തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ ഒപിയുടെ പ്രവര്‍ത്തനം ചുരുക്കുന്നു. രാവിലെ ഒമ്പതുമുതല്‍ 12 മണിവരെ മാത്രമായിരിക്കും തിങ്കളാഴ്ച മുതല്‍ ഒപി പ്രവര്‍ത്തിക്കുന്നത്. എട്ടുമണി മുതല്‍ പതിനൊന്നു വരെ ഒപി ടിക്കറ്റ് നല്‍കും.
ആശുപത്രിയില്‍ ആള്‍ക്കൂട്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അത്യാവശ്യ ചികിത്സ ആവശ്യമുള്ളവര്‍ മാത്രമേ ആശുപത്രിയില്‍ വരാന്‍ പാടുള്ളൂ. കൊറോണയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ഏതാനും പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളും കൂടെ വരുന്നവരും ആശുപത്രിയിലെ നിബന്ധനകള്‍ കൃത്യമായി പാലിക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.
അത്യാഹിതവിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്നവര്‍ അവിടെയുള്ള ഹെല്‍പ്പ് ഡെസ്കില്‍ അവരുടെ കഴിഞ്ഞ 14 ദിവസത്തെ സമ്പര്‍ക്കങ്ങളും ഇടപെടലുകളും നിര്‍ബന്ധമായും വിശദീകരിക്കേണ്ടതാണ്. വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്നവരും വിദേശത്തു നിന്നെത്തിയവരുമെല്ലാം അപകടത്തില്‍പെട്ട് ചികിത്സ തേടിയെത്താറുണ്ട്. അവര്‍ അപകടവിവരം മാത്രമാണ് ഡോക്ടറോട് പറയുന്നത്. നിരീക്ഷണത്തില്‍ കഴിയുന്ന വിവരം മറച്ചുവയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ അവസ്ഥ തുടര്‍ന്നാല്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാരും നേഴ്സും മറ്റു ജീവനക്കാരും നിരീക്ഷണത്തില്‍ കഴിയേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഇതൊഴിവാക്കാനാണ് ഹെല്‍പ്പ്ഡെസ്കില്‍ വിവരങ്ങള്‍ കൈമാറണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹെല്‍പ്പ് ഡെസ്കില്‍ രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേകം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട് പുതിയ ഐസിയു സംവിധാനങ്ങള്‍ നിലവില്‍ വന്നതുകൊണ്ട് പ്രീക്ലിനിക്കല്‍ വിഭാഗങ്ങളില്‍ നിന്നും മറ്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ നിന്നെല്ലാം കോവിഡ് ക്ലിനിക്കിലേയ്ക്ക് ഡോക്ടര്‍മാരെയും മറ്റ് ഹൗസ് സര്ജന്മാരെയും നിയോഗിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ വളരെ സുസജ്ജമായ സംവിധാനത്തോടെയും കരുതലോടെയുമാണ് ആശുപത്രിയിലെ ചികിത്സ നടന്നുവരുന്നത്. കൊറോണ ചികിത്സ കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതല്‍ നാലുകിടക്കകളുള്ള പുതിയ തീവ്രപരിചരണവിഭാഗം കൂടി സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം നിലവിലുള്ള സംവിധാനങ്ങള്‍ക്കുപുറമേ കൊറോണ ചികിത്സ നടക്കുന്ന കെ എച്ച് ആര് ഡബ്ളിയു എസ് പേവാര്‍ഡിന്റെ ആറാം നിലയിലെ മുഴുവന്‍ മുറികളും ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: