Categories: Ernakulam

എറണാകുളം ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി, ലേല നടപടികളും 31 വരെയില്ല

ഇന്ന് രാത്രി മുതല്‍ ബോട്ടുകള്‍ കടലില്‍ ഇറക്കില്ല. ലേല നടപടികളും വില്‍പ്പനകളും മാര്‍ച്ച്‌ 31വരെ ഉണ്ടാകില്ല. ഇനി പുറത്ത് നിന്നുള്ള മീൻ മാത്രമേ ജില്ലയിൽ വിലപ്പനയ്ക്ക് ഉണ്ടാകൂ.

Published by

കൊച്ചി: കോവിഡ് 19ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഇന്ന് രാത്രി മുതല്‍ ബോട്ടുകള്‍ കടലില്‍ ഇറക്കില്ല. ലേല നടപടികളും വില്‍പ്പനകളും മാര്‍ച്ച്‌ 31വരെ ഉണ്ടാകില്ല. ഇനി പുറത്ത് നിന്നുള്ള മീൻ മാത്രമേ ജില്ലയിൽ വിലപ്പനയ്‌ക്ക് ഉണ്ടാകൂ.

നിലവിൽ മീൻ‌പിടിക്കാൻ പോയിരിക്കുന്ന ബോട്ടുകൾ ഇന്നും നാളെയുമായി തിരികെയെത്തും. കുളച്ചൽ തീരത്ത് നിന്നുള്ള ബോട്ടുകൾ അവിടേയ്‌ക്ക് മടങ്ങും. വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സര്‍വീസുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചിടും. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളും ഭാഗികമായി അടച്ചിടും. കൊറോണ വൈറസ് സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.  

സംസ്ഥാനം മുഴുവന്‍ അടച്ചിടേണ്ടതില്ല എന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉണ്ടായതെന്നാണ് വിവരം. എങ്കിലും കാസര്‍കോട്ടിന്റെ സ്ഥിതി കണക്കിലെടുത്ത് ജില്ല പൂര്‍ണമായി അടച്ചിടാനാണ് തീരുമാനം. കാസര്‍കോട് മാത്രം 19 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ആരും വീടിന്റെ പുറത്ത് ഇറങ്ങരുത്. വീടുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ച്‌ നല്‍കും. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by