ഇരിട്ടി: ദുബായിൽ നിന്നും ബംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങി കിളിയന്തറ ആര്‍ടി ചെക്ക്‌പോസ്റ്റ് വഴി കടന്നുപോയ 12 അംഗ സംഘത്തില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരണം. ഇവര്‍ കടന്നുപോയ ആര്‍ടി ചെക്ക് പോസ്റ്റില്‍ വാര്‍ത്താ ശേഖരണത്തിനെത്തിയ നാല് മാധ്യമ പ്രവര്‍ത്തകര്‍, സ്ഥലത്തെത്തിയ രണ്ട് എസ്‌ഐ മാരുള്‍പ്പെടെ പത്തോളം പോലീസ് ഉദ്യോഗസ്ഥര്‍, ആര്‍ടി ചെക്ക് പോസ്റ്റ്, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരടക്കം മുപ്പതോളം പേരെ നിരീക്ഷണത്തിലാക്കി.
ഇന്നലെ രാവിലെ 10 മണിയോടെ ബംഗളൂരുവില്‍ നിന്നും വീരാജ്‌പേട്ട വഴി ടെമ്പോ ട്രാവലര്‍ ടാക്‌സിയില്‍ കൂട്ടുപുഴ ആര്‍ടി ചെക്ക് പോസ്റ്റിലെത്തിയ സംഘത്തിലെ ചെറുവാഞ്ചേരി സ്വദേശിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ എത്തിയ ടാക്‌സി വാന്‍ നാലായിരം രൂപ ടാക്‌സ് അടക്കണമെന്ന് പറഞ്ഞ് ചെക്ക് പോസ്റ്റ് അധികൃതര്‍ തടയുകയായിരുന്നു. തങ്ങളുടെ കയ്യില്‍ കാശില്ലെന്ന് പറഞ്ഞ് ഇവര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇതിനിടയില്‍ സംഘത്തെ ഇവിടെ ഇറക്കി ഡ്രൈവര്‍ വാഹനവുമായി തിരിച്ചുപോവുകയും ചെയ്തു.
കിളിയന്തറ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ ആരോഗ്യവകുപ്പധികൃതരുണ്ടെന്നും അവരെ കണ്ടതിനു ശേഷം മാത്രം പോയാല്‍ മതിയെന്ന് പറയുന്നതിനിടെ സംഘം ഇതുവഴി വന്ന ആഷിക് ബസ്സില്‍ ഓടിക്കയറി. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ നിരവധി ലഗേജുകളുമായി ബസ്സില്‍ ഓടിക്കയറുന്നവരെക്കണ്ട് ബഹളം വെക്കുകയും ബസ്സുകാര്‍ ഇവരെ രണ്ട് കിലോമീറ്റര്‍ ഇപ്പുറമുള്ള കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ഇറക്കിവിടുകയുമായിരുന്നു.
ഈ സമയത്ത് ഇവിടെയെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെ ഇവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ദൃശ്യങ്ങള്‍ നശിപ്പിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസും ഇവിടെയുണ്ടായിരുന്ന റവന്യൂ, ആരോഗ്യ പ്രവര്‍ത്തകരും കൂടി 108 ആംബുലന്‍സ് വരുത്തിയെങ്കിലും ആംബുലന്‍സ് എത്തുന്നതിന് മുന്നേ ഇതില്‍ നാലുപേര്‍ നാട്ടില്‍ നിന്നും ടാക്‌സി വിളിച്ചുവരുത്തി അതില്‍ കയറിപ്പോയി. നാലുപേര്‍ ആശുപത്രിയിലെത്താതെ ആംബുലന്‍സ് ഡ്രൈവറുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഉരുവച്ചാലില്‍ ഇറങ്ങി കെഎല്‍ 58 എബി 7815 തലശ്ശേരി ബസ്സില്‍ കയറിപ്പോവുകയും ചെയ്തു.
സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍, പോലീസ് ഉേദ്യാഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരടക്കമാണ് ഇപ്പോള്‍ വീട്ട് ക്വാറന്റൈനില്‍ പോയിരിക്കുന്നത്. കൂടാതെ ഇവര്‍ സഞ്ചരിച്ച ബസുകളിലെ യാത്രക്കാര്‍ ആരെല്ലാമെന്നും ആരോഗ്യവകുപ്പ് അന്വേഷിച്ചു വരികയാണ്. ഇവര്‍ ഏകദേശം നൂറ്റി അമ്പതോളം പേര്‍ വരുമെന്നാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: