ന്യൂദല്‍ഹി: കൊറോണ വ്യാപനം പ്രതിരോധിക്കാന്‍ അതിവേഗ രക്ഷാനടപടികള്‍ സ്വീകരിച്ച് രാജ്യം. വരും ആഴ്ചകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് തയാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആവശ്യപ്പെട്ടു. സാമൂഹ്യ വ്യാപനം തടയുന്നതിന് ജനങ്ങളോട് വീടുകളില്‍ കഴിയാന്‍ കര്‍ശന നിര്‍ദേശം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി.
സ്‌കൂളുകള്‍ രാജ്യവ്യാപകമായി അടച്ചിട്ട പശ്ചാത്തലത്തില്‍ അര്‍ഹരായ കുട്ടികളുടെ വീടുകളില്‍ ഉച്ചഭക്ഷണമെത്തിക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ട്.
ജയ്സാല്‍മീര്‍, വിശാഖപട്ടണം, ജോധ്പൂര്‍, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ ആയിരം പേരെ വീതം നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനുള്ള സംവിധാനങ്ങള്‍ സൈനിക വിഭാഗങ്ങള്‍ സജ്ജീകരിച്ചു. സൈനിക ആസ്ഥാനങ്ങളില്‍ പകുതിപ്പേര്‍ക്ക് അവധി നല്‍കി. അവധിയിലുള്ളവര്‍ക്ക് ഏപ്രില്‍ 15 വരെ നീട്ടിനല്‍കി.
അന്താരാഷ്‌ട്ര യാത്രകള്‍ നടത്തിയ ആളുകള്‍ എല്ലാവരും നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്ന് കാട്ടി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വിജ്ഞാനം പുറപ്പെടുവിച്ചു. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രമേ ചികിത്സ തേടാന്‍ പാടുള്ളൂ. പരിശോധനാ ഫലം പോസിറ്റീവായാല്‍, സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഇവര്‍ക്ക് പ്രത്യേക ചികിത്സ നല്‍കണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: