ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലാകെ 4497 പേര്‍ നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുതുതായി 713 പേരെ നിരീക്ഷണത്തിലുള്‍പ്പെടുത്തി. മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലായി ആറുപേരുണ്ട്.
പരിശോധനയ്‌ക്കയച്ച 142 സാമ്പിളുകളില്‍ പരിശോധനാഫലം ലഭിച്ച 132 എണ്ണം നെഗറ്റീവ് ആണ്. 10 സാമ്പിള്‍ ഇന്നലെ പരിശോധനയ്‌ക്ക് അയച്ചു. വിവിധ സ്ഥലങ്ങളിലായി 265 ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ചെറുസംഘങ്ങള്‍ക്കായി 1136 ബോധവല്‍ക്കരണ ക്ലാസുകളും നല്‍കി.
കെറ്റിഡിസിയുടെ റിസോര്‍ട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞ് വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയ അമേരിക്കന്‍ സ്വദേശി റെബേക്ക ഡെയ്ലിന് പറയാനുള്ളത് നന്ദിവാക്കുകള്‍. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനും കെടിഡിസിക്കും നന്ദി പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് റെബേക്ക.
തന്റെ സുഹൃത്തുക്കളുടെ ഗ്രൂപ്പില്‍ പങ്കുവച്ച വീഡിയോയില്‍ ഐസൊലേഷന്‍ കാലത്ത് അവര്‍ക്ക് ലഭിച്ച സൗകര്യങ്ങള്‍ അടക്കമുള്ളവ വിശദീകരിക്കുന്നുണ്ട്. സാമ്പിള്‍ പരിശോധിച്ച് വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് റെബേക്ക പുറത്തിറങ്ങിയത്. വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള കെടിഡിസിയുടെ റിസോര്‍ട്ടുകള്‍, സ്വകാര്യ റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലാണ് വിദേശ വിനോദ സഞ്ചാരികളെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഒമ്പത് വിദേശികളെയാണ് കഴിഞ്ഞ ദിവസം വരെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇന്നത് നാലായി കുറഞ്ഞിട്ടുണ്ട്.
യുഎസ് സ്വദേശികളായ രണ്ടുപേര്‍ ഐസൊലേഷനില്‍ തുടരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്വകാര്യ റിസോര്‍ട്ടില്‍ താമസിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അതിനുള്ള അനുമതിയും നല്‍കിയിരുന്നു. ഐസൊലേഷനും സാമ്പിള്‍ പരിശോധനയ്‌ക്കും ശേഷം ഇവര്‍ക്ക് രോഗബാധയില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഉടന്‍ തിരികെ പോകേണ്ടന്നും കേരളത്തില്‍ തുടരാനുള്ള താല്‍പര്യവും അവര്‍ പ്രകടിപ്പിച്ചിരിക്കുയാണ്. ഇന്ത്യന്‍ വംശജനായ യു.എസ്. പൗരന്‍ അലന്‍ എന്നയാളുടെയും സാമ്പിള്‍ പരിശോധിച്ച് രോഗബാധിതനല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഇദ്ദേഹം ഗോവയിലേക്ക് പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ആവശ്യം ജില്ലാ ഭരണകൂടം പരിശോധിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: