കോഴിക്കോട്: ലോകം മുഴുവന്‍ കൊറോണ വൈറസ് ഹേതുവായുള്ള സാംക്രമികരോഗത്താല്‍ ബാധിയ്ക്കപ്പെട്ടിരിക്കുന്നതിനാല് മതാചാരങ്ങള്‍ ചടങ്ങുകളാക്കി നിലനിര്‍ത്തുകയും ഭക്തജനക്കൂട്ടം ഉണ്ടാവാതിരിക്കുന്നതിന് ശ്രദ്ധിക്കുകയും വേണമെന്ന് കൊളത്തൂര്‍ അദ്വൈത ആശ്രമ മഠാധിപതി സ്വാമി ചിദാനന്ദ പുരി. നമ്മുടെ സര്‍ക്കാരുകള്‍ രോഗവ്യാപനത്തെ ചെറുക്കാന്‍ വിവിധ നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഈ സന്ദര്‍ഭത്തില്‍ പൗരധര്‍മം മുന്‍നിര്‍ത്തി പ്രസ്തുതയജ്ഞത്തില് സര്‍വാത്മനാ പങ്കെടുക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്.
എല്ലാ മതസമൂഹങ്ങളും ഈ കര്‍ത്തവ്യനിര്‍വഹണത്തിന്റെ ഭാഗമായി അവരവരുടെ മതാചാരങ്ങള്‍ ചടങ്ങുകളാക്കി നിലനിര്‍ത്തുകയും ജനക്കൂട്ടം ഉണ്ടാവാതിരിക്കുന്നതിന് ശ്രദ്ധിക്കുകയും വേണം. വിശേഷിച്ചും ഇത് ഉത്തരായണകാലമായതിനാല് എല്ലാ ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവങ്ങള്‍ നടക്കുന്ന സന്ദര്‍ഭമാണ്. നിശ്ചയമായും നിത്യനൈമിത്തികകര്മങ്ങള് കൃത്യമായി നടക്കുകതന്നെ വേണം. ഉത്സവാദി ക്രിയകള്‍ക്ക് മുടക്കംവരാതെ വൈദികതാന്ത്രികകര്‍മങ്ങളെ നിര്‍വഹിക്കുകയും അതേ സമയം ക്ഷേത്രപരിസരങ്ങളില്‍ ജനക്കൂട്ടം ഉണ്ടാകാത്ത വിധം ക്രമീകരിക്കുകയും വേണം. ഇപ്രകാരം രോഗവ്യാപനത്തിനിടയാകാത്ത വിധം ക്ഷേത്രച്ചടങ്ങുകളെ ക്രമീകരിക്കാന്‍ എല്ലാ പ്രവര്‍ത്തകരും ജാഗരൂകരായിരിക്കണമെന്നും സ്വാമി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: