തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യുവിനെ സംസ്ഥാനം ഒന്നടങ്കം ഏറ്റെടുത്തു. കേരളീയര്‍ പൂര്‍ണമായി സഹകരിച്ചതോടെ ഗ്രാമ, നഗര ഭേദമെന്യേ ജനജീവിതം നിശ്ചലമായി. പൊതുഗതാഗത സംവിധാനം പ്രവര്‍ത്തിച്ചില്ല. വീടുകളില്‍ നിന്ന് ജനങ്ങള്‍ പുറത്തിറങ്ങിയില്ല. കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടന്നു.
ബസും ട്രെയിനും ഉള്‍പ്പടെയുള്ള ഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തി. കെഎസ്ആര്‍ടിസി സര്‍വീസുകളൊന്നും നടത്തിയില്ല. ബസുകള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ വാഹനങ്ങളും സര്‍വീസുകള്‍ റദ്ദാക്കി. സംസ്ഥാനം ഒന്നടങ്കം ജനത കര്‍ഫ്യുവിനോട് പൂര്‍ണമായി സഹകരിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ആരോഗ്യപ്രവര്‍ത്തകരോട് ആദരവ് അര്‍പ്പിച്ച് കൈകൊട്ടിയും പാത്രങ്ങള്‍ തമ്മിലടിച്ചും മണിമുഴക്കിയും ജനങ്ങള്‍ വീട്ടിലിരുന്ന് ശബ്ദമുണ്ടാക്കി.
ട്രെയിന്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. കര്‍ഫ്യൂവിന് മുമ്പ് ഓടിത്തുടങ്ങിയ ട്രെയിനുകള്‍ മാത്രം ഓടി. സംസ്ഥാനത്ത് നിന്നാരംഭിക്കുന്ന ഒരു ട്രെയിനുകളും ഓടിയില്ല. മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങിയതിന് ശേഷം ആദ്യമായി ഇന്നലെ നിലച്ചു. മാളുകള്‍ ഉള്‍പ്പെടെ വ്യാപാര കേന്ദ്രങ്ങള്‍ അടഞ്ഞുകിടന്നു. ഫഌറ്റുകളില്‍ താമസിക്കുന്നവരോട് പുറത്തിറങ്ങരുതെന്ന് അതത് റസിഡന്റ്സ് അസോസിയേഷനുകളുടെ നിര്‍ദേശമുണ്ടായിരുന്നു. ചരക്കുവാഹനങ്ങളും ചുരുക്കം ചില വാഹനങ്ങളുമാണ് നിരത്തിലിറങ്ങിയത്. അവശ്യ സര്‍വീസുകളായ പാല്, പത്രം, ആംബുലന്‍സ് എന്നിവ മാത്രമാണ് സര്‍വീസ് നടത്തി.
കൊറോണ രാജ്യമാകെ വ്യാപിക്കുന്ന പശ്ചാതലത്തില്‍ പ്രഖ്യാപിക്കപ്പെട്ട ജനത കര്‍ഫ്യൂവിന്റെ ഭാഗമായി വീടുകളില്‍ ശുചീകരണപ്രവര്‍ത്തനങ്ങളുമായി മന്ത്രിമാരും ഒപ്പംചേര്‍ന്നു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഔദ്യോഗിക വസതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ജനത കര്‍ഫ്യു ക്യാമ്പയ്ന് പിന്തുണയറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന് താമസിക്കുന്ന ഔദ്യോഗിക വസതിയായ തൈക്കാട് ഹൗസും പരിസരവും രാവിലെ തന്നെ ശുചീകരിച്ചു.
മന്ത്രി ടി.എം. തോമസ് ഐസക്ക് ഔദ്യോഗിക വസതിയായ കവടിയാര്‍ മന്മോഹന് ബംഗ്ലാവില്‍ ശുചീകരണത്തിന് ശേഷം എഴുത്തിനും വായനയ്ക്കും സമയം കണ്ടെത്തി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കൊല്ലം കുണ്ടറയിലെ വസതിയില്‍ വീട്ടുകാരോടൊപ്പം വീടും പരിസരവും വൃത്തിയാക്കി. മന്ത്രി എ.സി. മൊയ്തീന്, ഒ. രാജഗോപാല്‍ എംഎല്‍എ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും വീടുകളില്‍ തന്നെയായിരുന്നു.
ഡിജിപി ലോക്നാഥ് ബെഹ്റ വീട്ടിലിരുന്നാണ് പോലീസിനെ നിയന്ത്രിച്ചത്. അത്യാവശ്യ ഘട്ടമുണ്ടായാല്‍ മാത്രമെ പുറത്തിറങ്ങൂയെന്ന് ബെഹ്റ വ്യക്തമാക്കിയിരുന്നു. പോലീസ് ആസ്ഥാനത്തെ ഓഫീസ് മുറി ഉപേക്ഷിച്ച് ഔദ്യോഗിക കാര്യങ്ങളെല്ലാം നിറവേറ്റിയത് വീട്ടിലിരുന്നാണ്. ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിക്കുന്നതിനൊപ്പം അവര്‍ക്കൊപ്പം ശ്രദ്ധേയ പ്രകടനം കാഴ്ചവക്കുന്ന പോലീസിന്റെ പ്രവര്‍ത്തനങ്ങളെ കൂടി അഭിവാദ്യം ചെയ്യാന്‍ തയാറാകണമെന്നും ബെഹ്റ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: