ജനീവ: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം പതിമൂവായിരം കടന്നു. ആകെ13,579 പേര്. മൂന്നു ലക്ഷത്തിലധികം പേര് (3,15,952) വൈറസ് ബാധിതരാണെന്നാണ് റിപ്പോര്‍ട്ട്. ഓരോ ദിവസവും എഴുനൂറിലേറെ മരണങ്ങള് റിപ്പോര്‍ട്ടു ചെയ്യുന്ന ഇറ്റലി ഏറ്റവും ഭയാനകമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ആള്‍നാശമാണ് വരാനിരിക്കുന്നതെന്ന സൂചനയാണിതെന്ന് ഇറ്റാലിയന്‍ ഭരണകൂടം തന്നെ വിലയിരുത്തുന്നു. വൈറസ് ബാധയില്‍ നിന്ന് 95,892 പേര് മുക്തരായി എന്നത് ശുഭസൂചനയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറ്റലിയുടെ അവസ്ഥയുണ്ടാകുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജ്യത്തിനു മുന്നറിയിപ്പു നല്കി. 233 മരണങ്ങളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മടിക്കുന്ന ജനങ്ങളുടെ ശൈലിയാണ് ബ്രിട്ടനെ അലട്ടുന്നത്. ജനങ്ങള്‍ ഏറ്റവുമധികം ഒന്നിച്ചു കൂടുന്ന പബ്ബുകള്‍ അടച്ചിടാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇറാനില്‍ 1685 പേര് ഇതുവരെ മരിച്ചു. വൈറസ് ബാധ പ്രതിരോധിക്കാനുള്ള ഇറാന്റെ നീക്കങ്ങള്‍ ഫലം കണ്ടു തുടങ്ങിയെങ്കിലും ഇരുപതിനായിരത്തിലധം പേര്‍ക്ക് ഇപ്പോഴും വൈറസ് ബാധയുള്ളത് ഭരണകൂടത്തെ അലട്ടുന്നു.
1381 പേര് മരിച്ച സ്പെയ്നില്‍ മരണനിരക്കു കുറഞ്ഞത് ആശ്വാസമായി. 25,496 പേര്‍ക്കാണ് ഇവിടെ കൊറോണ ബാധിച്ചത്. അമേരിക്കയില്‍ ഇതുവരെ 26,900 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 348 പേര് മരിച്ചു. വൈറസിനെ പ്രതിരോധിക്കാന്‍ ഓരോ ദിവസവും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ നടപടികള്‍ പ്രഖ്യാപിക്കുന്നുണ്ട്. ജര്‍മനിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. പൂര്‍ണ ലോക് ഡൗണിലേക്ക് ജര്‍മനി നീങ്ങുന്നതിന്റെ സൂചനകള്‍ കഴിഞ്ഞ ദിവസം ചാന്‍സലര്‍ ആഞ്ജെല മെര്‍ക്കല്‍ നല്‍കിയിരുന്നു. ജര്‍മനിയില്‍ ഇതുവരെ 93 പേര് മരിച്ചു.
ചൈനയിലെ മരണ നിരക്ക് വന്‍തോതില്‍ കുറഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലു മരണങ്ങള് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ ഇതുവരെ 3261 പേര് വൈറസ് ബാധയില്‍ മരിച്ചു. ഫ്രാന്‍സ് (562), ദക്ഷിണ കൊറിയ (104). നെതര്‍ലന്‍ഡ്സ് (136), സ്വിറ്റ്സര്‍ലന്‍ഡ് (80), ബെല്‍ജിയം (75) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണത്തിന്റെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: