ിആലപ്പുഴ: കുട്ടനാട് പുളിങ്കുന്ന് വലിയപള്ളിക്ക് സമീപം പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുളിങ്കുന്ന് കണ്ണാടി ഇടപ്പറമ്പില്‍ വിജയമ്മ സുരേന്ദ്രന് (56), മുപ്പതില്‍ വീട്ടില്‍ ജോസഫ് ചാക്കോ (റെജി-48), കിഴക്കേചിറ ബേബിച്ചന്റെ ഭാര്യ മറിയാമ്മ മാത്യു (കുഞ്ഞുമോള്‍-55), പുളിങ്കുന്ന് മലയില്‍ പുത്തന്‍വീട്ടില്‍ ലൈജുവിന്റെ ഭാര്യ ബിനു (30) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പകല്‍ രണ്ടോടെയായിരുന്നു അപകടം. പത്തു പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഗുരുതരമായി പരിക്കേറ്റ കരിയച്ചിറ ഏലിയാമ്മ തോമസ്(50), കന്നിട്ടച്ചിറ ബിന്ദു (42), കിഴക്കാട്ടുതറ സരസമ്മ (52) എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പുളിങ്കുന്ന് തോട്ടാത്തറ ഓമന(49), പുത്തന്‍പുരക്കല്‍ച്ചിറ ഷീല (48), കായല്‍പ്പുറം മുളവനക്കുന്ന് സിദ്ധാര്ത്ഥന് (64), പുളിങ്കുന്ന് കിഴക്കേച്ചിറ കുഞ്ഞുമോള്‍ (55) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
കൊച്ചുമോന് ആന്റണി പുരയ്ക്കല്‍, പിതൃസഹോദര പുത്രന് ബിനോയ് എന്നിവരുടെ ഉടമസ്ഥതയിലുള്ള അനധികൃത പടക്കനിര്‍മ്മാണശാലയിലായിരുന്നു അപകടം. പടക്കവില്‍പ്പനയ്ക്കുള്ള ലൈസന്‍സിന്റെ മറവിലാണ് പടക്കനിര്‍മ്മാണവും നടത്തിയതെന്ന് പോലീസ് പറഞ്ഞു. സമീപം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ലൈസന്‍സ് നല്‍കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പടക്കനിര്‍മ്മാണശാലയിലെ രണ്ടു ഷെഡ്ഡുകളിലാണ് പൊട്ടിത്തെറിയുണ്ടായത്. നിര്‍മ്മാണ യൂണിറ്റും വീടും സ്ഫോടനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു.
സമീപത്തെ വീടുകളുടെ ജനാലകളുടെ ചില്ലുകള്‍ തകര്‍ന്നു. ഒരു വീടിന്റെ മതിലിടിഞ്ഞു. മറ്റൊരു വീട്ടിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കൊടുംചൂടില്‍ സുരക്ഷിതമില്ലാതെ പടക്കം നിര്‍മ്മിച്ചതാണ് അപകടത്തിന് കാരണം. പുളിങ്കുന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. കൈനകരി പതിനെട്ടില്‍ച്ചിറ കുടുംബാംഗമാണ് മരിച്ച മറിയാമ്മ. മക്കള്‍: ബിബിന്‍ (ദുബായ്), ബിന്‍സി. മരുമകന്: ടോണി. തമിഴ്നാട്ടില്‍ നിന്ന് ഇവര്‍ക്ക് വെടിമരുന്ന് എങ്ങിനെ ലഭിച്ചുവെന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: