ആറുപതിറ്റാണ്ടുകാലമായി സംഘനിഷ്ഠ ജീവിതം നയിച്ചുവന്ന ആളായിരുന്നു ഈയിടെ അന്തരിച്ച കൂരോപ്പടയിലെ കേസരിച്ചേട്ടന്‍ എന്നറിയപ്പെട്ടിരുന്ന കെ.എന്‍. ഗോപാലന് നായര്‍. കേസരിയുമായി ബന്ധപ്പെട്ടയാള്‍ എന്ന നിലയില്‍ കേരളമെങ്ങും അറിയപ്പെട്ടിരുന്നതു തുടക്കം മുതല്‍ അരനൂറ്റാണ്ടിലേറെ അതിന്റെ മാനേജരായിരുന്ന എ. രാഘവനായിരുന്നു. തലശ്ശേരിക്കടുത്തു നെട്ടൂര്ക്കാരനായിരുന്ന അദ്ദേഹം എന്ന് സ്വയംസേവകനായി എന്നോ, എങ്ങനെ ആയിയെന്നോ ആരോട് അന്വേഷിച്ചാലും പിടികിട്ടുമായിരുന്നില്ല എന്നതായിരുന്നു സത്യം. കേസരിയായിരുന്നു മുഖ്യ കാര്യമെങ്കിലും സംഘത്തിനാവശ്യമായ ഏതുകാര്യം ചെയ്യാന്‍ അധികാരിമാര്‍ ആഗ്രഹിച്ചാലും അക്കാര്യം ക്ലിപ്ത സമയത്തില്‍ത്തന്നെ രാഘവേട്ടന് ചെയ്തിരിക്കും. ഭാരതത്തില്‍ അദ്ദേഹം എത്താത്ത സ്ഥലമുണ്ടായിരുന്നില്ല. അത്ര വിപുലവും ഹൃദയംഗമവുമായ സമ്പര്‍ക്കവലയം സൃഷ്ടിച്ച മറ്റൊരു വ്യക്തിയെ സംഘമണ്ഡലത്തില് കാണാന്‍ പ്രയാസമായിരുന്നു. കേസരി എന്ന പ്രസ്ഥാനത്തിന്റെ വേരുപടലം ഉറച്ച അടിസ്ഥാനം നേടിയതിന്റെ ശ്രേയസ്സ് ഒന്നാമതായി രാഘവേട്ടനുതന്നെ. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം കേസരി വാരിക ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരം അക്കാലത്തു മലയാളത്തിലെ ഏറ്റവും വലിയതായിരുന്നു.
കേസരിയുമായി ബന്ധപ്പെട്ടാണ് കൂരോപ്പടയിലെ പരേതനായ ഗോപാലന് നായരുടെ ‘കേസരി’ സ്ഥാനവും; ഞാന്‍ കോട്ടയം ജില്ലയില്‍ പ്രചാരകനായി എത്തിയത് 1965ലായിരുന്നെങ്കിലും, ആ ഭാഗത്തെ സ്വയംസേവകരുമായി പരിചയപ്പെടാന്‍ അതിനും ഒരു പതിറ്റാണ്ട് മുന്‍പുതന്നെ അവസരം ചോദിച്ചിരുന്നു. 1956-ല്‍ സംഘശിക്ഷാവര്‍ഗില്‍ പരിശീലനത്തിനായി ചെന്നൈയിലെ വിവേകാനന്ദ കോളജില്‍ പോയപ്പോള്‍ വാഴൂര്‍ ഭാഗത്തു പ്രചാരകനായിരുന്ന എം.എ.കൃഷ്ണന് സാര്‍ നാലുപേരെ കൊണ്ടുവന്നതായി ഓര്‍ക്കുന്നു. അക്കൂട്ടത്തില്‍ കൂരോപ്പടയില്‍നിന്നു ഒരാള്‍ ഉണ്ടായിരുന്നതു ഗോപാലന് നായരാണോ എന്ന് ഓര്‍ക്കുന്നില്ല. അന്നവിടെയുണ്ടായിരുന്നതു ശാഖയല്ല ഇന്ന് പ്രയത്ന ശാഖ എന്നുവിളിക്കപ്പെടുന്ന ഗ്രൂപ്പ് ആയിരുന്നു. അവിടന്നു വന്നയാളെ ഞങ്ങള്‍ തമാശയായി കൂരോപ്പട കുറുപ്പ് എന്നു വിളിച്ചുവന്നു. പരേതനായ അയ്യപ്പന് ചേട്ടന് ആയിരുന്നു ആ സ്വയം സേവകരുടെ പ്രമുഖ്.
പില്ക്കാലത്തെ ശിബിരങ്ങളിലും മറ്റുമാണ് ഗോപാലന് നായരുമായി പരിചയം ദൃഢമായത്. അദ്ദേഹമന്നു കേസരിയുടെ ഏജന്‍സിയെടുത്തു; മലയാള രാജ്യം, ദേശബന്ധു മുതലായ പത്രങ്ങളുടെയും ഏജന്‍സിയുണ്ടായിരുന്നു. മാതൃഭൂമി അവരെ ‘മലബാര്‍ പത്ര’മായി കരുതപ്പെട്ടിരുന്നു. കേരള കൗമുദിയും ഒരുവിധം പ്രചാരത്തിലുണ്ട്. ഇക്കാലത്തേതുപോലെ പത്രങ്ങള്‍ ഏജന്റുമാര്ക്കെത്തിച്ചു കൊടുക്കാനുള്ള ത്വരിത സംവിധാനമില്ലായിരുന്നു. രണ്ടും മൂന്നും കി.മീ. അകലെ ബസ് വരുന്ന സ്ഥലത്തു ചെന്നു നോക്കി നിന്ന് എടുക്കേണ്ടിയിരുന്നു. അതു പദയാത്രയായിത്തന്നെ വിതരണം. ഏജന്റുമാര്‍ പരസ്പര സഹകരണം ചെയ്ത് ഏതു പത്രവും എത്തിക്കുമായിരുന്നു.
കൂരോപ്പടയിലെ ശാഖയിലെ സ്വയംസേവകനായിരുന്നു. 1965-ല്‍ ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ഗോപാലന് നായര്‍ കാക്കി ട്രൗസര്‍ ഇട്ടാണ് വീട്ടിലും, ശാഖയ്ക്കു സമീപത്തും സഞ്ചാരം. സാധാരണയായി ഷര്‍ട്ട് ഇടാറില്ല. സ്വയംസേവകരെ വീട്ടില്‍ ചെന്നു വിളിച്ചുകൊണ്ടുവരുന്നതില്‍ ഉത്സാഹമായിരുന്നു നാഞ്ഞിലത്ത് എന്ന അദ്ദേഹത്തിന്റെ വീട്ടുപേര്. വലിയ നാഞ്ഞിലത്ത് എന്നു വേറെയും വീടുണ്ട്. കൂടുതല്‍ സൗകര്യമുള്ളതിനാല്‍ അവിടെയായിരുന്നു അധികാരിമാര്‍ വന്നാല്‍ ഏര്‍പ്പാട്. യാദവറാവു ജോഷിയുടെ ബൈഠക് ആ വീട്ടില്‍ നടത്തപ്പെട്ടിരുന്നു. ചുറ്റുപാടുമുള്ള വീടുകള്‍ പരസ്പരം ബന്ധപ്പെട്ടവരും അവിടെയെല്ലാം സ്വയംസേവകരുള്ളവയുമായിരുന്നു. കൂരോപ്പടയിലെ ഒരു സ്വയംസേവകന് വിദ്യാഭ്യാസം കഴിഞ്ഞു (സദാശിവന്) ഭാസ്കര്‍ റാവുജിയുടെ പരിചയവുമായി പൂനെയില്‍ ജോലി തേടിച്ചെന്നു. അവിടത്തെ പ്രാന്തകാര്യാലയത്തില്‍ താമസിച്ചു. ക്രമേണ അദ്ദേഹം അവിടെ ഏറെ ചുമതലകള്‍ വഹിച്ചിരുന്നു. വല്ലപ്പോഴും സംഘാധികാരിമാരുടെ നിര്‍ബന്ധം വരുമ്പോള്‍ നാട്ടിലെത്തുമായിരുന്നു. എന്റെ ഓര്‍മശക്തി പരാജയപ്പെടുത്തിയതിനാല്‍ അദ്ദേഹത്തിന്റെ പേരു തല്ക്കാലം കിട്ടുന്നില്ല. അദ്ദേഹത്തിന്റെ അനുജന് അപ്പുക്കുട്ടന് സജീവമായി നാട്ടിലുണ്ട്. അപ്പുക്കുട്ടനെക്കുറിച്ചുള്ള ഒരു രസികന്‍ സംഭവം ഓര്മ വരുന്നു. അദ്ദേഹം ദ്വിതീയ വര്‍ഷയ്ക്കു കോയമ്പത്തൂര്‍ പോയപ്പോള്‍, അവിടെ പാത്തയ്ക്കര വാസുദേവന്‍ മാസ്റ്ററും ദ്വിതീയ വര്ഷയ്ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വക ഏടത്തറയിലെ കളത്തിലായിരുന്നു പൂജനീയ ഗുരുജിയുടെ 1966-ലെ ആയുര്‍വേദ ചികിത്സ നടന്നത്. വാസുദേവന്‍ മാസ്റ്റര്‍ ശാരീരികില്‍ മോശമായിരുന്നു. എത്ര ശ്രമിച്ചിട്ടും ശരീരം വഴങ്ങിയില്ല. അപ്പുക്കുട്ടന് സഹജമായ മടികൊണ്ടും ശാരീരികില്‍ മോശമായി. പരീക്ഷ കഴിഞ്ഞപ്പോള്‍ മാസ്റ്ററോട് ശാരീരിക പരീക്ഷയെപ്പറ്റി അന്വേഷിച്ചപ്പോള്‍ ”ആ അപ്പുക്കുട്ടന് ഉള്ളതുകൊണ്ട് അങ്ങട് ലാസ്റ്റാവണില്യ” എന്ന സഹജമായ നര്‍മ വചനം പുറത്തുവന്നു.
കേസരി ഗോപാലന് നായരെപ്പറ്റിയാണല്ലൊ തുടക്കം പരമേശ്വര്‍ജി ജനസംഘത്തിന്റെ പ്രവര്‍ത്തനം തെക്കുഭാഗത്തേക്കു വ്യാപിപ്പിക്കാനായി, 1967-ലെ അഖിലേന്ത്യാ സമ്മേളനത്തിനു മുമ്പുതന്നെ ഉദ്യമിച്ചു. രാ. വേണുഗോപാല്‍ കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭമായി നിലമൊരുക്കല്‍ ആരംഭിച്ചു. കോട്ടയത്ത് അദ്ദേഹത്തിന് പഴയ സംഘബന്ധങ്ങള് ഉണ്ടായിരുന്നതിനാല്‍, അവിടെ ആരെയാണ് ചുമതലയേല്പ്പിക്കേണ്ടതെന്ന ചര്‍ച്ചകളും പരാമര്‍ശങ്ങളുമുണ്ടായി. വാഴൂര്‍, ആനിക്കാട്, കൂരോപ്പട ഭാഗത്ത് കേസരി ഗോപാലന് നായരുടെ പേരാണ് നിര്‍ദേശിക്കപ്പെട്ടത്. പി.എന്‍.എസ്., എസ്. ശിവരാമ പണിക്കര്‍, കോത്തല ശിവരാമന് ചേട്ടന് തുടങ്ങി ഏറെ മുതിര്‍ന്ന സ്വയംസേവകര്‍ ജനസംഘത്തില്‍ താല്പര്യം കാട്ടി വന്നിരുന്നു. ആ ഭാഗത്തുള്ള സ്വയംസേവകരുടെയും വീട്ടിലെ സ്ത്രീകളാണ് ഇക്കാര്യത്തില്‍ മുന്നില്‍ വന്നത്. കോഴിക്കോട്ടെ സമ്മേളനത്തിനുശേഷം, ദേവകിയമ്മ ടീച്ചറും ടി.പി. വിനോദിനിയമ്മയും മറ്റു പലരും മഹിളാ രംഗത്തു പ്രവര്‍ത്തനം ശക്തമാക്കി. പരമേശ്വര്‍ജിയുടെ ആഗ്രഹമനുസരിച്ച് അവര്‍ കോട്ടയത്തു സഞ്ചരിച്ചപ്പോള്‍ മറ്റെങ്ങും കാണാത്തവിധത്തില്‍ മഹിളാ മുന്നേറ്റം കാണപ്പെട്ടു. കേസരി ഗോപാലന് നായരുടെ പത്നി ശ്രീമതി സരസ്വതി, ലക്ഷ്മിക്കുട്ടി ചേച്ചി തുടങ്ങി എത്ര പേരാണ് മുന്നില്‍ വന്നതെന്ന് വിവരിക്കാനാവില്ല. ആ പാരമ്പര്യം സംഘപരിവാറുമായി ബന്ധപ്പെട്ട ഏതു പ്രവര്‍ത്തനത്തിലും അന്നു മുതല്‍ ഇന്നുവരെ ദൃശ്യമാണ്. 1974-ല്‍ കണ്ണൂരില്‍ നടന്ന ജനസംഘം സംസ്ഥാന സമ്മേളനത്തില്‍ മഹിളകളടക്കം ഒരു ബസ് നിറയെ പ്രതിനിധികളെ കേസരി ഗോപാലന് നായരുടെ നേതൃത്വത്തില്‍ എത്തിച്ചിരുന്നു.
ചില സംഘടനാ സ്വാര്‍ത്ഥങ്ങളും അതിനിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂരോപ്പടയില്‍ വലിയ ജനസംഘം സമ്മേളനവും പൊതുയോഗവും മറ്റും ഏര്‍പ്പെടുത്തിയിരുന്നു. മുഖ്യാതിഥിയായി എത്തിയത് ഓ. രാജേട്ടനായിരുന്നു. പ്രവര്‍ത്തക യോഗത്തിനും പൊതു സമ്മേളനത്തിനുമിടയിലേക്കുള്ള ഒന്നര മണിക്കൂര്‍ ഇടവേളയില്‍ അവിടത്തെ സ്വയംസേവകരെ അഭിസംബോധന ചെയ്യാന്‍ പ്രചാരകന് രാജേട്ടനെ ക്ഷണിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു.അന്നു കോട്ടയം ജില്ലയുടെ ജനസംഘ സംഘടനാ ചുമതല വഹിച്ചത് വൈക്കം പി. കെ.സുരേന്ദ്രന് എന്ന സ്വയംസേവകനായിരുന്നു. അദ്ദേഹത്തിന്റെ സമ്മതമില്ലാതെ രാജേട്ടനെ ക്ഷണിച്ചതില്‍ അല്പം ചൊരുക്കുണ്ടായി. ഗോപാലന് നായരും പ്രചാരകനും ഒക്കെ സംസാരിച്ചു പ്രശ്നം തീര്‍ക്കുകയും രാജേട്ടന് സാംഘിക്കില്‍ സംസാരിക്കുകയും ചെയ്തു.
ഇങ്ങനത്തെ അവസരങ്ങളില്‍ ഗോപാലന് നായര്‍ അങ്ങേയറ്റത്തെ പ്രത്യുല്പന്നമതിത്വം കാണിക്കുമായിരുന്നു. ജന്മഭൂമിയുടെ തുടക്കം മുതല്‍ അതിന്റെ ഏജന്‍സി നടത്തി വന്നു. അക്കാലത്ത് അതെത്ര പ്രയാസമുണ്ടാക്കുന്ന അനുഭവങ്ങളാണ് നല്‍കിയത് എന്ന് ഇന്ന് ആലോചിക്കുമ്പോള്‍ രസം തോന്നുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് മാതൃമലയിലെ മന്ദിരോദ്ഘാടന ചടങ്ങില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ ധര്മപത്നി സരസ്വതിയെയും മകന് മുരളിയെയും കണ്ടപ്പോള്‍ ഒട്ടേറെ പഴയ ഓര്‍മകള്‍ നിരന്നുവന്നു. അദ്ദേഹം മല കയറാന്‍ വിഷമമുള്ള സ്ഥിതിയിലാണെന്നറിഞ്ഞു. ളാക്കാട്ടൂരിലെ ശശിയെന്ന പഴയ സ്വയംസേവകന് ഇടയ്ക്കിടെ വിളിക്കുമ്പോള്‍ അവരെ സംബന്ധിച്ച കാര്യങ്ങള്‍ പറയാറുണ്ട്. 90നടുത്ത പ്രായത്തിലെ ജീവന്മുക്തിയെ അകാലികമെന്നു പറയാനാവില്ല. ആ വിദൂര ഗ്രാമത്തില്‍ ആറേഴു ദശകക്കാലം സംഘത്തിന്റെ ദീപം കത്തിച്ചു കെടാതെ സൂക്ഷിച്ചവരില്‍ ഒരാളാണ് വിടവാങ്ങിയത് എന്നു മറക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: