ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം നാന്നൂറ് കടന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രോഗബാധിതരില്‍ 41 പേര് വിദേശികളാണ്. 26 പേര് വൈറസ് ബാധയില്‍ നിന്ന് മുക്തരായി.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതര്‍ 74 ആയതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയില്‍ ഇന്നലെ 17 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തി. രാജ്യതലസ്ഥാനത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 27 ആണ്. 21 പേര് വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. ഇവരില്‍ നിന്ന് രോഗം ബാധിച്ചവരാണ് മറ്റുള്ള ആറു പേരെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് അറിയിച്ചു.
രാജ്യത്ത് കൊറോണ മരണം ഏഴായി. മുംബൈിലും സൂറത്തിലും പാട്നയിലുമായി ഇന്നലെ ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തു. ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ വൃക്ക രോഗിയായ 39കാരനാണ് ബീഹാറിലെ പാട്നയില്‍ മരിച്ചത്. ഞായറാഴ്ച രാവിലെ മുംബൈയില്‍ ഒരാള്‍ കൂടി മരിച്ചതോടെ മഹാരാഷ്ട്രയില്‍ മരണം രണ്ടായി. ഗുജറാത്തിലെ സൂറത്തില്‍ 69 കാരനാണ് മരിച്ചത്. സംസ്ഥാനത്തെ ആദ്യ കൊറോണ മരണമാണിത്. അതേസമയം, വഡോദരയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച 65കാരിയുടെ മരണകാരണം കൊറോണയാണോ എന്ന് വ്യക്തമല്ല. ഗുജറാത്തില്‍ 18 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
യുപിയില്‍ വൈറസ് ബാധ കണ്ടെത്തിയ 27 പേരില്‍ 11 പേര്‍ക്ക് ഇതുവരെ രോഗം പൂര്‍ണമായി ഭേദമായി. തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം ഏഴായി. തമിഴ്നാട്ടില്‍ പുതുതായി രോഗം കണ്ടെത്തിയ മൂന്ന് പേര് മുന്നൂറോളം പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് തമിഴ്നാട് സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തി. കര്‍ണാടകത്തില്‍ ആറു പേര്‍ക്കു കൂടി കൂടി കൊറോണ സ്ഥിരീകരിച്ചു. കലബുറഗിയില്‍ മരിച്ചയാളടക്കം 26 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധയുള്ളത്.
സുപ്രീംകോടതിയിലെ രണ്ട് കോടതികളുടെ പ്രവര്‍ത്തനം വീഡിയോ കോണ്ഫറന്സിലൂടെയാക്കി. ഇതുവരെ 15000 പേരെ രാജ്യത്ത് കൊറോണ പരിശോധനയ്ക്ക് വിധേയരാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതരില്‍ 80 ശതമാനം പേരും തനിയെ പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങി വരുന്നുണ്ട്. 15 ശതമാനത്തിന് അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ട്. അഞ്ച് ശതമാനം പേര്‍ക്ക് മാത്രമേ രോഗം ഗുരുതരമാകുന്നുള്ളൂ, കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്ധന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: