Categories: Kerala

കേരളത്തില്‍ ഏഴു ജില്ലകള്‍ അടച്ചിടും; വൈറസിനെ തടയാന്‍ ഇന്ത്യയില്‍ അടയ്‌ക്കുന്നത് 75 ജില്ലകള്‍; കൊറോണയെ തടയാന്‍ കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് അടയ്ക്കുന്നത്.

Published by

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ അടച്ചിടാന്‍ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണമാണ് ജില്ലകള്‍ അടക്കുന്നത്. കൊറോണ വൈറസ് സ്ഥിരീകരിച്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് അടയ്‌ക്കുന്നത്. ഈ ജില്ലകള്‍ പൂര്‍ണമായും അടച്ചിടും ആവശ്യസര്‍വീസുകള്‍ നടത്താന്‍ മാത്രമായിരിക്കും അനുമതി. ഇന്ത്യയില്‍ ആകമാനം 75 ജില്ലകള്‍ അടക്കാനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.  

ജനത കര്‍ഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യര്‍ത്ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട് നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 1897 ലെ പകര്‍ച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റായ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്.  

കാസര്‍കോട് ജില്ലയില്‍ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്പൂര്‍ണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ല കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കും നാളെ മുതല്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.

updating….

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക