കൊറോണയെന്ന വൈറസ് ലോകത്താകമാനം അതിരുകളില്ലാതെ പടരുകയാണ്. ഇതിനെതിരെ ഫലപ്രദമായ വാക്സിന് കണ്ടുപിടിക്കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടുമില്ല. അതിനുള്ള ശ്രമങ്ങള്‍ ലോകത്തെല്ലായിടത്തും പുരോഗമിക്കുന്നു. വൈറസ് വായുവിലൂടെ എളുപ്പത്തില്‍ പകരില്ലെന്നത് മനുഷ്യകുലത്തിന് ആശ്വാസമാണ്.
ഇറ്റലിയടക്കമുള്ള രാജ്യങ്ങള്‍ ആദ്യ ഘട്ടത്തില്‍ ഇതിനെ ലാഘവത്തോടെ കണ്ടതിന്റെ ദൂഷ്യ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ആളുകള്‍ ദിവസങ്ങളായി വീടിനു പുറത്തിറങ്ങാതെ നില്ക്കുന്നു. ഏറെ ഭീതിയോടെ, പരസ്പര സമ്പര്ക്കത്തിനിട നല്‍കാതെ കോവിഡിനെ പ്രതിരോധിക്കുന്നു. ചൈനയും ഉത്തര കൊറിയയും ഈ സാധ്യത പ്രയോജനപ്പെടുത്തി കോവിഡ് 19നെ ഏറെക്കുറെ തരണം ചെയ്തവരാണ്.
നമ്മുടെ നാട്ടിലും വൈറസ് ബാധിച്ചവരുടെ സാമൂഹ്യ ബോധമില്ലായ്മയാണ് ഇപ്പോള്‍ ഇത്രയും പേരില്‍ രോഗമെത്തിക്കാന്‍ കാരണം. മറ്റു രാജ്യങ്ങളില്‍ നിയമം അണുവിട തെറ്റാതെ പാലിക്കുന്ന പ്രവാസികളില്‍ ചിലരെങ്കിലും ഇവിടെ വരുമ്പോള്‍ എന്തും കാണിച്ചുകൂട്ടും. ഇതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് പത്തനംതിട്ടയിലടക്കം അരങ്ങേറിയത്. കൊറോണ വിഷയത്തില്‍ നാടിനെ പുച്ഛിച്ച് സംസാരിച്ച ഒരു പ്രവാസിയുടെ കാര്യവും ഇതിനിടെ പുറത്തുവന്നു. സ്വദേശികളില്‍ ചിലരും മോശക്കാരല്ല. അവരുടെ പിടിപ്പുകേടുകളും ചില്ലറ പ്രശ്നമല്ല വരുത്തിവയ്ക്കുന്നത്. ഒറീസയിലെ ബേരാംപൂരില് ഒരു വിദേശിയെ നാട്ടുകാര്‍ കൊറോണ പേടിയില്‍ പ്ലാസ്റ്റിക്ക് കൊണ്ട് മൂടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചതും വാര്‍ത്തയായിരുന്നു.
സര്‍ക്കാരും ആരോഗ്യവകുപ്പും കൊറോണയ്ക്കെതിരെ പ്രതിരോധവും പ്രചാരണവുമായി ഒരു വശത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ മറുവശത്ത് ഇതൊന്നും ബാധകമല്ലെന്ന രീതിയിലാണ് കുറെയധികം ആളുകളുടെ തന്നിഷ്ടപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍. വ്യക്തികള്‍ക്കൊപ്പം വിവിധ രാഷ്ട്രീയ സംഘടനകളും ആള്‍ക്കൂട്ടം സൃഷ്ടിച്ച് കൊറോണയെ മടിയിലെടുത്ത് വയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നു. സ്കൂളുകളും ആരാധനാലയങ്ങളും അടച്ചിട്ട് കൊറോണയെ പ്രതിരോധിക്കുമ്പോള്‍ മദ്യശാലകള്‍ തുറന്നു വയ്ക്കാനുള്ള തീരുമാനം ദോഷം ചെയ്യും. കൊറോണയെ പേടിക്കേണ്ടതില്ല, ജാഗ്രത മാത്രമല്ല, അതീവ ജാഗ്രത പുലര്‍ത്തിയാല്‍ വാക്സിന് കണ്ടെത്തും മുമ്പേ സ്വയം പ്രതിരോധിക്കാന്‍ നമുക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
കാര്യമില്ലെങ്കില്‍ പോലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ അവധിയെടുത്ത് വീട്ടിലിരിക്കാന്‍ മടിയില്ലാത്ത ജനതയാണ് നമ്മളുടേത്. ഒന്നോ രണ്ടോ ദിവസം തയാറുമാണ് നാം. എന്തുകൊണ്ട് കുറഞ്ഞത് ഒരാഴ്ചയെങ്കിലും കൊറോണയെ പ്രതിരോധിക്കാന്‍ എല്ലാ കാര്യങ്ങളും മാറ്റിവച്ച് വീട്ടിലിരുന്ന് കൂടാ?
തിരക്കുകള്‍ മാറ്റിവച്ച് കുട്ടികള്‍ക്കൊപ്പം വീട്ടിലിരുന്ന് സമയം ചിലവഴിക്കാനെങ്കിലും ജനങ്ങള്‍ മുന്‍കൈയെടുക്കണം. കുടുംബാംഗങ്ങള്‍ക്കൊപ്പം പുസ്തകം വായിക്കാം, കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞു കൊടുക്കാം, പുസ്തകങ്ങള്‍ എഴുതാം. പിരിമുറുക്കങ്ങളും ദേഷ്യങ്ങളും കുറച്ചു ദിവസത്തേക്ക് മാറ്റിവച്ച് വീട്ടിലിരിക്കാം. പല സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം സംവിധാനം ഉപയോഗിക്കുന്നുണ്ട്. അവര്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കുമെന്നും ഉറപ്പ് ലഭിക്കുന്നു. ആദ്യം സര്‍ക്കാര്‍ ചെയ്യേണ്ടത് കൊറോണയെ പ്രതിരോധിക്കാന്‍ ഒരാഴ്ചത്തെ പൊതു അവധി പ്രഖ്യാപിക്കുകയാണ്.
അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടി മാത്രം വീടിനു പുറത്ത് പോകുക. അതും നിബന്ധനകള്‍ പാലിച്ചുകൊണ്ട് മാത്രം. ആവശ്യത്തിന് മാത്രം ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ചു വയ്ക്കുക. ഒരുമിച്ച് വാങ്ങി വീട്ടില്‍ കൊണ്ടുപോകരുത്. നമ്മളെ പോലെ മറ്റുള്ളവര്‍ക്കും സാധനങ്ങള്‍ വേണ്ടതാണെന്ന് മറക്കരുത്. സാധനങ്ങള്‍ എല്ലാവര്ക്കും ലഭ്യമാകത്തക്കവിധം ജില്ലാ ഭരണകൂടങ്ങള്‍ പ്രശ്നം കൈകാര്യം ചെയ്യണം. കുഴപ്പക്കാരെ നിയമ നടപടികള്‍ക്ക് വിധേയരാക്കാന്‍ ഒട്ടും മടിക്കേണ്ടതില്ല.
കൊറോണ ഇപ്പോള്‍ മൂന്നാം ഘട്ടത്തിലാണ്. സാഹചര്യം കൈവിട്ട് പോയിട്ടില്ല. മാര്‍ഗ നിര്‍ദേശങ്ങള്‍ കൈക്കൊണ്ട് കൊറോണയെ പുഞ്ചിരിയോടെ നേരിടാം. കൈവിട്ട് പോയ ചൈനയും ഉത്തര കൊറിയയും തിരിച്ച് കയറിയത് ഇങ്ങനെയാണ്. ഇറ്റലി ശ്രമിക്കുന്നതും ഇതാണ്. വലിയ പ്രതിസന്ധിയിലേക്ക് എത്തും മുമ്പ് നമ്മുക്ക് പ്രതിരോധം ശക്തമാക്കാം.
എബി ജെ. ജോസ്
9447702117
പ്രതികരിക്കാൻ ഇവിടെ എഴുതുക: