാക്കാൻ പോലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പത്തനംതിട്ട, റാന്നി പ്രദേശങ്ങളിൽ ആരും നിരത്തിലിറങ്ങിയില്ല. ഇരുചക്രവാഹനങ്ങളിലും കാൽനടയുമായാണ് കൂടുതൽ ആളുകളും ഇന്നു പുറത്തിറങ്ങിയത്. തിരുവല്ലയിൽ ഇതുവരെ ആർക്കും രോഗബാധ സ്ഥരീകരിച്ചിട്ടില്ലെങ്കിലും കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി 1115 പെരെയാണ് അഞ്ച് പഞ്ചായത്തുകളിലും നഗരസഭാ പരിധിയിലുമായി നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.
ഉത്തരവ് ലംഘിച്ച് ആളുകൾ കൂടുതൽ പുറത്തിറങ്ങിയത് ജനങ്ങളിൽ ഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ ആശുപത്രികളിൽ അത്യാവശ്യ സേവനങ്ങളും ലഭ്യമായിരുന്നു. മരുന്നുകടകൾ, മാർജിൻഫ്രീ മാർക്കറ്റുകളും തുറന്നിരുന്നു. ബാങ്ക്, സപ്ലൈകോ മാർക്കറ്റ് എന്നിവയും തുറന്നു പ്രവർത്തിച്ചു. നഗരത്തിൽ തിരക്കുകൾക്കിടയിലും ആരോഗ്യ പ്രവർത്തകർ യാത്രക്കാർക്കുവേണ്ട നിർദ്ദേശങ്ങൾ നൽകി സുസജ്ജരായി ഉണ്ടായിരുന്നു. മല്ലപ്പള്ളി താലൂക്കിലെ മിക്ക ഭാഗങ്ങളിലും അവശ്യ സാധനങ്ങൾ വില്ക്കുന്നതൊഴിച്ചുള്ള വ്യാപാര സ്ഥാപനങ്ങളൊക്കെ അടഞ്ഞു കിടന്നു.
എന്നാൽ നിരത്തുകളിലൊക്കെ ധാരാളം സ്വകാര്യ വാഹനങ്ങൾ അനസ്യൂതം പ്രവഹിക്കുന്നുണ്ടായിരുന്നു. അവശ്യ സർവ്വീസുകളിൽ പ്രവർത്തിക്കുന്നവർക്കും അവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തിറ ങ്ങാനുമുള്ള അനുമതി ദുരുപയോഗം ചെയ്തുകൊണ്ട് നിരവധി ജനങ്ങൾ പുറത്തിറങ്ങുന്നതായാണ് അധികൃതരുടെ പരാതി. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി കീഴുവയ്‌പുർ, പെരുമ്പെട്ടി കോയിപ്രം പോലീസ് അധികാരികളുടേയും ആരോഗ്യപ്രവർത്തകരുടേയും നേതൃത്വത്തിൽ പുറത്തിറങ്ങുന്നവരെ ബോധവൽകരണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: