കൂണുകള്‍ മുളച്ചതുപോലെ ക്ഷേത്രങ്ങള്‍ നിറഞ്ഞൊരു ഗ്രാമമുണ്ട് ജാര്‍ഖണ്ഡില്‍. കൃത്യമായി പറഞ്ഞാല്‍ ജാര്‍ഖണ്ഡ്ബംഗാള്‍ അതിര്‍ത്തിയിലെ ധുംകാ ജില്ലയില്‍. ഗ്രാമത്തിനു പേര് മലൂട്ടി. കളിമണ്‍കട്ടകളില്‍ തീര്‍ത്ത 108 ക്ഷേത്രങ്ങളില്‍ അവശേഷിക്കുന്നത് 72.
മലൂട്ടിയുടെ ചരിത്രം
ബംഗാളിലെ മുസ്ലിം ഭരണാധികാരിയായിരുന്ന അലാവുദ്ദിന്‍ ഹസന്‍ ഷാ (1495 1525) യുടെ അധീനതയിലിരുന്നു മലൂട്ടി. ഒരിക്കല്‍ ഒരു യാത്രയ്‌ക്കിടെ റാണിക്കും അനുചരന്മാര്‍ക്കുമൊപ്പം സുല്‍ത്താന്‍, മലൂട്ടിയില്‍ വിശ്രമിക്കാനിടയായി. അതിനിടെ റാണിയുടെ ഓമനയായ പരുന്തിനെ നഷ്ടമായി. പരുന്തിനെ കാണാഞ്ഞ് റാണി വല്ലാതെ വിഷമിച്ചു. അതിനെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് വിശേഷപ്പെട്ടൊരു സമ്മാനം നല്‍കുമെന്ന് സുല്‍ത്താന്‍ പ്രഖ്യാപിച്ചു. ഗ്രാമത്തിലെ ആട്ടിടയനായ ബസന്ത് പരുന്തിനെ തിരഞ്ഞു പിടിച്ച് സുല്‍ത്താനെ ഏല്‍പിച്ചു. സംപ്രീതനായ സുല്‍ത്താന്‍ ബസന്തിന് സമ്മാനമായി അവിടെയുള്ള ഏക്കര്‍ കണക്കിന് ഭൂമി കരമൊഴിവാക്കി നല്‍കി. അതാണ് പിന്നീട് മലൂട്ടിയെന്ന് അറിയപ്പെട്ട ഗ്രാമം. ബസന്ത് അവിടുത്തെ ആദ്യനാട്ടുരാജാവായി. ഉത്തരപൂര്‍വ ഇന്ത്യയിലെ ‘ബാജ് ബസന്ത്’ രാജവംശത്തിന്റെ തുടക്കവും അതായിരുന്നു.
കൊട്ടാരം പണിയുന്നതിനു പകരം രാജാവ് ഗ്രാമം നിറയെ ചാരുതയാര്‍ന്ന ക്ഷേത്രങ്ങള്‍ പണിതു. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ പിന്നീട് നാലു താവഴികളായി പിരിഞ്ഞു. അവരും മത്സരിച്ചു പണിതത് ഒന്നിനൊന്ന് മികവാര്‍ന്ന ക്ഷേത്രങ്ങളായിരുന്നു.
കളിമണ്ണിലെ കലാചാതുരി
മലൂട്ടിയിലെ ക്ഷേത്രകവാടങ്ങളെല്ലാം ഇഷ്ടികയില്‍ കൊത്തിവെച്ച ചിത്രങ്ങളാല്‍ കമനീയമാണ്. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലെ കഥാസന്ദര്‍ഭങ്ങളാണ് അവയില്‍ ഏറെയും. ബംഗാളിന്റെ ഈ തനത് ശില്‍പ്പകലാവിദ്യ വിഖ്യാതമായതും ഈ കാലയളവിലാണ്. കല്ലില്‍ കൊത്തിയ ശില്‍പങ്ങള്‍ ഭാരതീയ സംസ്‌കൃതിയില്‍ ഏറെ വാഴ്‌ത്തപ്പെട്ടപ്പോള്‍ കളിമണ്ണിലെ ഈ വൈഭവത്തിന് വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോയി.
ക്ഷേത്രനിര്‍മിതിയുടെ കാലഘട്ടത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായകമായ ഒട്ടേറെ ലിഖിതങ്ങള്‍ ക്ഷ്രേതസമുച്ചയങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംസ്‌കൃതം, പ്രാകൃത്, ബംഗാളി ലിപികള്‍ ചേര്‍ത്തെഴുതിയവയാണ് ലിഖിതങ്ങള്‍.
‘സൂത്രധാര്‍’ എന്നറിയപ്പെട്ടിരുന്ന ശില്‍പ്പകലാ വിദഗ്ധര്‍ക്കായിരുന്നു ക്ഷേത്രനിര്‍മിതിയുടെ മേല്‍നോട്ടം. പ്രത്യേകരീതയില്‍, നാലുവശങ്ങളിലേക്കും ചരിവോടെയാണ് മേല്‍ക്കൂരകളില്‍ ഭൂരിഭാഗവും പണിതിരിക്കുന്നത്. ‘ചാര്‍ ചല്ല’യെന്നാണ് ഈ മേല്‍ക്കൂരകള്‍ അറിയപ്പെടുന്നത്.
‘മാ മൗലിക്ഷാ ക്ഷേത്ര’മാണ് മലൂട്ടി ക്ഷേത്രങ്ങളില്‍ പ്രധാനം. ബാജ് ബസന്ത്‌രാജവംശത്തിന്റെ ഭരദേവതയായിരുന്നു ‘മാ മൗലിക്ഷാ’. കാളീപൂജയാണ് ഇവിടുത്തെ പ്രധാന ആഘോഷം. വിസ്മൃതിയിലായിരുന്ന മലൂട്ടി ക്ഷേത്രങ്ങളെക്കുറിച്ച് ലോകമറിഞ്ഞു തുടങ്ങിയത് 1979 ലാണ്. അതിന് വഴിയൊരുക്കിയത്. ബിഹാര്‍ പുരാവസ്തു വകുപ്പ് ഡയറക്ടറായിരുന്ന എ. കെ. സിന്‍ഹ.
പക്ഷേ ക്ഷേത്രങ്ങളില്‍ 72 എണ്ണമെങ്കിലും അവശേഷിക്കുന്നതിന് മലൂട്ടി ഗ്രാമവും അധികൃതരും കടപ്പെട്ടിരിക്കുന്നത് ‘ബത്തുദാ’ എന്ന് ഗ്രാമീണര്‍ സ്‌നേഹാദരങ്ങളോടെ വിളിക്കുന്ന 82 കാരന്‍ ഗോപാല്‍ മുഖര്‍ജിയോടാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സേവനം. പരിപാലനം.
2015 ലെ റിപബ്ലിക് ദിന പരേഡില്‍ ഏറ്റവും നല്ല നിശ്ചലദൃശ്യത്തിനുള്ള അംഗീകാരം ലഭിച്ചത് ജാര്‍ഖണ്ഡിനായിരുന്നു. മലൂട്ടി ക്ഷേത്രങ്ങളുടെ കമനീയ ദൃശ്യങ്ങളായിരുന്നു ആ അംഗീകാരത്തിനു പിറകില്‍. അവിടുന്നങ്ങോട്ട് ജാര്‍ഖണ്ഡിലെ മലൂട്ടിയും ക്ഷേത്രവും കാണാന്‍ സന്ദര്‍ശക പ്രവാഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: