തിരുവനന്തപുരം: കൊറോണ(കൊവിഡ് 19) വ്യാപനം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യം ഒഴിവാക്കിയാല്‍ സാമൂഹ്യ പ്രത്യാഘാതം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലൂടെയാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതും ന്യായീകരണം നിരത്തിയതും.
കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ട്വീറ്റുമായാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ എത്തിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പഞ്ചാബില്‍ അവശ്യസാധനങ്ങളുടെ കൂട്ടത്തില്‍ മദ്യത്തെയും ഉള്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നേരത്തെയുള്ള അനുഭവം നമ്മുടെ മുന്നിലുണ്ടെന്നും അത്തരമൊരു ആപത്തിലേക്ക് വീണ്ടും പോകരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന സമയക്രമത്തില്‍ മാറ്റംവരുത്തുന്നത് പരിഗണിക്കാമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ബിവറേജസ് വില്‍പനശാലകളിലെ കഴിഞ്ഞ ദിവസത്തെ തിരക്ക് ഞായറാഴ്ചത്തെ പ്രത്യേകത കൊണ്ടാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാല്‍, ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കേണ്ടെന്നും ബാറുകള്‍ക്കുള്ളില്‍ മദ്യം നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അവിടെ കൗണ്ടര്‍ വഴി വില്‍പന അനുവദിക്കുന്ന നില ഉണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ബിവറേജസ് വില്‍പന ശാലകള്‍ അടച്ചിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിവറേജസ് വില്‍പന ശാലകള്‍ 24 മണിക്കൂറിനുള്ളില്‍ പൂട്ടണമെന്ന ആവശ്യമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: