മഹാത്മജിയുടെ ചുണ്ടില്‍ ആരാധ്യമായി മിന്നിയ ‘മീരാഭജനകള്‍’ സ്വാതന്ത്ര്യസമരരംഗത്തെ സാന്ദ്രമായി തഴുകി. എം. എസ്. സുബ്ബലക്ഷ്മിയും ലതാമങ്കേഷ്ക്കറും അനുരാധാ പൗദ്വാളും ഭജനകളുടെ സൗരഭം ആധുനിക ഭാരതത്തിലുടനീളം പരത്തുകയായിരുന്നു.
മേവാറിലെ രജപുത്രരാജാവ് ദൂദാജിയുടെ പൗത്രിയായി 1500 (1547?) ലാണ് മീരാബായി ജനിക്കുന്നത്. ശൈശവത്തില്‍ തന്നെ മീരയില്‍ കൃഷ്ണനാമം ഉറച്ചു. എവിടെയും എപ്പോഴും കളിക്കൂട്ടുകാരനായി ശ്രീകൃഷ്ണന് കൂടെയുണ്ട്. കൃഷ്ണസ്നേഹവും ഭക്തിയും പ്രണയവുമായി മീര വളരുകയായിരുന്നു. ഭാഗവതവും പ്രഹ്ളാദ ചരിതവും ഹൃദിസ്ഥമാക്കിയ മീര സംഗീത നൃത്തചിത്രശില്പകലയില് പ്രാവീണ്യം നേടി. സംസ്കൃതവും അവധും ഹിന്ദിയും മീര അനായാസമായി സ്വന്തമാക്കി. കര്‍മങ്ങളിലെല്ലാം കൃഷ്ണാവബോധം വന്നു നിറഞ്ഞു. സന്ത് രൈദാസ് ജിയായിരുന്നു മീര കണ്ടെത്തിയ ഗുരു. ധീരതയും താന്‍പോരിമയും ഊര്‍ജസ്വലമായ ജീവിത ചലനങ്ങളുമായി മീര ശ്രദ്ധേയായി. എന്നാല്‍ മീരയുടെ അതീതമായ കൃഷ്ണഭക്തിയില്‍ അച്ഛനമ്മമാര്‍ അസ്വസ്ഥരായിരുന്നു.
ആത്മാവില്‍ കൃഷ്ണമന്ത്രവും മുരളീധര ഗീതവുമായി വളര്‍ന്ന മീരയെ മറ്റൊരു ചിന്തയും തേടിയെത്തിയില്ല. ചിറ്റോറിലെ റാണാ സംഗ്രാംസിങ്ങിന്റെ പുത്രന് ഭോജ്രാജും മീരയും തമ്മില്‍ വിവാഹം നടന്നെങ്കിലും തുടര്‍ന്നുള്ള ജീവിതം ക്ലേശകരമായിരുന്നു. കൃഷ്ണ വിഗ്രഹവുമായി ഭര്‍തൃഗൃഹത്തിലെത്തിയ മീര കൃഷ്ണമയമായ ജീവിതം തന്നെ പിന്തുടര്ന്നു. ഹിന്ദുസ്ഥാനിയിലും രാജസ്ഥാനിയിലുമായി മീരയുടെ കൃഷ്ണഗീതകങ്ങള് ഒഴുകി വരാന്‍ തുടങ്ങി. അലൗകികമായ കൃഷ്ണചൈതന്യത്തിന്റെ പ്രണയമന്ദാരങ്ങള്‍ മഹാവിഷ്ക്കാരങ്ങളായി നാടിന്റെ ഹൃദയത്തില്‍ മാറ്റൊലി കൊള്ളുകയായിരുന്നു.
ഭക്തിലഹരിയില്‍ മീരയുടെ സ്വയം മറന്നുള്ള നടനവും ഗീതകവും ഭര്‍തൃസഹോദരനായ വിക്രമജിതന് സഹിക്കാനായില്ല. മീരയെ വധിക്കാനുള്ള അദ്ദേഹത്തിന്റെ പദ്ധതി വിജയിച്ചില്ല. ഒടുവില്‍ മീര കൊട്ടാരം ഉപേക്ഷിച്ച് പോകുകയായിരുന്നു. സന്യാസി സംഘങ്ങളോടൊപ്പം തീര്‍ഥാടനവും ഭജനയും സദ്സംഗവുമായി മീര സാമാന്യജനങ്ങളില്‍ കൃഷ്ണ ജീവനത്തിന്റെയും ഭക്തിപ്പൊരുളിന്റെയും വിശുദ്ധസംസ്കൃതി വാരിവിതറി. ആ യോഗിനിയെ സന്ദര്‍ശിച്ച് അക്ബര്‍ ചക്രവര്‍ത്തി ഉപഹാരം നല്കി ആദരിച്ച കഥ പ്രസിദ്ധമാണ്. തുളസീദാസും ജീവ ഗോസ്വാമിയും മീരയെ അറിഞ്ഞംഗീകരിച്ചിരുന്നു.
അമ്പത്താറാം വയസ്സിലാണ് മീര യോഗേശ്വരനില്‍ വിലയം പ്രാപിക്കുന്നത്. മീരയുടെ ഐതിഹാസികമായ കഥയും ഈശ്വരീയമായ അനുഭൂതി പ്രഹര്‍ഷവും അനിര്‍വചനീയമായ ആത്മവൈഭവത്തിന്റെ അലൗകികതയും ഭാരതീയാന്തരീക്ഷത്തില്‍ ഇന്നും അസുലഭാനുഭൂതിയായി പ്രവഹിക്കുന്നു.
‘കൃഷ്ണോഹം!!’ (കൃഷ്ണനാകുന്നു ഞാന്‍) എന്ന തിരിച്ചറിവില്‍ ശുദ്ധബോധത്തിന്റെ പാഠമാണ് മീരാചരിതം രാഷ്ട്രത്തിന് നല്‍കിയത്. രാധാകൃഷ്ണബിംബം പോലെ മീരാകൃഷ്ണ ബിംബവും ജനതയുടെ വിമല ജീവനവായുവില് വിലയിക്കുന്നു. ആത്മചേതനയുടെ ലിംഗാതീതമായ പ്രതീകമാണ് മീര. അതീത പ്രേമത്തില്‍ പ്രകൃതിപുരുഷദ്വന്ദ്വങ്ങള് അസ്തമിക്കുന്നു. ശാന്തിയുടെ യമുനാ പുളിനങ്ങളില്‍ മീരാകൃഷ്ണന്‍ നിത്യചന്ദ്രികയാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: