സാര്‍ഡിനിയ: കൊറോണ വൈറസ് ഇറ്റലിയില്‍ ജീവനുകള്‍ എടുക്കുമ്പോള്‍ ഒരു ഇറ്റലിക്കാരന്റെ വാക്കുകള്‍ ലോക ശ്രദ്ധ നേടുന്നു. ഞാന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം കണ്ടെത്തിയിട്ട് എത്രയോ നാളുകളായി എന്നാണ് എണ്‍പത്തൊന്നുകാരനായ മൗറോ മൊറാന്‍ഡി പറയുന്നത്. ഇപ്പോള്‍ ലോകത്തെല്ലാവരും ഐസൊലേഷനെക്കുറിച്ചു സംസാരിക്കുമ്പോള്‍ കഴിഞ്ഞ മുപ്പതു വര്‍ഷമായി സ്വയം ഒറ്റപ്പെടല്‍ തെരഞ്ഞെടുത്ത മൗറോയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ നിറയുന്നു.
മെഡിറ്ററേനിയന്‍ സമുദ്രത്തിലെ ഏറ്റവും മനോഹരമായ ദ്വീപുകളിലൊന്നായ ബുഡെല്ലിയില്‍ മുപ്പത്തൊന്നു വര്‍ഷം മുമ്പ് കൂടിയേറിയ മൗറോ പിന്നീട് അവിടം വിട്ടു പോയില്ല. മറ്റാരുമില്ലാത്ത ആ ദ്വീപിലെ ഒരേയൊരു താമസക്കാരന്‍. ഇറ്റലിയില്‍ നിന്ന് പോളിനേഷ്യയിലേക്കുള്ള സമുദ്രയാത്രയില്‍ ബുഡെല്ലി ദ്വീപില്‍ എത്തിപ്പെട്ട മൗറോ മനോഹരമായ ആ തീരവുമായി പ്രണയത്തിലായി. ഒരിക്കല്‍ അധ്യാപകനായിരുന്ന മൗറോ ആ പ്രകൃതിക്കാഴ്ചകളില്‍ നിന്ന് ഒട്ടേറെക്കാര്യങ്ങള്‍ പഠിച്ചു. ചുറ്റും പ്രകൃതി, കല്ലുകള്‍കൊണ്ടു കെട്ടിയുണ്ടാക്കിയ കുടിലില്‍ വാസം.
ലോകവുമായുള്ള ബന്ധം ഒരു മൊബൈല്‍ ഫോണിലൂടെ. വല്ലപ്പോഴും മെഡിറ്ററേനിയന്‍ കടക്കുന്ന ചില സമുദ്ര സഞ്ചാരികള്‍ മൗറെയെത്തേടിയെത്തും. ബുഡെല്ലിയുടെ കാവല്‍ക്കാരന്‍, റോബിന്‍സണ്‍ ക്രൂസോ എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെ. ഇറ്റലി സ്വയംഭരണാവകാശം നല്‍കിയിരിക്കുന്ന സാര്‍ഡിനിയ ദ്വീപുകളുടെ ഭാഗമാണ് ബുഡെല്ലി. മാഡലെന നാഷണല്‍ പാര്‍ക്കിനാണ് ഈ ദ്വീപിന്റെ സംരക്ഷണച്ചുമതല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മാഡലെന നാഷണല്‍ പാര്‍ക്കിന്റെ അധികൃതര്‍ മൗറോയെ ഈ ദ്വീപില്‍ നിന്നു പുറത്താക്കാന്‍ ശ്രമിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.
തന്റെ മാതൃരാജ്യം കൊറോണ വൈറസ് ബാധയില്‍ കുടുങ്ങിയത് അറിഞ്ഞ മൗറോ വാര്‍ത്താ ഏജന്‍സിയായ സിഎന്‍എന്നിന്റെ പ്രതിനിധിയോടു സംസാരിക്കവെ പറഞ്ഞു, ഞാന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടത്താണ്, ഒട്ടും പേടിയില്ല. ഈ ദ്വീപ് എനിക്ക് പൂര്‍ണ സുരക്ഷയാണ് നല്‍കുന്നത്. ഇങ്ങോട്ട് ആരും വരുന്നില്ല. ഈ ദ്വീപിന് അടുത്തുകൂടി ഒരു ബോട്ടു പോയിട്ടു തന്നെ എത്രയോ നാളുകളായി, മൗറോ പറഞ്ഞു. ഐസൊലേഷന്‍ കാലം ഒട്ടും വിരസതയില്ലാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള ചില ഉപദേശങ്ങളും മൗറോ നല്‍കി.
















