പേരാമ്പ്ര (കോഴിക്കോട്): എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നാട്ടില്‍ മദ്യം വാങ്ങാനെത്തിയവര്‍ തമ്മില്‍ കയ്യാങ്കളി. പേരാമ്പ്ര ടൗണില്‍ മാര്‍ക്കറ്റിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്ട്ലെറ്റിലാണ് മദ്യം വാങ്ങാന്‍ എത്തിയവര്‍ തമ്മില്‍ കയ്യാങ്കളി നടന്നത്. ഇന്ന് വൈകീട്ടാണ് സംഭവം. തിരക്കിനെ തുടര്‍ന്ന് മദ്യം വാങ്ങാനെത്തിയവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. എഎസ്ഐ കെ. രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
ഇന്ന് രാവിലെ മുതല്‍ ഇവിടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ആളുകള്‍ കൂടുതലായി എത്തിയതോടെ ഇവിടുത്തെ സ്ഥിരം ഏജന്റുമാര്‍ക്ക് അനധികൃതമായി മദ്യം നല്‍കാനുള്ള അധികൃതരുടെ നീക്കമാണ് വാക്കേറ്റത്തിനും കയ്യാങ്കളിക്കും കാരണമായത്. കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള മുന്‍കരുതലുകള്‍ ബീവറേജസ് ഔട്ട്ലെറ്റില് സ്വീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇവിടെ അത്തരത്തില്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ മദ്യ വില്പന നടക്കുന്നത്. ഒരേ സമയം നൂറുകണക്കിന് ആളുകള്‍ ക്യൂവില്‍ ഉണ്ടായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബീവറേജസ് അധികാരികള്‍ തയ്യാറായില്ല. ഒരു മീറ്റര്‍ അകലം പാലിച്ച് മാത്രമേ ക്യൂ പാടുള്ളൂ എന്ന സര്‍ക്കാരിന്റെയും ആേരാഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശം തള്ളിയാണ് അധികൃതര്‍ മദ്യ വില്പന നടത്തി കൊണ്ടിരിക്കുന്നത്.
മദ്യവില്പനയുടെയും കയ്യാങ്കളിയുടെയും ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകനു നേരെ ബീവറേജസ് മാനേജര്‍ കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. ബീവറേജസ് ഔട്ട്ലെറ്റുകള് അടച്ചിടണമെന്ന് എല്ലാ മേഖലകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായിട്ടില്ല. ഇതിനിടയിലാണ് എക്സൈസ് വകുപ്പ് മന്ത്രിയുടെ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ നാട്ടില്‍ തന്നെ മദ്യം വാങ്ങാന്‍ എത്തിയവര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: