തിരുവനന്തപുരം: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പൂര്‍ണ പിന്തുണ നല്കി തലസ്ഥാനവും. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പതു വരെ രാജ്യത്തെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാതെ കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തലസ്ഥാനത്തെ ജനങ്ങള്‍ ശിരസാ വഹിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. സ്വകാര്യ, സര്‍ക്കാര്‍ ഗതാഗത സംവിധാനങ്ങള്‍ നിശ്ചലമായി. നിരത്തുകള്‍ ഒഴിഞ്ഞ നിലയിലാണ്. ടാക്സി, ഓട്ടോ മറ്റ് ഓണ്‍ലൈന്‍ ഡെലിവറി എന്നിവ പ്രവര്‍ത്തിച്ചില്ല. അവശ്യ സേവന സര്‍വ്വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്.

കൊറോണ സ്ഥിരീകരിച്ച സംസ്ഥാനത്തെ മറ്റു ജില്ലകളെ പോലെ തന്നെ തിരുവനന്തപുരവും അതീവജാഗ്രതയിലാണ്. നാലുപേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടര്‍ എന്നതും സമ്പര്ഗത്തില് ഏര്‍പ്പെട്ടവര്‍ നിരവധി പേര് നിരീക്ഷണത്തില്‍ പോയതും തലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നു. കര്‍ഫ്യൂ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സാമൂഹ്യമാധ്യമങ്ങളും മറ്റു നവമാധ്യമങ്ങളും പ്രധാനമന്ത്രിയുടെ സന്ദേശവും അതിന്റെ ഗുണഫലങ്ങളും ജനങ്ങളെ ബോധ്യമാക്കി.

കര്‍ഫ്യൂവിനെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ തള്ളുന്ന കാഴ്ച്ചയാണ് ഇന്ന് തലസ്ഥാനത്ത് കാണാനായത്.കര്‍ഫ്യുവിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കി.

മറ്റ് രാജ്യങ്ങളില്‍ നിന്നും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി വിമാനത്തില്‍ ഇവിടെ എത്തുന്ന മുഴുവന്‍ പേരെയും സ്ക്രീനിംഗിന് വിധേയരാക്കുകയാണ്. മുഴുവന്‍ യാത്രക്കാരെയും തെര്‍മല്‍ സ്ക്രീനിംഗിന് വിധേയരാക്കുന്നുണ്ട്. ഫല്‍ഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചാണ് ടെംപറേച്ചര്‍ പരിശോധിക്കുന്നത്.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് താമസിക്കുന്ന ഒൗേദ്യാഗിക വസതിയായ തൈക്കാട് ഹൗസും പരിസരവും ശുചീകരിച്ചു. തുടര്‍ന്ന് മറ്റ് പരിപാടികളിലൊന്നും പങ്കെടുക്കാതെ സ്വയം പ്രതിരോധം എന്ന നിലയ്ക്ക് വീട്ടില്‍ കഴിഞ്ഞു. വീടും ഓഫീസും ശുചീകരിച്ചാണ് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് കര്‍ഫ്യുവിന്റെ ഭാഗമായത്.

ബോധവത്കരണത്തിന്റെ ഭാഗമായി പോലീസ് വീടുകളിലെത്തി നിര്‍ദേശങ്ങള്‍ നല്കി. സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷറുടെ നേതൃത്വത്തില്‍ നഗരത്തില്‍ ഗൃഹസമ്പര്ഗം നടത്തി.

തലസ്ഥാനത്തെ പ്രധാനപ്പെട്ട റെയില്‍വേസ്റ്റേഷനായ സെന്‍ട്രല്‍, കൊച്ചുവേളി, പേട്ട തുടങ്ങിയ റെയില്‍ വേ സ്റ്റേഷനുകള്‍ ഒഴിഞ്ഞു കിടന്നു. ട്രെയിനുകള്‍ വെട്ടികുറച്ചു. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ബസ്റ്റാന്റ്, ബസ്റ്റോപ്പ്, ബസ് ഷേള്ട്ടറുകള് പൊതു നിരത്തുകള്‍ എന്നിവ അണുവിമുക്തമാക്കി.

പ്രതികരിക്കാൻ ഇവിടെ എഴുതുക: