ഇന്ത്യ ഇന്ന് ചരിത്രം കുറിക്കുകയാണ്. ‘ജനത കര്‍ഫ്യൂ’വിന് നാം സാക്ഷ്യം വഹിക്കുന്നു. രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ ഇന്ത്യയിലുള്ള മുഴുവന്‍ ജനവും അവരവരുടെ വീടുകളില്‍ കഴിയാനാണ് നിര്‍ദ്ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് നല്കിയ ആഹ്വാനം സര്‍വരും, സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. ആദ്യം വിമര്‍ശിച്ചവരും പിന്നീട് യാഥാര്‍ഥ്യബോധത്തോടെ പ്രശ്നത്തെ അഭിമുഖീകരിക്കാന്‍ തയാറായി. തീര്‍ച്ചയായും ഇന്ത്യയുടെ ചരിത്രത്തില്‍ ഇതൊരു സുപ്രധാന മുഹൂര്‍ത്തമാണ്.
ഒരു തരത്തിലുള്ള ചികിത്സയാണിത്. നരേന്ദ്ര മോദിയുടെ ഈ നിര്‍ദ്ദേശം ഇന്ത്യ മാത്രമല്ല ചില വിദേശ രാജ്യങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോള്‍ അമേരിക്കയിലെ ചില നഗരങ്ങളിലും ‘ജനത കര്‍ഫ്യു’ പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കും ന്യൂ ജേഴ്സിയും അതില്‍പ്പെടുന്നു. നരേന്ദ്ര മോദിയുടെ വാക്കുകള്‍ ലോകരാഷ്ട്രങ്ങള്‍ ഗൗരവത്തോടെ എടുക്കുന്നു എന്നത് തിരിച്ചറിയണം.
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ലോകം വലിയ പ്രതിസന്ധിയിലാണ്. പല രാജ്യങ്ങളും തയാറെടുപ്പുകളും പ്രതിരോധങ്ങളും നടത്തുന്നു. വൈറസിനെ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ ആര്‍ക്കുമായിട്ടില്ല. ഈ മഹാമാരിക്ക് തുടക്കമിട്ട ചൈനക്ക് പോലും നാല് മാസം പിന്നിട്ടിട്ടും നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. ‘കരുതലാണ് നമുക്ക് പ്രധാനം. ആത്മവിശ്വാസവും.’ അതാണ് രാഷ്ട്രത്തോട് നരേന്ദ്ര മോദി സൂചിപ്പിച്ചത്. ഇത്തരം സമയങ്ങളില്‍ ഭരണ കൂടത്തിന് കടുത്ത നിലപാടുകള്‍ എടുക്കേണ്ടി വരും. സര്‍ക്കാരിന്റെ ഔദ്യോഗിക നിര്‍ദ്ദേശങ്ങളോട് പരമാവധി നീതി പുലര്‍ത്തുകയാണ് ജനങ്ങള്‍ ചെയ്യേണ്ടത്.
കേരളത്തിന്റെ ആദ്യ പ്രതികരണം
ഇന്നിപ്പോള്‍ കേരളം പ്രധാനമന്ത്രിയുടെ ആഹ്വാനം മനസിലേറ്റിക്കഴിഞ്ഞു. ‘ജനത കര്‍ഫ്യു’ യഥാവിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിട്ടുമുണ്ട്. അതിനുള്ള ഒരുക്കങ്ങള്‍ നേരത്തെതന്നെ നടത്തിക്കഴിഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത സമയത്ത് കേരളത്തിലുണ്ടായ പ്രതികരണങ്ങള്‍ കാണാതെ പോയിക്കൂടാ. ചിലര്‍ വാര്‍ത്താ ചാനലുകളിലിരുന്ന് അക്ഷരാര്‍ഥത്തില്‍ കേന്ദ്രത്തിനെതിരെ ഉറഞ്ഞുതുള്ളുകയായിരുന്നു. ജനങ്ങള്‍ അകലം പാലിക്കണം, ശുദ്ധി ഉറപ്പുവരുത്തണം, കൂട്ടം കൂടരുത് എന്നൊക്കെയുള്ള നി
ര്‍ദേശം കേരളം നേരത്തെ മനസിലാക്കിയതാണ്. ചിലപ്പോള്‍ മലയാളികള്‍ സാക്ഷരതയില്‍ മുന്നിലായത് കൊണ്ടാകും. മോദി അഭിസംബോധന ചെയ്തത് ഇന്ത്യ മഹാരാജ്യത്തെയാണ്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനതയെ. അവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ആ വാക്കുകള്‍ സഹായിച്ചു എന്നതാണ് വസ്തുത. മോദിയാണോ എങ്കില്‍ വിമര്‍ശിക്കണം, ബിജെപിയാണോ എതിര്‍ക്കണം എന്ന് മനസിലുറപ്പിച്ച മാധ്യമങ്ങള്‍ക്കും ചില രാഷ്ട്രീയക്കാര്‍ക്കും എന്തുമാവാമല്ലോ.
അതിലേറെ അതിശയിപ്പിച്ചത്, ചില സിപിഎം നേതാക്കളുടെ പ്രതികരണമാണ്. കേരളത്തിന് എന്താണ് മോദി പ്രഖ്യാപിച്ചത് എന്നതാണ് അവരുടെ ചോദ്യം. ‘ദൂരദര്ശന്’ ചാനലില്‍ ലൈവ് ആയി പ്രധാനമന്ത്രി രാഷ്ട്രത്തോട് സംസാരിക്കുന്നത് പിണറായി വിജയന് സര്‍ക്കാരിനുള്ള ധനസഹായം പ്രഖ്യാപിക്കാനാണെന്ന് കരുതുന്നവരോട് എന്താണ് പറയുക? അവരുടെ നൈരാശ്യം കേരളത്തിന്റെ ധനകാര്യ മന്ത്രിയുടെ മുഖത്തും കാണാമായിരുന്നു. വൈറസ് ബാധ ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രം എത്തിയിരുന്നു. ഓരോ സംസ്ഥാനങ്ങള്‍ക്കും ദുരന്ത നിവാരണ ഫണ്ടില്‍ (സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ട്) നിന്ന് പണം ചെലവഴിക്കാന്‍ അനുമതി നല്കി. സംസ്ഥാനത്തിന് ലഭിക്കുന്ന തുകയുടെ 25 ശതമാനം ക്വാറന്റൈന്, സാമ്പിള്‍ ശേഖരണം, നിരീക്ഷണം എന്നിവക്കും പത്ത് ശതമാനം തുക ലബോറട്ടറികള്‍ക്ക് അത്യാവശ്യമുള്ള സാമഗ്രികള്‍ വാങ്ങിക്കുന്നതിനും ചെലവഴിച്ചോളാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ സഹായ ഫണ്ട് നല്‍കുന്നത് കേന്ദ്രമാണ്. കേന്ദ്ര ദുരന്ത നിവാരണ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായിട്ടേ ഫണ്ട് ഉപയോഗിക്കാനാവൂ. 2019- 20ല്‍ കേരളത്തിന് കിട്ടിയത് 224 കോടി രൂപയാണ്. കേരളത്തില്‍ ചെലവഴിക്കാതിരുന്നത് 78.4 കോടി. ആദ്യമേ തന്നെ ഇത്രയും തുക വൈറസ് നേരിടാന്‍ കേരളത്തിന് കേന്ദ്രം നല്‍കിക്കഴിഞ്ഞു. ആ തുക ചിലവഴിച്ച് അതിന്റെ കണക്കുകള്‍ നല്കുമ്പോള് അടുത്ത ഗഡു ലഭിക്കും. അതാണ് ഈ പദ്ധതിയുടെ ശൈലി.
കേരളത്തിലെ ധനമന്ത്രിക്ക് ഒരു പ്രശ്നമുണ്ട്, ‘പുര കത്തുമ്പോള്‍ വാഴ വെട്ടുക’ എന്നത്. എന്ത് പ്രശ്നമുണ്ടായാലും ഉടനെ കേന്ദ്രത്തിന് നേരെ കൈനീട്ടും. എന്നാല്‍ ജിഎസ്ടി അടക്കമുള്ള വിഷയങ്ങളില്‍ നികുതി ശേഖരണം വേഗത്തിലും വ്യാപകവുമാക്കാന്‍ വേണ്ടത്ര ശ്രദ്ധയില്ലതാനും. ഇതൊക്കെ ശ്രദ്ധിക്കേണ്ടത് ഒരര്‍ഥത്തില്‍ മുഖ്യമന്ത്രിയാണ്. ഇതിന്റെ പരിണിത ഫലമെന്താണ്, കേരളം തുടര്‍ച്ചയായി കടക്കെണിയിലകപ്പെടുന്നു. ഇപ്പോള്‍ വൈറസിന്റെ പേരില്‍ കേരളത്തിന് വായ്പ്പയെടുക്കാനുള്ള പരിധി കൂട്ടിക്കൊടുക്കണമെന്ന് നാണമില്ലാതെ ആവശ്യപ്പെടുന്നു. വായ്പാ പരിധി നിശ്ചയിക്കുന്നത് പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ വെളിച്ചത്തിലാണ്. അതിന്റെ പരമാവധി കേരളത്തിന്റെ കാര്യത്തില്‍ എത്തി നില്ക്കുന്നു.
ചിദംബരവും തരൂരും ശേഖര്‍ ഗുപ്തയും യെച്ചൂരിയും
‘ജനത കര്‍ഫ്യു’ എന്ന നിര്‍ദ്ദേശം വന്നപ്പോള്‍ നിരാശയാണ്, ഒന്നും ചെയ്തില്ല എന്നായിരുന്നു സീതാറാം യെച്ചൂരി പറഞ്ഞത്. എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രി പിറ്റേന്ന് പ്രധാനമന്ത്രി മുന്നോട്ട് വച്ച കാര്യങ്ങള്‍ അതേപടി നടപ്പിലാക്കുമെന്ന് പറഞ്ഞു. യെച്ചൂരിയെ പിന്താങ്ങിയ സഖാക്കള്‍ ഇനിയെന്ത് പറയുമോ ആവൊ. മറ്റൊന്ന് കേരളം പ്രഖ്യാപിച്ച പാക്കേജ് ശുദ്ധ തട്ടിപ്പാണെന്നതില്‍ സംശയമില്ല. കരാറുകാര്‍ക്ക് സര്‍ക്കാര്‍ കൊടുക്കാനുള്ള 14,000 കോടി രൂപയും തൊഴിലുറപ്പ് പദ്ധതിക്കായുള്ള തുകയുമൊക്കെയാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയത്. തൊഴിലുറപ്പ് പദ്ധതി വിഹിതത്തില്‍ 90% കേന്ദ്ര ഫണ്ടാണ്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ വിശകലനം ചെയ്യാന്‍ കര്‍മ്മ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അവര്‍ പ്രശ്നങ്ങള്‍ പഠിക്കുകയാണെന്നും മോദി പറഞ്ഞത് ഇവര്‍ക്ക് കേള്ക്കാനായിട്ടില്ലെന്ന് തോന്നുന്നു. ആര്‍ബിഐ ചില ഒരുക്കങ്ങള്‍ നടത്തി തുടങ്ങി.
പി. ചിദംബരം, ശശി തരൂര്‍ എന്നിവരാരും നരേന്ദ്ര മോദിയെ അനുകൂലിക്കുന്നവരല്ലല്ലോ. ശേഖര്‍ ഗുപ്ത എന്ന മാധ്യമ പ്രവര്ത്തകന് കുറേനാളായി മോദി വിരുദ്ധരുടെ നാവായാണ് ജീവിക്കുന്നത്. എന്നാല്‍ ഇവര്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യാന്‍ തയാറായി. യെച്ചൂരിയെയും രാഹുലിനെയും പോലെയല്ല. ‘കംപ്ലീറ്റ് ഷട്ട് ഡൗണ്‍’ വേണമെന്നാണ് അന്ന് ചിദംബരം ആവശ്യപ്പെട്ടത്. അതാവും മോദിയുടെ പ്രതികരണമെന്നാണ് ചിദംബരം വിശ്വസിച്ചത്. മോദിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ താന്‍ പ്രതീക്ഷിച്ചത് പോലെയല്ല മോദി പറഞ്ഞതെന്നും നാളെകളില്‍ അതിലേക്ക് വരേണ്ടിവരുമെന്നും ചിദംബരം പ്രതികരിച്ചു.
രാജ്യം അത്തരമൊരു അവസ്ഥയിലേക്ക് എത്താതെ നോക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ഏജന്‍സികളും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പരമാവധി പാലിക്കുക. അകലം സൂക്ഷിക്കുക, മനസിനെ കരുത്തുറ്റതാക്കുക. അതാണ് ഇന്നിന്റെ പോംവഴി. അതാണ് ഇന്നിന്റെ മാര്‍ഗം. അതുകൊണ്ടാണ് ‘ജനത കര്‍ഫ്യൂ’ എന്നത് തുടക്കമാണെന്ന് കരുതേണ്ടിവരുന്നത്. അതില്‍ ഒരു ശാസ്ത്രമുണ്ട്, അതില്‍ ഒരു മാനസിക തയാറെടുപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: