ചേര്‍ത്തല: നഗരസഭ പ്രദേശത്തെ ജിംനേഷ്യങ്ങളും ബ്യൂട്ടി പാര്‍ലറുകളും അടച്ചിടാന്‍ കര്‍ശന നിര്‍ദ്ദേശം. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നഗരസഭ അധികൃതരാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തി. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ എത്തുന്നവരെ കൈകള്‍ വൃത്തിയാത്തിയതിന ശേഷമേ അകത്ത് പ്രവേശിപ്പിക്കാവൂയെന്നും ട്രോളി, ബാസ്‌കറ്റ്, ക്യാഷ് കൗണ്ടര്‍ എന്നിവ നിശ്ചിത സമയങ്ങളില്‍ അണുനശീകരിക്കണമെന്നും ജീവനക്കാര്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്നും നിര്‍ദ്ദേശിച്ചു.
ഹോട്ടലുകളില്‍ എത്തുന്നവര്‍ക്ക് കൈ കഴുകുന്നതിന് സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് എന്നിവ നല്‍കണമെന്നും പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. രോഗവ്യാപനം തടയുന്നതിനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിവിധ ഓഫീസുകളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കും.
അത്യാവശ്യമുള്ള സന്ദര്‍ശകരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം മാത്രം കയറ്റി വിടും. പൊതുജനങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകള്‍, പരാതികള്‍, മറ്റ് ഫയലുകള്‍ എന്നിവയുടെ നിജസ്ഥിതി വകുപ്പ് മേധാവികളെ ഫോണില്‍ ബന്ധപ്പെട്ടാല്‍ അറിയിക്കുന്നതിനും സേവനം ലഭ്യമാക്കുന്നതിനും സൗകര്യമൊരുക്കി. ഗവ. താലൂക്ക് ആശുപത്രിയില്‍ കര്‍ശന സുരക്ഷ നടപടികള്‍ സ്വീകരിക്കും.
ആശുപത്രിയിലേക്കുള്ള പ്രവേശനം പ്രധാന കവാടത്തിലൂടെ മാത്രമാക്കി. പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനുമായി ആശുപത്രി ജീവനക്കാര്‍ക്കായി പ്രത്യേക വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കും. ഡോ.പി. വിജയകുമാറിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ വി.ടി ജോസഫ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: