തിരുവനന്തപുരം: കൊറോണ വൈറസ് ഗള്‍ഫ് മേഖലയിലും പടര്‍ന്നു പിടിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ വെട്ടിലായി ലക്ഷക്കണക്കിന് പ്രവാസി മലയാളികള്‍. കടുത്ത നിയന്ത്രണങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വൈറസ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവുമധികം മലയാളികള്‍ ജോലി ചെയ്യുന്ന സൗദി അറേബ്യയില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവച്ചു. പാഴ്സല്‍ കൗണ്ടറുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതും കടുത്ത നിയന്ത്രണങ്ങള്‍ മുഖേന. ഷോപ്പിങ് മാളുകളില്‍ പച്ചക്കറി വിഭാഗം ഒഴികെ മറ്റുള്ളവയെല്ലാം അടപ്പിച്ചു. വിദ്യാലയങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവയ്പ്പിച്ചു. സ്വകാര്യ വാഹനങ്ങള്‍ അത്യാവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ. മലയാളികള്‍ ജോലി നോക്കുന്ന വിഭാഗങ്ങളിലെല്ലാം കടുത്ത നിയന്ത്രണങ്ങളാണ്. നിര്‍മാണ മേഖലയിലാണ് കരാര്‍ പണികള്‍ നടക്കുന്നത്. അതിനും നിയന്ത്രണം ഉടന്‍ വന്നേക്കും. ഇതോടെ ദിവസ വേതനക്കൂലിക്കാരെല്ലാം കടുത്ത പ്രതിസന്ധിയിലാകും.
പ്ലാന്റുകളുടെ പ്രവര്‍ത്തനം മിതപ്പെടുത്താനും ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ അവധി നല്‍കുകയും പൊതുഗതാഗതം നഗരങ്ങളില്‍ മാത്രമാക്കിയതോടെ ഏതാണ്ട് എല്ലാം നിലച്ച മട്ടാണ്. ഇറാനില്‍നിന്നുള്ളവര്‍ സൗദിയിലേക്ക് കടന്നു എന്ന വിവരം വ്യാപകമായതോടെയാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങിയത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലെ അതിര്‍ത്തികള്‍ അടച്ചു. ബെഹ്റിനില്‍ കൊറോണ ബാധിച്ച് ഒരാള്‍ മരിക്കുക കൂടി ചെയ്തതോടെ പരസ്പരമുണ്ടായിരുന്ന ചരക്ക് വാഹന ഗതാഗതവും നിര്‍ത്തലാക്കി. യുഎഇയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഉച്ചയ്ക്ക് 12 മണിവരെയാക്കി ചുരുക്കി.
സൗദി അറേബ്യയില്‍ മാസ്ക്കുകള്‍ക്കും മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. ചൈനയില്‍ കോറോണ ബാധിച്ചപ്പോള്‍ സൗദിഅറേബ്യയില്‍ നിന്നാണ് മാസ്ക്കുകള്‍ കയറ്റി അയച്ചത്. അതിനാലാണ് അവശ്യം വേണ്ട മാസ്ക്കുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നത്. പനിക്കുള്ള മരുന്നുകള്‍ പോലും ലഭിക്കണമെങ്കില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ തോറും കയറി ഇറങ്ങേണ്ട അവസ്ഥയിലാണ്. ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്ക് കാര്യമായ പ്രധാന്യം സൗദി അറേബ്യ നല്‍കാറില്ല. സ്വകാര്യ ആശുപത്രികളെയാണ് അഭയം പ്രാപിക്കേണ്ടത്. ഇവിടെ ചികിത്സാ ഇനത്തില്‍ നല്ലൊരു തുകയും വേണം. രക്തം തുടങ്ങിയവ പരിശോധിക്കുന്നതിനു പോലും കാര്യമായ സംവിധാനമില്ല. അതിനാല്‍ പലരും നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹത്തിലാണ്. എന്നാല്‍, ആഭ്യന്തര വിമാന സര്‍വീസുകള്‍ ഒഴികെ മറ്റെല്ലാ സര്‍വീസുകളും നിര്‍ത്തലാക്കി.
നിരവധി പേര് വിസ കാലാവധി കഴിഞ്ഞ് തിരികെ മടങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്. കടുത്ത നിയമങ്ങള്‍ ഉള്ളതിനാല്‍ താല്ക്കാലികായി നില്‍ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാലും കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും വേണ്ടിവരും. കുവൈറ്റ്. ഖത്തര്‍, ബെഹ്റിന്‍ തുടങ്ങിയ രാജ്യങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: